Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രൈസ്തവരിൽ മുസ്‍ലിം...

ക്രൈസ്തവരിൽ മുസ്‍ലിം വിരോധം കുത്തിവെക്കാന്‍ ആർ.എസ്.എസ് ശ്രമം; ലവ് ജിഹാദ് പറഞ്ഞ് വോട്ട് തേടിയവരെ ജനങ്ങൾ തോൽപിച്ചു -എം.എ ബേബി

text_fields
bookmark_border
MA Baby
cancel

കോഴിക്കോട്: ക്രൈസ്തവരിൽ മുസ്‍ലിം വിരോധം കുത്തിവെക്കാന്‍ ആർ.എസ്.എസ് ശ്രമമെന്നും അത്തരം വർഗീയ വിഭജനനീക്കം നടക്കില്ലെന്നും സി.പി.എം പി.ബി അംഗം എം.എ ബേബി. കേരളത്തിലെ ഹിന്ദുക്കളിൽ മുസ് ലിം പേടി ഉണ്ടാക്കി ഭൂരിപക്ഷ മതവിഭാഗത്തിന്‍റെ നേതാക്കളാവാനായിരുന്നു ആർ.എസ്.എസ് ഒരു നൂറ്റാണ്ട് ശ്രമിച്ചത്. എന്നാൽ, ഹിന്ദുക്കൾ ഈ വർഗീയ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞെന്നും എം.എ. ബേബി ഫേസ്ബുക്കിൽ കുറിച്ചു.

ക്രൈസ്തവരുടെ വോട്ട് എവിടെയെങ്കിലും വലിയ തോതിൽ ആർ.എസ്.എസ് മുന്നണിക്ക് ലഭിച്ചതായി ഒരു സൂചനയുമില്ല. മതവിദ്വേഷം ഉണർത്തി വോട്ട് നേടാനാവുമോ എന്നു ശ്രമിച്ച പി.സി ജോർജിനെ പോലുള്ളവരും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. മധ്യകേരളത്തിൽ ലവ് ജിഹാദ് എന്നൊക്കെ തെരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചവരെയൊക്കെ ക്രൈസ്തവർ ഉൾപ്പടെയുള്ള ജനത തള്ളിക്കളഞ്ഞ കാഴ്ചയാണ് നമ്മൾ കണ്ടതെന്നും എം.എ ബേബി ഫേസ്ബുക്കിൽ കുറിച്ചു.

എം.എ. ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ആർ.എസ്.എസുകാരുടെ ക്രിസ്ത്യാനി സ്നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്നേഹം പോലെ. ഇന്ത്യയിൽ ജനങ്ങളെ മതത്തിൻറെ പേരിൽ വിഭജിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ആർ.എസ്.എസ് ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടാവുന്നു. അവരുടെ ശ്രമം വിജയിക്കാത്ത ഒരു ഇടം മലയാളികളുടെ മാതൃഭൂമിയായ കേരളമാണ്.

കേരളരാഷ്ട്രീയത്തിന്‍റെ പുറമ്പോക്കിലാണ് ഇന്നും ആർ.എസ്.എസിന് സ്ഥാനം. കേരളത്തിലെ ഹിന്ദുക്കളിൽ മുസ്ലിം പേടി ഉണ്ടാക്കി ഭൂരിപക്ഷമതവിഭാഗത്തിന്‍റെ നേതാക്കളാവാനായിരുന്നു ആർ.എസ്.എസ് ഒരു നൂറ്റാണ്ട് ശ്രമിച്ചത്. പക്ഷേ, ഹിന്ദുക്കൾ ഈ വർഗീയരാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു. നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുമ്പോഴും കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ മുന്നണിക്ക് മിക്ക മണ്ഡലങ്ങളിലും കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. നിയമസഭയിലേക്ക് ഇത്തവണ അവരാരും ജയിച്ചുമില്ല. നാരായണഗുരുവും മറ്റ് നവോത്ഥാന നായകരും ഉഴുതുമറിച്ച മണ്ണിൽ തങ്ങളുടെ വർഗീയരാഷ്ട്രീയം നടപ്പാവില്ല എന്ന് ആർ.എസ്.എസ് ഇന്ന് മനസ്സിലാക്കുന്നു.

അപ്പോൾ എങ്ങനെ പിടിച്ചു നിൽക്കാം എന്ന ചിന്തയിൽ നിന്നാണ് കേരളത്തിലെ ക്രിസ്ത്യാനികളിൽ മുസ് ലിം വിരോധം കുത്തിവച്ച് അവരെ പാട്ടിലാക്കാമോ എന്ന് ആർ.എസ്.എസ് ചിന്തിക്കുന്നത്. അതായത്, മുസ് ലിം വിരോധം ആവുംവിധം ആളിക്കത്തിച്ചിട്ടും ഹിന്ദുക്കളെ പാട്ടിലാക്കാൻ പറ്റാത്തിടത്ത് ക്രിസ്ത്യാനികളെ ചൂണ്ടയിൽ കൊരുക്കാനാവുമോ എന്നൊരു ചിന്ത! കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സൂചനകൾ നോക്കിയാൽ തന്നെ വ്യക്തമാണ്, ഈ ശ്രമം പാളിപ്പോയി. 'ലവ് ജിഹാദ്' തുടങ്ങിയ ഇല്ലാ പ്രശ്നങ്ങൾ സൃഷ്ടിച്ച് അത്തരംചിന്ത ആളിക്കത്തിക്കാൻ ആർ എസ് എസ് നടത്തിയ ശ്രമങ്ങൾക്ക് ഉദ്ദേശിച്ച ഫലമുണ്ടായില്ല.

ചില ക്രിസ്ത്യൻ വർഗീയവാദികളും മറ്റും ഇതിന് ഒത്താശ ചെയ്തിട്ടും ക്രിസ്തുമതവിശ്വാസികളിൽ ആരും ഈ കെണിയിൽ വീണില്ല. ക്രിസ്ത്യാനികളുടെ വോട്ട് എവിടെയെങ്കിലും വലിയതോതിൽ ആർ.എസ്.എസ് മുന്നണിക്ക് ലഭിച്ചതായി ഒരു സൂചനയും ഇല്ല മതവിദ്വേഷം ഉണർത്തി വോട്ടു നേടാനാവുമോ എന്നു ശ്രമിച്ച പി.സി ജോർജിനെപ്പോലുള്ളവരും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. മധ്യകേരളത്തിൽ ലവ് ജിഹാദ് എന്നൊക്കെ തെരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചവരെയൊക്കെ ക്രിസ്ത്യാനികൾ ഉൾപ്പടെയുള്ള ജനത തള്ളിക്കളഞ്ഞ കാഴ്ചയാണ് നമ്മൾ കണ്ടത്.

ആർ.എസ്.എസ് നടത്തുന്ന വർഗീയവിഭജനശ്രമം ക്രിസ്ത്യാനികൾക്കിടയിൽ നടക്കില്ല എന്നാണ് എനിക്ക് പറയാനുള്ളത്. അതിനു വച്ച വെള്ളം നിങ്ങൾ വാങ്ങിവെയ്ക്കുന്നതാണ് നല്ലത്. നൂറ്റാണ്ടുകളായി സ്വന്തമായ അസ്തിത്വമുള്ള കേരളത്തിലെ ക്രിസ്തീയവിശ്വാസികൾ ഇതിനെക്കാളും വലിയ ആക്രമണങ്ങളെ അതിജീവിച്ചിട്ടുണ്ട്, ഇതിനെക്കാളും വലിയ പറ്റിപ്പുകളെ മനസിലാക്കിയിട്ടുമുണ്ട്. അതുകൊണ്ട് ആർ.എസ്.എസ് മാലാഖാവേഷത്തിൽ വന്നാലും കാക്കി നിക്കറും പരമതവിദ്വേഷം ബലം നല്കുന്ന മുളവടിയും അവർക്ക് കാണാനാവും. നിങ്ങളുടെ പുസ്തകങ്ങളിൽ ക്രിസ്ത്യാനികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എഴുതിയിരിക്കുന്നു എന്നു വായിച്ചു മനസ്സിലാക്കാൻ ശേഷിയുള്ള ക്രിസ്ത്യാനികൾ ഇപ്പോഴും ഈ നാട്ടിൽ ഉണ്ട്. നിലയ്ക്കൽ പ്രശ്നത്തിൻറെ കാലം മുതൽ കേരളത്തിലെ ക്രിസ്ത്യാനികളോട് ആർ.എസ്.എസ് എടുത്ത സമീപനവും ഈ മതവിശ്വാസികൾക്ക് അറിയാം.

മറ്റു സംസ്ഥാനങ്ങളിൽ ആർ.എസ്.എസ് ക്രിസ്തീയ പുരോഹിതരോടും കന്യാസ്ത്രീകളോടും കാണിക്കുന്ന അക്രമവും ഇവിടെ എല്ലാവർക്കും നല്ലവണ്ണം അറിയാം. നഞ്ചെന്തിന് നന്നാഴി എന്നാണല്ലോ, വിരലിലെണ്ണാവുന്നവരാണെങ്കിലും ക്രിസ്ത്യൻ വർഗീയവാദവുമായി രംഗത്തുവന്നിട്ടുള്ള അപക്വമതികളെ ക്രിസ്തീയവിശ്വാസികൾ വീട്ടുമുറ്റത്തുപോലും കയറ്റില്ല എന്നെനിക്ക് ഉറപ്പുണ്ട്. വിദ്വേഷമല്ല, സ്നേഹമാണ് ക്രിസ്തു പഠിപ്പിച്ചത്. അപരനെ സ്നേഹിക്കാൻ. നാരായണഗുരു ചിന്തകൾ കേരളീയ മനസ്സിൽ നിറഞ്ഞിരിക്കുന്നതുപോലെ ക്രിസ്തുവിൻറെ സന്ദേശങ്ങളിലെ ഈ സ്നേഹവും എല്ലാ വിഭാഗം മലയാളികളുടെയും മനസ്സിനെ നിറച്ചതാണ്. അതുകൊണ്ട് നാലഞ്ച് ക്രിസ്ത്യൻ വർഗീയവാദികളെക്കണ്ട് ആർ എസ് എസ് മനപ്പായസമുണ്ണണ്ട. പക്ഷേ, നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമല്ലോ. അതിനാൽ ക്രിസ്ത്യാനികളെ ആർ.എസ്.എസ് പക്ഷത്തു ചേർക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ എല്ലാ മതേതരവാദികളും കരുതലോടെ ഇരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA BabychristiansLove JihadRSS
News Summary - MA Baby React to Love Jihad and RSS Issues
Next Story