വി.എസിനെ സന്ദർശിച്ച് എം.എ. ബേബി; ‘ആദ്യ പാഠങ്ങൾ പഠിക്കുന്നത് വി.എസിൽ നിന്ന്, രക്ഷാകർത്താവിന്റെ സ്നേഹവാത്സല്യം’
text_fieldsതിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റശേഷം തലസ്ഥാനത്തെത്തിയ എം.എ. ബേബി മുതിർന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ചു. എ.കെ.ജി സെന്ററിലെ സ്വീകരണത്തിനുശേഷം രാത്രിയോടെയാണ് വി.എസിന്റെ മകൻ അരുൺകുമാറിന്റെ ലോ കോളജ് ജങ്ഷനിലെ വീട്ടിലെത്തിയത്.
കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, എം. വിജയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. വി.എസിന്റെ ആരോഗ്യവിവരങ്ങൾ കുടുംബാംഗങ്ങളിൽ നിന്ന് ചോദിച്ചറിഞ്ഞു. മധുര പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വി.എസിനെ എല്ലാ ദിവസവും അറിയിച്ചിരുന്നതായി മകൻ പറഞ്ഞു.
പത്രങ്ങളിലെ കോൺഗ്രസ് വാർത്തകൾ വായിച്ചുകേൾപ്പിച്ചിരുന്നെന്നും അരുൺ കൂട്ടിച്ചേർത്തു. വി.എസിന് ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള പരിചരണമായതിനാൽ നേരിട്ട് സംസാരിക്കാനായില്ല. അതേസമയം മുഷ്ടിചുരുട്ടി ലാൽസലാം നൽകിയതിന്റെ സംതൃപ്തിയുമായാണ് മടങ്ങിയതെന്ന് പിന്നീട്, മാധ്യമപ്രവർത്തകരോട് എം.എ. ബേബി പ്രതികരിച്ചു.
"വി.എസ്. അച്യുതാനന്ദൻ പാർട്ടിക്കും പ്രവർത്തകർക്കും എന്താണെന്ന് പ്രത്യേകം വിശദീകരിക്കേണ്ടതില്ല. താനും ഇ.പി. ജയരാജനും വിജയകുമാറും സംസ്ഥാന കമ്മിറ്റിയിൽ പ്രവർത്തിച്ച ഘട്ടത്തിൽ വി.എസായിരുന്നു പാർട്ടി സെക്രട്ടറി. സംസ്ഥാനതല പ്രവർത്തനത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത് വി.എസിൽ നിന്നാണ്.
അദ്ദേഹം നേതൃത്വം നൽകിയ ഇടത് സർക്കാറിൽ താനും വിജയകുമാറും മന്ത്രിമാരായിരുന്നു. പാർട്ടി നേതാവ് എന്നതിനൊപ്പം രക്ഷാകർത്താവിന്റെ സ്നേഹവാത്സല്യങ്ങളാണ് വി.എസിനുള്ളത്. മധുരയിൽ നിന്ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ ശേഷം ആദ്യമായി ഒരു സഖാവിനെ സന്ദർശിച്ചത് വി.എസിനെയാണെന്നും ബേബി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.