എം. വിജിൻ എം.എൽ.എയുടെ പരാതി; എസ്.ഐക്കെതിരെ നടപടിക്ക് സാധ്യത
text_fieldsകണ്ണൂർ: എം. വിജിൻ എം.എൽ.എയും കണ്ണൂർ ടൗൺ എസ്.ഐയും തമ്മിലുണ്ടായ വാക്കേറ്റത്തിൽ എസ്.ഐക്കെതിരെ നടപടിക്ക് സാധ്യത. എസ്.ഐ ഷമീലിന് തെറ്റുപറ്റിയെന്ന് കാണിച്ചാണ് സിറ്റി പൊലീസ് കമീഷണർക്ക് എ.സി.പി അന്വേഷണ റിപ്പോർട്ട് നൽകിയത്. പ്രോട്ടോക്കോൾ പാലിക്കാതെയാണ് എസ്.ഐ പെരുമാറിയതെന്നും, സാഹചര്യം വഷളാക്കിയത് എസ്.ഐയുടെ ഇടപെടലാണെന്നും റിപ്പോർട്ടിൽ പറയുന്നു. നഴ്സുമാരുടെ സമരം കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് കയറാനിടയായത് പൊലീസിന്‍റെ വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ജനുവരി നാലിന് വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരള ഗവൺമെൻറ് നഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ) കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു. ഗേറ്റിൽ പൊലീസ് തടയാതിരുന്നതോടെ മാർച്ച് കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് കടന്നു. തുടർന്നാണ് എസ്.ഐയും മാർച്ച് ഉദ്ഘാടകനായ എം. വിജിൻ എം.എൽ.എയും തമ്മിൽ വാക്കുതർക്കമുണ്ടായത്.
കലക്ടറേറ്റിനകത്ത് കടന്ന മുഴുവൻ ആളുകൾക്കെതിരേയും കേസെടുക്കണമെന്നും പങ്കെടുത്ത എല്ലാവരുടേയും പേരുകൾ എഴുതിയെടുക്കണമെന്നും എസ്.ഐ പറഞ്ഞു. തുടർന്ന് എം.എൽ.എയോട് നിങ്ങളുടെ പേരെന്താണ് എന്ന് ചോദിച്ചത് വിജിനെ പ്രകോപിപ്പിച്ചു. ഇതോടെ രൂക്ഷമായ വാക്കുതർക്കമുണ്ടായി. മാർച്ച് ഗേറ്റിൽ തടയാത്തത് എസ്.ഐയുടെ വീഴ്ചയാണെന്ന് എം.എൽ.എ പറഞ്ഞു.
എസ്.ഐ അപമര്യാദയായി പെരുമാറി എന്ന് കാണിച്ച് എം. വിജിൻ എം.എൽ.എയുടെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് എ.സി.പി നടത്തിയ അന്വേഷണത്തിലാണ് എസ്.ഐക്കെതിരെ നടപടി ശിപാർശ ചെയ്തുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.