'കോൺഗ്രസ് ആർ.എസ്.എസിന്റെ ചട്ടുകമാവരുത്' വി.ഡി സതീശന് എം.എ ബേബിയുടെ കത്ത്
text_fieldsകോൺഗ്രസ് ആർ.എസ്.എസിന്റെ ചട്ടുകമാവരുതെന്ന ഉപദേശവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ കത്ത്. സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടർന്നുള്ള കോൺഗ്രസ് സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതിയത്.
''കോൺഗ്രസ് നേതാവ് എന്ന നിലയിൽ ഇന്ത്യൻ ജനാധിപത്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് താങ്കൾ ബോധവാനാണ് എന്നാണ് ഞാൻ കരുതുന്നത്. ഈ കാലത്ത് കേരളത്തിലെ കോൺഗ്രസ് താങ്കളുടെ നേതൃത്വത്തിൽ ആർ.എസ്.എസിന്റെ ചട്ടുകം ആവരുതെന്ന് അഭ്യർഥിക്കാനാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ആർ.എസ്.എസിന്റെ കൈയിലെ പാവയായ ഒരു സ്ത്രീ പറയുന്ന കാര്യങ്ങൾ ഏറ്റുപിടിച്ച് കേരളത്തിലെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ തെരുവിൽ ആക്രമിക്കാൻ അണികളെ കയറൂരി വിടുക എന്നതാണോ ഇന്നത്തെ നിങ്ങളുടെ രാഷ്ട്രീയകടമ?'' അദ്ദേഹം കുറിപ്പിൽ ചോദിച്ചു.
2025ൽ ആർ.എസ്.എസ് സ്ഥാപനത്തിന്റെ നൂറാം വാർഷികമാണ്. ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യം നേടുന്നതിൽ വലിയ ചുവടുവെപ്പുകൾ അന്നേക്ക് നേടണം എന്ന് അവർക്ക് താൽപര്യമുണ്ട്. അതിനുള്ള നടപടികൾ ഒന്നൊന്നായി അവർ എടുത്തുവരികയാണ്. ഇന്ത്യയുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ആധാരശിലയായ മതനിരപേക്ഷ രാഷ്ട്രസങ്കൽപം റദ്ദു ചെയ്യുന്നതിൽ അവർ വളരെയേറെ മുന്നോട്ടുപോയി. ബാബരി മസ്ജിദ് പൊളിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളെ അവർ മതാടിസ്ഥാനത്തിൽ വിഭജിച്ചു. തുടർന്ന് നടന്ന വർഗീയലഹളകളെയെല്ലാം ആർ.എസ്.എസ് അവരുടെ സങ്കുചിത രാഷ്ട്രീയവീക്ഷണം പരത്താനാണ് ഉപയോഗിച്ചത്.
നിത്യജീവിതത്തിൽ മതന്യൂനപക്ഷത്തിൽ പെടുന്നവരെയും മനുഷ്യാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരെയും ദലിത്-പിന്നാക്ക വിഭാഗങ്ങളെയും തൊഴിലാളികളെയും വിദ്യാർഥികളെയും ബുദ്ധിജീവികളെയും അരക്ഷിതരാക്കുന്നതിൽ എത്തിനിൽക്കുകയാണ് ഇവർ നടത്തുന്ന ഭരണം. കൂടുതൽ പള്ളികൾ പൊളിച്ച് കൂടുതൽ രക്തച്ചൊരിച്ചിൽ ഉണ്ടാക്കാൻ അവർ പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിച്ച് ന്യൂനപക്ഷാവകാശങ്ങളുടെയും ആദിവാസികളുടെയും മറ്റ് പാർശ്വവൽകൃതരുടെയും സാമൂഹ്യജീവിതം ക്രിമിനലൈസ് ചെയ്യാനും അവർ ശ്രമിക്കുന്നു.
ഇന്ത്യയുടെ സാമ്പത്തിക നില തകർക്കുകയും താങ്ങാനാവാത്ത വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്തെ ശ്വാസം മുട്ടിക്കുകയും ചെയ്യുമ്പോൾ ഇസ്‍ലാം മതപ്രവാചകനെ നിന്ദിച്ച് പ്രകോപനമുണ്ടാക്കി രാജ്യത്തെ അടിയന്തര പ്രശ്നം ഹിന്ദു-മുസ്‍ലം തർക്കം ആക്കാനുള്ള ഗൂഢപദ്ധതിയിലാണ് സംഘപരിവാറെന്നും അദ്ദേഹം ഉണർത്തി.
രാജ്യത്തിന്റെ ജനാധിപത്യം ഈ വെല്ലുവിളി നേരിടുമ്പോൾ കോൺഗ്രസിന് ഏറ്റവും കൂടുതൽ പാർലമെന്റ് അംഗങ്ങളെ നൽകിയ കേരളത്തിലെ കോൺഗ്രസ് എന്താണ് ചെയ്യുന്നത്? നിങ്ങൾ ആർ.എസ്.എസുമായി ഗൂഢാലോചന നടത്തി അവരോടൊപ്പം തെരുവിൽ അഴിഞ്ഞാട്ടം നടത്തുകയാണെന്നും കേരളത്തിലെ ഉന്നതരാഷ്ട്രീയബോധത്തെക്കുറിച്ച് എന്തെങ്കിലും മതിപ്പുണ്ടെങ്കിൽ ഇത്തരം ദുരന്തനാടകങ്ങൾ അവസാനിപ്പിക്കണമെന്നും ഒന്നാമത്തെ കടമ ആർ.എസ്.എസിനെതിരായ പോരാട്ടമാണെന്ന് തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.