മന്ത്രിയുടെ രാജി തള്ളി സി.പി.എം, പിശക് പറ്റിയിട്ടുണ്ടാകാമെന്ന് എം.എ. ബേബി
text_fieldsതിരുവനന്തപുരം: ഭരണഘടനക്കെതിരായ വിവാദ പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ചിലപ്പോൾ മന്ത്രിക്ക് നാക്കുപിഴ സംഭവിച്ചതാവാമെന്നും പരാമർശം ദുർ വ്യാഖ്യാനിക്കപ്പെട്ടതാകാമെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
ഭരണകൂടത്തിന് കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന കാര്യങ്ങളാണ് സജി ചെറിയാൻ പറഞ്ഞത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് അദ്ദേഹം. കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ മന്ത്രിക്ക് പിശക് പറ്റിയിട്ടുണ്ടാകാമെന്നും എം.എ. ബേബി മാധ്യമങ്ങളോട് വിശദീകരിച്ചു.
മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശം
'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്.
മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു.
ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.