പണമിടപാടിൽ ശിവശങ്കറിന് പങ്കെന്ന്; ചാർട്ടേഡ് അക്കൗണ്ടൻറുമായി നടത്തിയ വാട്സാപ്പ് ചാറ്റ് പുറത്ത്
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് പണമിടപാടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലും തമ്മിൽ നടത്തിയ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്. പണമിടപാടിൽ ഇടപെട്ടില്ലെന്നായിരുന്നു നേരത്തെ ശിവശങ്കർ പറഞ്ഞിരുന്നത്.
ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വാട്ട്സാപ്പ് സന്ദേശങ്ങള്‍. തുക നിക്ഷേപിക്കാന്‍ ഒരാള്‍ വരുന്നുണ്ട് എന്നതടക്കമുള്ള വിവരങ്ങള്‍ വേണുഗോപാലിനോട് ശിവശങ്കര്‍ ചാറ്റില്‍ പറഞ്ഞതായാണ് വിവരം. നിക്ഷേപം ഏതെല്ലാം രീതിയിൽ കൈകാര്യം ചെയ്യണമെന്നും വേണുഗോപാലിൽ നിന്ന് ശിവശങ്കർ ചോദിച്ചറിയുന്നുണ്ട്
സ്വപ്‌ന സുരേഷ് അറസ്റ്റിലായ ശേഷമുള്ള ചാറ്റുകളിൽ ലോക്കര്‍ സംബന്ധിച്ച ആശങ്കകളാണ് പ്രധാനമായും പങ്കുവെക്കുന്നത്. മാധ്യമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണുഗോപാലിനോട് കേരളം വിട്ടു പോകാനും ശിവശങ്കര്‍ ഉപദേശിക്കുന്നതായാണ് സൂചന.
സ്വപ്നയെ മറയാക്കി ശിവശങ്കർ പണമിടപാട് നടത്തിയിരുന്നതായി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ എതിർത്തു കൊണ്ട് ഇ.ഡി ഹൈകോടതിയിൽ വ്യക്തമാക്കിയിരുന്നു.
സ്വപ്നയെ വേണുഗോപാലിന് പരിചയപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിനപ്പുറം ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ശിവശങ്കര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ നിക്ഷേപമടക്കമുള്ള കാര്യങ്ങള്‍ ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.
സ്വപ്‌ന സുരേഷും വേണുഗോപാലും സംയുക്തമായി ലോക്കര്‍ തുറന്നതായും അതിൽ നിന്ന് ലൈഫ് ഇടപാടുമായും സ്വര്‍ണക്കടത്തുമായും ബന്ധപ്പെട്ട പണം കണ്ടെത്തിയെന്നുമുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.