മോഹൻലാൽ അറിയുമോ വാലന്റൈൻ പാവ് ലോവിനെ?
text_fieldsകൊച്ചി: നോട്ട് അസാധുവാക്കിയ നടപടി അനുകൂലിച്ച് ബ്ലോഗെഴുതിയ നടൻ മോഹൻലാലിനെ വിമർശിച്ച് സി.പി.എം നേതാവ് എം സ്വരാജ് എം.എൽ.എ. 'മോഹൻലാൽ അറിയുമോ വാലന്റൈൻ പാവ് ലോവിനെ?' എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സ്വരാജ് സൂപ്പർതാരത്തെ വിമർശിച്ചത്. മോഹൻലാൽ എന്ന വ്യക്തിക്ക് എന്ത് നിലപാടും സ്വീകരിക്കാം. ഏത് പാർടിയിൽ വേണമെങ്കിലും അംഗത്വമെടുക്കാം. എന്നാൽ എല്ലാവരാലും ആദരിക്കപ്പെടുന്ന ലാലിനെ പോലെ ഒരാൾ ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ നല്ല സൂക്ഷ്മതയും ജാഗ്രതയും പാലിക്കേണ്ടതുണ്ട്. ബ്ലോഗെഴുതാനിരിക്കുമ്പോൾ വിഷയത്തെക്കുറിച്ച് പ്രാഥമികമായെങ്കിലും മനസിലാക്കാനും പഠിക്കാനും അദ്ദേഹം തയ്യാറാവേണ്ടതായിരുന്നു. വിഢിത്തം പറയാനും കോമാളിയാവാനും കാമറക്ക് മുന്നിൽ മാത്രമേ മോഹൻലാലിന് അവകാശമുള്ളൂ . സിനിമക്ക് പുറത്ത് ഇത്തരം കോമാളി വേഷങ്ങൾ ആരും ഇഷ്ടപ്പെട്ടുവെന്ന് വരില്ലെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നതിനെയോ കള്ളപ്പണം തടയാനുള്ള നടപടികളെയോ അല്ല ആരും എതിർക്കുന്നത്. യാതൊരു മുന്നൊരുക്കവുമില്ലാതെ നടത്തിയ പരിഷ്കാരത്തിലൂടെ ഇന്ത്യയിലെ സാധാരണക്കാരെ സാമ്പത്തിക ബന്ദികളാക്കിയ ഭ്രാന്തൻ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സ്വിസ് ബാങ്കിലും മൗറീഷ്യസിലുമൊക്കെ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു പിടിക്കുമെന്ന് വീമ്പിളക്കിയവർ ചെറുവിരലനക്കാതെ ജനതയുടെ കണ്ണിൽ പൊടിയിടാൻ ചെപ്പടിവിദ്യകാണിക്കുന്നതിനെയാണ് എതിർക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ എൽ നെ തകർക്കാൻ ശ്രമിക്കുന്ന കുത്തകയുടെ സ്വകാര്യ നെറ്റ് വർക്കിന്റെ പരസ്യത്തിൽ ബ്രാൻഡ് അംബാസിഡറായി പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രിയുടെ രാജ്യദ്രോഹ നടപടിയെയാണ് വിമർശിക്കുന്നത്. ഇതിനൊന്നും സല്യൂട്ടടിക്കാൻ ചിന്താശേഷിയുള്ള മനുഷ്യർക്കാവില്ല -സ്വരാജ് കൂട്ടിച്ചേർത്തു.
സോവിയറ്റ് യൂണിയനിലെ അവസാനത്തെ പ്രധാനമന്ത്രിയായിരുന്നു വാലന്റൈൻ പാവ്ലോവ്. അദ്ദേഹം യു എസ് എസ് ആറിൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് ഇപ്പോൾ ശ്രീ.നരേന്ദ്ര മോദി ഇന്ത്യയിൽ നടപ്പാക്കിയിരിക്കുന്നത്. രണ്ടു പരിഷ്കാരങ്ങളുടെയും സമാനതകൾ അദ്ഭുതകരമാണ്.
1991 ജനുവരി 22ന് താൻ പ്രധാനമന്ത്രിയായതിന്റെ ഒമ്പതാം നാളിലാണ് പാവ് ലോവ് തന്റെ മണ്ടൻ പരിഷ്കാരം റഷ്യയ്ക്ക് മേൽ അടിച്ചേൽപിച്ചത്. ലോക ഭൂപടത്തിലെ മഹാരാഷ്ട്രം കൊടും തണുപ്പിൽ മൂടിപ്പുതച്ച് ഉറങ്ങാൻ തുടങ്ങുമ്പോഴാണ് രാത്രി കൃത്യം ഒമ്പത് മണിക്ക് സെൻട്രൽ ടെലിവിഷനിൽ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. ഗോർബച്ചേവാണ് പാവ് ലോവിന്റെ പരിഷ്കാരം പ്രഖ്യാപിച്ചത്. 30 വർഷമായി പ്രചാരത്തിലുണ്ടായിരുന്ന റഷ്യയിലെ ഏറ്റവും വലിയ കറൻസികൾ 100 ഉം 50 ഉം റൂബിൾ നോട്ടുകൾ പിൻവലിക്കുന്നതായിരുന്നു പരിഷ്കാരം. പറഞ്ഞ കാരണങ്ങൾ കള്ളപ്പണം, കള്ളനോട്ട് , കള്ളക്കടത്ത് എന്നായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.