വിവാദങ്ങൾ ബാക്കിയാക്കി എം. ശിവശങ്കർ പടിയിറങ്ങി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തിരുന്ന് എല്ലാം നിയന്ത്രിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതിപ്പട്ടികയിൽ വരെ എത്തി വിവാദത്തിലായ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കര്‍ സര്‍വിസിൽനിന്നു വിരമിച്ചു. കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് പടിയിറക്കം.
ലൈഫ് മിഷന് കോഴ ഇടപാടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിന് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. സർവിസിൽനിന്നും വിരമിക്കുന്നതിനാൽ ചൊവ്വാഴ്ച ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം ഇ.ഡിയെ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകും. ദുരൂഹമായ ഒട്ടേറെ കാര്യങ്ങൾ ബാക്കിയാക്കിയാണ് ശിവശങ്കർ ഔദ്യോഗിക ജീവിതത്തിനു വിരാമമിടുന്നത്.
ഒന്നാം പിണറായി സര്‍ക്കാറിൽ കരുത്തനായിരുന്നു എം. ശിവശങ്കർ. സര്‍ക്കാറിന്റെ സ്വപ്നപദ്ധതികളുടെയെല്ലാം പിന്നിൽ അദ്ദേഹമായിരുന്നു. സ്പ്രിൻക്ലർ മുതൽ ബെവ്കോ ആപ് വരെ സര്‍ക്കാറിനെതിരെ പ്രതിഷേധമുയർന്ന സംഭവങ്ങളെല്ലാം പ്രധാനമായും വിരൽചൂണ്ടിയത് ശിവശങ്കറിലായിരുന്നു. എന്നാൽ, അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. പല സന്ദർഭങ്ങളും സൂപ്പർ മുഖ്യമന്ത്രിയുടെ റോളിൽ എത്തി ശിവശങ്കർ വിശദീകരണങ്ങളും നൽകി. എന്നാൽ, യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്രബാഗേജിന്റെ മറവിൽ സ്വർണം കടത്തിയത് കസ്റ്റംസ് പിടികൂടിയതോടെയാണ് ശിവശങ്കറിന്റെ ശനിദശ തുടങ്ങിയത്. പിന്നെ സ്ഥാനചലനവും സസ്പെൻഷനും അറസ്റ്റും ജയിൽവാസവുമെല്ലാമായി. ജയിൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ‘അശ്വത്ഥാമാവ് വെറും ആന’ എന്ന പുസ്തകം വിവാദമായിരുന്നു. ഇതിനിടയിൽ സ്വയം വിരമിക്കാൻ നടത്തിയ നീക്കം കേസുകൾ ഉള്ളതിനാൽ നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.