ഇ.എം.എസിന്റെ തുടർച്ചക്കാരനായി എം.എ. ബേബി; ജനറൽ സെക്രട്ടറിയാകുന്ന രണ്ടാമത്തെ മലയാളി
text_fieldsമധുര: സി.പി.എമ്മിന്റെ സാംസ്കാരിക മുഖമായ എം.എ ബേബി ഇനി ജനറൽ സെക്രട്ടറി. എം.എ. ബേബിക്കായുള്ള ശുപാര്‍ശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം പുതി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും. ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് എം.എ ബേബി. പാലക്കാട് വേരുകളുള്ള പ്രകാശ് കാരാട്ടും സി.പി.എം ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചിട്ടുണ്ട്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള എം.എ ബേബിയുടെ പേരിനെ എതിര്‍ത്തിരുന്ന ബംഗാള്‍ ഘടകം ഒടുവിൽ, പിന്മാറുകയായിരുന്നു. ഏറെക്കാലമായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് എം.എ. ബേബി. പാര്‍ലമെന്ററി പരിചയവും സംഘടനാ തലത്തിലെ മികവും ബേബിക്ക് അനുകൂലമാവുകയായിരുന്നു. തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന അഭിപ്രായത്തിൽ ഉറച്ച് നിന്നിരുന്നു.
1995 ഫെബ്രുവരിയിൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ ഇ എം എസ് പതാക ഉയർത്തുന്നു. ഇ ബാലാനന്ദൻ, എം എ ബേബി, പി.കെ. ഗുരുദാസൻ എന്നിവർ സമീപം (ഫയൽ ചിത്രം)
കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയത്തിന്റെ ബാലപാഠം ബേബി നുകർന്നത്. 2016 മുതല്‍ സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012-ലാണ് പിബിയിലെത്തുന്നത്.
1974ൽ എസ്.എഫ്.ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായതോടെ തന്നെ ബേബി ദേശീയ തലത്തിൽ അറിയപ്പെട്ട് തുടങ്ങിയിരുന്നു. 1979ൽ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി, 1983ലാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായത്. 1989ൽ സി.പി.എം കേന്ദ്രക്കമ്മറ്റിയിലെത്തി.
നാളിതുവരെ ഒരു വിഷയത്തിലും വൈകാരികമായി അഭിപ്രായം പറയാത്ത ബേബി സി.പി.എമ്മിലെ ബുദ്ധിജീവികളുടെ കൂട്ടത്തിലാണെന്നും നിലയുറപ്പിച്ചത്. കൊല്ലം പ്രാക്കുളത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടേയും എട്ടു മക്കളില്‍ അവസാനത്തെ മകനായിരുന്നു ബേബി. മകനെ സ്ഥിരവരുമാനമുള്ള എന്തെങ്കിലും ജോലിയിലെത്തിക്കണമെന്നായിരുന്നു മാതാവിന്റെ ആഗ്രഹം. അക്കാലത്ത് ബേബിയടക്കം നാല് മക്കള്‍ മാത്രമായിരുന്നു ജീവിച്ചിരിപ്പുണ്ടായിരുന്നത്. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റ് മൂന്നുപേരും പി.എസ്.സി പരീക്ഷയും ബാങ്ക് പരീക്ഷയുമൊക്കെയെഴുതി സര്‍വീസില്‍ കയറിയെങ്കിലും ബേബി രാഷ്ട്രീയവഴി സ്വീകരിക്കുകയായിരുന്നു. സഹോദരങ്ങളെ പോലെ അമ്മയുടെ ആഗ്രഹപ്രകാരം ബേബിയും ഒരു പരീക്ഷ എഴുതിയെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകനാവാന്‍ പേപ്പറില്‍ മനഃപൂര്‍വം ഉത്തരം എഴുതാതെ തിരിച്ചുകൊടുത്തതിനെ കുറിച്ച് ബേബി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
ഇന്നലെ ബേബിക്ക് 71ാം പിറന്നാളായിരുന്നു. മാതാവിന്റെ മരണശേഷം പിറന്നാളില്ലെന്നായിരുന്നു ബേബിയുെട പ്രതികരണം. എന്നാൽ, ഭാര്യ ബെറ്റി ഓർമ്മിപ്പിക്കാറുണ്ടെന്ന് ബേബി മാധ്യങ്ങളോട് പറഞ്ഞു. പിറന്നാൾ വിവരം അറിഞ്ഞ് ഏവരും ഇന്നലെ ആശംസയുമായി ബേബിക്ക് ചുറ്റുമുണ്ടായിരുന്നു. എല്ലാം നിറഞ്ഞ ചിരിയോടെ ബേബി സ്വീകരിക്കുന്ന കാഴ്ചയാണ് മധുരയിൽ കണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.