വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചിരിക്കുന്നു, കെ.പി.സി.സി പ്രസിഡന്‍റ് മാപ്പ് പറയണം -സ്വരാജ്
text_fieldsകൊച്ചി: തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്തയാളെ പിടിച്ചിരിക്കുന്നെന്നും കെ.പി.സി.സി പ്രസിഡന്‍റ് കേരളത്തോട് മാപ്പ് പറയണമെന്നും എം. സ്വരാജ് പ്രതികരിച്ചു.
ഇത്തരം ദൃശ്യങ്ങൾ ലഭിച്ചാൽ പ്രചരിപ്പിക്കാത്തത് ആരാ എന്ന് അദ്ദേഹം ചോദിച്ചു. തൊട്ടടുത്ത ദിവസം അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു, ഇത് അപ്‌ലോഡ് ചെയ്തവരെ കണ്ടുപിടിക്കണമെന്ന്. ഇപ്പോഴിതാ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചിരിക്കുന്നു. കോയമ്പത്തൂരിലെ ഒളിവുസങ്കേതത്തിൽനിന്ന് തൃക്കാക്കരയിലെ പൊലീസ് പിടിച്ചിരിക്കുന്നു നാണവും മാനവും ഉണ്ടെങ്കിൽ ജനാധിപത്യത്തോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പിൻവലിക്കണം -സ്വരാജ് ആവശ്യപ്പെട്ടു.
കെ.പി.സി.സി പ്രസിഡന്‍റ് കേരളത്തോട് മാപ്പ് പറയണം. തൃക്കാക്കരയിൽ മത്സരിക്കാനുള്ള അർഹത യു.ഡി.എഫിന് നഷ്ടപ്പെട്ടിരിക്കുന്നെന്നും സ്വരാജ് കുറ്റപ്പെടുത്തി.
ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്ത മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്. ലീഗ് അനുഭാവിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ, ഇയാൾ ലീഗ് പ്രവർത്തകനല്ലെന്ന് മുസ്‍ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. അറസ്റ്റിലായ അബ്ദുൽ ലത്തീഫിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പ്രാദേശിക ലീഗ് നേതൃത്വം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.