കെ.സുധാകരൻ ആർ.എസ്.എസുമായി രഹസ്യധാരണകൾ ഉണ്ടാക്കുന്ന നേതാവ് -എം.എ ബേബി
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റായി കെ.സുധാകരൻ നിയമിതനായതിന് പിന്നാലെ വിമർശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ആർ.എസ്.എസുമായി നിരന്തരം രഹസ്യധാരണകൾ ഉണ്ടാക്കുന്ന നേതാവാണ് സുധാകരൻ സുധാകരൻ അറിയപ്പെടുന്നതെന്ന് ബേബി ആരോപിച്ചു. സുധാകരൻ നേതൃത്വത്തിൽ വരുന്നത് കോൺഗ്രസിന്‍റെ തകർച്ചയ്ക്ക് ആക്കം കൂട്ടുമെങ്കിലും അത് ആർ.എസ്.എസ് സംഘടനകളുടെ വളർച്ചയ്ക്ക് കാരണമാകുമോ എന്ന ആശങ്ക ജനാധിപത്യവാദികൾക്കുണ്ടെന്നും ബേബി ഫേസ്ബുക്കിൽ പറഞ്ഞു.
''കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റ് ആയി രാഹുൽ ഗാന്ധി നിയമിച്ചിരിക്കുകയാണ്. കേരളത്തിലെ കോൺഗ്രസുകാർക്ക് ഒരു പങ്കുമില്ലാതെയാണ് അവർക്ക് ഒരു പ്രസിഡന്‍റിനെ ലഭിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ഇങ്ങനെയാണോ തീരുമാനിക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങൾ ഞാൻ ചോദിക്കുന്നില്ല. അത് അവരുടെ ആഭ്യന്തരകാര്യം. കോൺഗ്രസും ജനാധിപത്യവുമായി ബന്ധമില്ലാതായിട്ട് പതിറ്റാണ്ടുകളായി''.
''പക്ഷേ ആർ.എസ്.എസുമായി നിരന്തരം രഹസ്യധാരണകൾ ഉണ്ടാക്കുന്ന നേതാവായാണ് സുധാകരൻ അറിയപ്പെടുന്നത്. അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതൊക്കെ ശരിയായാലും അല്ലെങ്കിലും ആർ.എസ്.എസിനോടും അതിന്റെ രാഷ്ട്രീയത്തോടും ഒത്തുതീർപ്പ് നടത്തുന്ന കോൺഗ്രസ് നേതാവാണ് സുധാകരൻ. രാഷ്ട്രീയത്തിന്‍റെ പേരിൽ അക്രമം നടത്തുന്നതിൽ സുധാകരൻ കേരളത്തിലെ ആർ.എസ്.എസിനെ അനുകരിക്കുക മാത്രമല്ല അവരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. സുധാകരൻ നേതൃത്വത്തിൽ വരുന്നത് കോൺഗ്രസിന്‍റെ തകർച്ചക്ക് ആക്കം കൂട്ടുമെങ്കിലും അത് ആർ.എസ്.എസ് സംഘടനകളുടെ വളർച്ചക്ക് കാരണമാകുമോ എന്ന ആശങ്ക ജനാധിപത്യവാദികൾക്കുണ്ട്''.
''ആർ.എസ്.എസിനോടും വർഗീയതയോടും ഒത്തുതീർപ്പുണ്ടാക്കുന്ന ഒരു നേതാവിനെ കേരളത്തിലെ പ്രസിഡന്‍റ് ആക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഇന്ന് കോൺഗ്രസ് നൽകുന്നത്? ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ആർ.എസ്.എസിനെ ശക്തമായി എതിർക്കുന്ന വർഗീയതയോട് ഒട്ടും സന്ധിചെയ്യാത്ത ഒരു നേതാവിനെ കണ്ടെത്താൻ കോൺഗ്രസിന് കഴിയാതെ പോയത് ദൗർഭാഗ്യകരമായി'' -ബേബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.