അൻവറിന്റെ നാടകം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു; പുതിയ പാർട്ടി പ്രഖ്യാപനത്തിലൊതുങ്ങി -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: പി.വി. അൻവറിന്റെ പുതിയ പാർട്ടി പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്ന് പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പി.വി. അൻവറിനെ നായകനാക്കി വലിയ നാടകമാണ് നടന്നത്. എസ്.ഡി.പി.ഐ, ലീഗ് ജമാഅത്തെ ഇസ്‍ലാമി തുടങ്ങിയവരെ അഭിസംബോധന ചെയ്യേണ്ട അവസ്ഥയിലാണ് അൻവർ. എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എ.ഡി.ജി.പിയുടെ സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിച്ചിട്ടില്ല. ആർ.എസ്.എസുമായുള്ള കൂടിക്കാഴ്ചയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രി വയനാട് സന്ദർശനം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നിട്ടും കേന്ദ്രം ഒരു സഹായവും കേരളത്തിന് നൽകിയിട്ടില്ല. ഗവർണറെ ഉപയോഗിച്ച് കേരളത്തെ തകർക്കാനാണ് ശ്രമം നടക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ഒരു തരം ഗർജനമാണ് ഇപ്പോൾ നടക്കുന്നത്. ഗവർണർ ഇപ്പോ വെറും കെയർ ടേക്കർ ഗവർണറാണ്. ഇത്തരം നടപടികൾ ആ സ്ഥാനത്ത് ഇരുന്ന് ചെയ്യുന്നത് ശരിയല്ല. ഭയപ്പെടുത്തുകയൊന്നും വേണ്ട. ഇതിനേക്കാൾ വലിയ ഭയപ്പെടുത്തൽ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സർവകലാശാലകളിൽ തകർക്കാനുള്ള ഗവർണറുടെ നീക്കത്തിന് തിരിച്ചടിയാണ് എസ്.എഫ്.ഐയുടെ സർവകലാശാല ചരിത്ര വിജയം. സ്വർണക്കടത്ത് തടയേണ്ടത് കേരളമാണെന്നാണ് ഗവർണറുടെ വിചാരം. എം.കെ. മുനീറിന്റെ സ്വർണക്കടത്ത് ബന്ധം പുറത്തുവന്നിട്ടും അത് നൽകാൻ മാധ്യമങ്ങൾ തയ്യാറായില്ല. അമാന അംബ്രെസ്ലെ പങ്കാളികൾ സ്വർണക്കടത്ത് സംഘത്തിലെ പ്രതികളാണ്. എം.കെ. മുനീർ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി.
കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടന്റെ നിയമസഭയിലെ പ്രസംഗത്തെയും എം.വി. ഗോവിന്ദൻ വിമർശിച്ചു. മാത്യു കുഴൽനാടൻ പുഷ്പനെ അപമാനിച്ചു. അത് വഴി ചരിത്രത്തെ അപമാനിക്കുന്ന കോമാളിയായി അദ്ദേഹം മാറി. കുഴൽ നാടൻ ചരിത്രം പഠിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.