ഹമാസ് തീവ്രവാദ സംഘടനയെങ്കിൽ ഇസ്രായേൽ തീവ്രവാദ രാഷ്ട്രം -എം.എ. ബേബി
text_fieldsന്യൂഡൽഹി: ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രയടിച്ചാൽ ഇസ്രായേലും ഒരു തീവ്രവാദ രാഷ്ട്രമാണ് എന്ന് അംഗീകരിക്കേണ്ടി വരുമെന്ന് സി.പി.എം നേതാവ് എം.എ. ബേബി. ഇപ്പോൾ നരേന്ദ്ര മോദി എടുത്ത നിലപാട് അത്യന്തം ദൗർഭാഗ്യകരമാണ്. മഹാത്മാഗാന്ധിയും നെഹ്റുവും സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളുമെല്ലാം ഫലസ്തീനെയാണ് അംഗീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.എ. ബേബി.
ദൗർഭാഗ്യകരമായ രക്തച്ചൊരിച്ചിലാണ് ഫലസ്തീനിൽ നടക്കുന്നത്. ഹമാസ് ഇസ്രായേൽ ഭരണാധികാരികളെ ഞെട്ടിച്ച് ഒരു പ്രത്യാക്രമണമാണ് നടത്തിയത്. എന്‍റെ അഭിപ്രായത്തിൽ ഹമാസ് നടത്തിയത് പ്രത്യാക്രമണമാണ്. ഇപ്പോഴത്തെ രക്തച്ചൊരിച്ചിലിന് മുമ്പ് 40 കുഞ്ഞുങ്ങളടക്കം 248 ഫലസ്തീനികൾ ഇസ്രായേലിന്‍റെ ആക്രമണത്തിൽ ഈ വർഷം കൊലചെയ്യപ്പെട്ടിട്ടുണ്ട്. അതിനോടുള്ള പ്രതികരണമാണ് തീവ്രവാദ സംഘടനയായ ഹമാസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഹമാസിന്‍റെ പല തീവ്രവാദ നിലപാടുകളോടും വിയോജിപ്പുള്ള പാർട്ടിയാണ് സി.പി.എം. പക്ഷേ ഹമാസിനെ ഇത്തരത്തിലുള്ള ഒരു പ്രത്യാക്രമണത്തിന് നിർബന്ധിക്കുകയായിരുന്നു സയണിസ്റ്റ് നടപടികൾ. ശരാശരി ഒരു ദിവസം ഒരു ഫലസ്തീനിയെ സയണിസ്റ്റുകൾ കൊന്നുകൊണ്ടിരിക്കുകയാണ് -എം.എ. ബേബി പറഞ്ഞു.
ലോകത്തിലെ ഏറ്റവും സമർത്ഥമായ പ്രതിരോധ ചാരസംഘടന എന്നെല്ലാം പുകഴ്ത്തപ്പെട്ട മൊസാദിന്‍റെ വലിയ പരാജയമാണിത്. ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന്‍റെ രക്തച്ചൊരിച്ചിൽ അംഗീകരിക്കാൻ കഴിയുന്നതല്ല. പക്ഷേ, മാധ്യമങ്ങൾ വിശേഷിച്ചും അച്ചടി മാധ്യമങ്ങൾ കാണാതെ പോകുന്ന ഒരു കാര്യം ഹമാസ് തീവ്രവാദ സംഘടനയാണ് എന്ന് പറയുമ്പോൾ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ ഇസ്രായേൽ ഭരിക്കുന്നത് ഒരു തീവ്രവാദ ഭരണകൂടമാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.