സി.പിഎമ്മിനെതിരെ ആസൂത്രിത നീക്കം, ഫേസ്ബുക്കിൽ പോസ്റ്റിടുന്നത് പെയ്ഡ് ഏജൻസികൾ- എം. വി. ജയരാജൻ
text_fieldsകണ്ണൂർ: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലെ വിവാദങ്ങൾക്ക് വിശദീകരണവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കഴിഞ്ഞ ദിവസം എം.വി ജയരാജൻ പാർട്ടി ഗ്രൂപ്പിലിട്ട ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ തന്‍റെ സന്ദേശത്തിന്‍റെ ചില ഭാഗങ്ങൾ മാത്രം എടുത്ത് വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നും പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ നടക്കുന്ന ആസൂത്രിത നീക്കം ചെറുക്കാനാണ് താൻ നിർദ്ദേശം നൽകിയതെന്നും ജയരാജൻ വിശദീകരിച്ചു. താനയച്ച വാട്‌സാപ്പ് സന്ദേശത്തിന്‍റെ പൂര്‍ണ രൂപം അദ്ദേഹം മാധ്യമങ്ങളെ കേള്‍പ്പിക്കുകയും ചെയ്തു.
പാർട്ടിക്കെതിരെ ഫേസ്ബുക്കിൽ പെയ്‍ഡ് ഏജൻസികളുടെ പ്രവർത്തനം നടക്കുന്നുണ്ട്. പി.എ.സ്‍സി വിവാദത്തിൽ കമൻറിടുന്ന പലരും റാങ്ക് ലിസ്റ്റിൽ ഇല്ലാത്തവരാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി സര്‍ക്കാരിനെതിരെ നടത്തുന്ന പ്രചാര വേലകള്‍ തുറന്നുകാട്ടണം. സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കണമെന്നുമാണ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം. വാട്‌സാപ്പിൽ താൻ നൽകിയ സന്ദേശത്തിന്‍റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കമന്‍റിടുന്നവരെക്കുറിച്ച് തങ്ങള്‍ ഒരു അന്വേഷണം നടത്തിയെന്നും റാങ്ക് ലിസ്റ്റുകളില്‍ പേരുള്ളവരല്ല ഇങ്ങനെ കമന്റുകളിടുന്നവരെന്നും കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. നവമാധ്യമങ്ങളിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തികൊണ്ടു മാത്രമേ ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നും ജയരാജന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.