രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കി ഏകശിലയാക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് എം.എ ബേബി
text_fieldsതിരുവനന്തപുരം :രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കി ഏകശിലയാക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. എൻ.ജി.ഒ യൂനിയന്റെ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഇന്നസെന്റ് നഗറിൽ "ബഹുസ്വരതയിലേക്കുള്ള ഫാസിസ്റ്റ് കടന്നു കയറ്റം" എന്ന വിഷയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ബഹുസ്വരത തകർക്കാനുള്ള ശ്രമങ്ങൾ സാമാന്യ യുക്തിയായി പ്രചരിക്കപ്പെടുകയാണ്..ആർ.എസ്.എസിന്റെ കാഴ്ചപ്പാടിലുള്ള ഒരു മതാധികാര രാഷ്ടമാക്കി ഇന്ത്യയെ മാറ്റുന്നതിന് ശ്രമിക്കുകയാണ്. ബഹുസ്വരത കാത്ത് സൂക്ഷിച്ചില്ലെങ്കിൽ രാജ്യത്തിന് പുരോഗതിയുണ്ടാകില്ല. ഇന്ത്യൻ പൗരത്വത്തിന് മതം മാനദണ്ഡമാക്കാൻ ശ്രമിക്കുന്നു. വികൃതചേഷ്ടകൾ കാണിച്ചിട്ടാണെങ്കിലും സ്വയം ചരിത്രത്തിന്റെ ഭാഗമാകാൻ കുറുക്കുവഴി കാണിക്കുകയാണ് രാജ്യത്തെ പ്രധാനമന്ത്രി.
രാജ്യത്തിന്റെ പ്രഥമ പൗരനായ ഇന്ത്യൻ പ്രസിഡന്റിനെ അവഹേളിക്കുകയാണ്. മതവിശ്വാസികൾ വർഗീയതക്കെതിരായ പോരാട്ടത്തിൽ പങ്കെടുത്തുകൊണ്ട് രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാമി സന്ദീപാനന്ദഗിരി, നോവലിസ്റ്റ് കെ.വി മോഹൻകുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ പങ്കെടുത്തു. യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, യൂനിയൻ സംസ്ഥാന സെക്രട്ടറി പി.സുരേഷ് സ്വാഗതവും, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽ കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.