സി.പി.എമ്മിന്‍റെ ലീഗ് വിരോധം വിടുവായത്തമല്ല; ഹിന്ദു വോട്ടുബാങ്ക് നിലനിർത്താനുള്ള അറ്റകൈ പ്രയോഗം -എം.ടി.രമേശ്
text_fieldsസി.പി.എമ്മിന്‍റെ ലീഗ് വിരോധം കേവലം വിടുവായത്തമല്ലെന്നും ഹിന്ദു വോട്ടുബാങ്ക് നിലനിർത്താനുള്ള അറ്റകൈ പ്രയോഗമാണെന്നും ബി.ജെ.പി നേതാവ് എം.ടി.രമേശ്. മുസ്ലിം വിരുദ്ധത പറഞ്ഞ് മലബാറിലെ ഹിന്ദുവോട്ടുകൾ പെട്ടിയിലാക്കുകയാണ് സി.പി.എമ്മിന്‍റെ പഴയ രീതിയെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
ശരീഅത്തിനെതിരെ പ്രസ്താവന നടത്തിയ ഇ.എം.എസ്സിനെതിരെ മുസ്ലിംകൾ സംഘടിച്ചപ്പോൾ മലബാറിലെ ഈഴവ-പിന്നാക്ക വിഭാഗങ്ങൾ നമ്പൂതിരിപ്പാടിനൊപ്പം നിന്നു. അങ്ങിനെയാണ് അദ്ദേഹം കേരളത്തിന്‍റെ മുഖ്യമന്ത്രിയായത്. ഹിന്ദു വോട്ടുകൾ സ്ഥിരം നിക്ഷേപമാണെന്ന് തെറ്റിദ്ധരിച്ച സി.പി.എം ന്യൂനപക്ഷ വോട്ടുകൾക്കായി എസ്.ഡി.പി.ഐ ഉൾപ്പെടെ വർഗീയ ഭീകരവാദ സംഘടനകളുമായി കൂട്ടുകൂടിയത് കേരളം കണ്ടതാണെന്നും എം.ടി.രമേശ് കുറിച്ചു.
സി.പി.എമ്മിന് ശബരിമല പ്രശ്നത്തോടെ അടിതെറ്റി. അടിസ്ഥാന ഹിന്ദുവോട്ടുബാങ്കിൽ വൻചോർച്ചയുണ്ടായി. നഷ്ടപ്പെട്ട വോട്ടു ബാങ്ക് തിരിച്ചുപിടിയ്ക്കാൻ പിണറായി വിജയൻ ഇ.എം.എസ്സിന്‍റെ വഴിക്ക് നീങ്ങുകയാണ്. ലീഗിനെ ആക്രമിച്ച് ഹിന്ദു വോട്ടുകൾ സമാഹരിക്കുകയാണ് ലക്ഷ്യം. നാല് മുസ്ലിങ്ങളെ ചീത്തവിളിച്ചാൽ ഹിന്ദു വോട്ടുകൾ തിരികെ കിട്ടുമെന്ന അപരിഷ്കൃത രഷ്ട്രീയ തന്ത്രം സി.പി.എം ഉപേക്ഷിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. കുറിപ്പിന്‍റെ പൂർണരൂപം താഴെ.
സി.പി.എമ്മിന്‍റെ ലീഗ് വിരോധം കേവലം വിജയരാഘവന്‍റെ വിടുവായത്തമല്ല. മലബാറിലെ ഹിന്ദു വോട്ടുബാങ്ക് നിലനിർത്താനുള്ളം അറ്റകൈ പ്രയോഗമാണിത്. മുസ്ലിം വിരുദ്ധത പറഞ്ഞ് മലബാറിലെ ഹിന്ദുവോട്ടുകൾ പെട്ടിയിലാക്കുകയാണ് സി.പി.എമ്മിൻ്റെ പഴയ രീതി. ശരീയത്തിനെതിരെ പ്രസ്താവന നടത്തിയ കമ്മ്യൂണിസ്റ്റുകാരുടെ താത്വികാചാര്യൻ ഇഎംഎസ്സിനെതിരെ മുസ്ലിങ്ങൾ സംഘടിച്ചപ്പോൾ മലബാറിലെ ഈഴവ- പിന്നാക്ക വിഭാഗങ്ങൾ നമ്പൂതിരിപ്പാടിനൊപ്പം നിന്നു, അദ്ദേഹം കേരളത്തിൻ്റെ മുഖ്യമന്ത്രിയായി.ഈ പതിവ് ഇടക്കാലത്ത് ഉപേക്ഷിച്ച് ലീഗിനെ കൂടെക്കൂട്ടി ഇ.എം.എസ്സ് തന്നെ സപ്തകക്ഷി മുന്നണിയുണ്ടാക്കി, പിന്നീട് മഅദനിയുടെ പിഡിപിയെയും മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെയും കൂടെക്കൂട്ടി. ഹിന്ദു വോട്ടുകൾ സ്ഥിരം നിക്ഷേപമാണെന്ന് തെറ്റിദ്ധരിച്ച സി.പി.എം ന്യൂനപക്ഷ വോട്ടുകൾക്കായി എസ്.ഡി.പി.ഐ ഉൾപ്പെടെ വർഗീയ ഭീകരവാദ സംഘടനകളുമായി കൂട്ടുകൂടിയത് കേരളം കണ്ടതാണ്, പിന്നെ ഇപ്പോൾ വീണ്ടും ലീഗം വിരോധം വിളമ്പാൻ എന്താ കാരണം. ?
ഈഴവർ മുതൽ ഉള്ള പിന്നാക്ക ഹിന്ദുക്കളെ ജോലിയുടെയും കൂലിയുടെയും കണക്ക് പറഞ്ഞ് കൂടെ നിർത്തി വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചിരുന്ന സി.പി.എമ്മിന് ശബരിമല പ്രശ്നത്തോടെ അടിതെറ്റി, അടിസ്ഥാന ഹിന്ദുവോട്ടുബാങ്കിൽ വൻചോർച്ചയുണ്ടായി, നഷ്ടപ്പെട്ട വോട്ടു ബാങ്ക് തിരിച്ചുപിടിയ്ക്കാൻ സഖാവ് പിണറായി വിജയൻ ഇ.എം.എസ്സിൻ്റെ വഴിക്ക് നീങ്ങുകയാണ്, ലീഗിനെ ആക്രമിച്ച് ഹിന്ദു വോട്ടുകൾ സമാഹരിക്കുകയാണ് ലക്ഷ്യം, നാല് മുസ്ലിങ്ങളെ ചീത്തവിളിച്ചാൽ ഹിന്ദു വോട്ടുകൾ തിരികെ കിട്ടുമെന്ന അപരിഷ്കൃത രഷ്ട്രീയ തന്ത്രം സി.പി.എം ഉപേക്ഷിക്കണം.
ഇതു കൊണ്ടൊന്നും ശബരിമല പ്രക്ഷോഭകാലത്ത് വിശ്വാസികളെ തെരുവിൽ തല്ലി ചതച്ചതിൻ്റെയും അയ്യപ്പസ്വാമിയുടെ ആചാരങ്ങളെ അധിക്ഷേപിച്ചതിൻ്റെയും കണക്ക് ജനങ്ങൾ മറക്കില്ല, രാജ്യത്തിൻ്റെ വിഭജനത്തിൻ്റെ ഉത്തരവാദിത്വമുള്ള വർഗ്ഗീയ പാർട്ടിയാണ് ലീഗെന്ന ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടാണോ സി.പി.എമ്മിനെന്ന് വ്യക്തമാക്കണം, ലീഗിന് തീവ്രത പോരെന്ന് ആക്ഷേപമുന്നയിച്ച് കൊടിയ വർഗീയത മുഖമുദ്രയാക്കി ഉണ്ടാക്കിയ ഐ.എൻ.എലിനെ കൂടെ കിടത്തിയാണ് വിജയരാഘവൻ്റെ ചാരിത്ര്യ പ്രസംഗം.മഅദനിയെ കൂടെ കൂട്ടിയും വെൽഫെയർ പാർട്ടിയെ ഒപ്പം നിർത്തിയും മുസ്ലിം വോട്ടുകൾ സമാഹരിക്കാനുള്ള സി.പി.എം ശ്രമങ്ങൾ പാളിയ ചരിത്രം മുൻനിർത്തിയാണ് മറ്റൊരു വോട്ടുബാങ്ക് അജണ്ടയുമായി പിണറായി വിജയൻ തുടർ ഭരണം സ്വപ്നം കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.