ഒരു നോക്ക് കാണാനെത്തിയത് ആയിരങ്ങൾ
text_fieldsമുട്ടിൽ: പ്രിയപ്പെട്ട ജമാൽക്കയെ ഒരുനോക്കു കാണാൻ മുട്ടിൽ യതീം ഖാന പരിസരത്തെ കമ്യൂണിറ്റി ഹാളിലേക്ക് എത്തിയത് ആയിരങ്ങൾ. ലോകത്തിന്റെ നാനാദിക്കിലും തുറന്ന സൗഹൃദം പങ്കിട്ടു നൽകിയ എം.എ. മുഹമ്മദ് ജമാലിന്റെ മയ്യിത്ത് ഒന്നേമുക്കാലോടെ കോഴിക്കോട് നിന്നും യതീംഖാന കോമ്പൗണ്ടിലെത്തി. ഭൗതിക ശരീരം എത്തുമെന്നറിഞ്ഞയുടൻ തന്നെ യതീം ഖാന വളപ്പിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു.
മയ്യിത്ത് കുളിപ്പിച്ച് കഫൻ ചെയ്തു കമ്യൂണിറ്റി ഹാളിലേക്ക് എത്തിക്കുമ്പോഴേക്കും ജനനിബിഢമായിരുന്നു. ആദ്യം യതീംഖാനയിലെ കുട്ടികളെയും സ്ത്രീകളെയും പിന്നീട് പ്രധാന വ്യക്തിത്വങ്ങളെയും കാണിച്ച ശേഷം യതീംഖാന പള്ളി ഇമാം അഹമ്മദ്കുട്ടി ഫൈസിയുടെ നേതൃത്വത്തിൽ ഒന്നാമത്തെ മയ്യിത്ത് നമസ്കാരം നടന്നു. ജനബാഹുല്യം കാരണം ആറു തവണയാണ് മയ്യിത്ത് നമസ്കാരം നടന്നത്. വിവിധ രാഷ്ട്രീയ നേതാക്കളായ ടി. സിദ്ദീഖ് എം.എൽ.എ, സി. മമ്മൂട്ടി, കെ.എം. ഷാജി, പി.കെ. ഫിറോസ്, പി.കെ. അബൂബക്കർ, റസാക്ക് കൽപറ്റ, എൻ.ഡി. അപ്പച്ചൻ, ഷംസാദ് മരക്കാർ, വി.എ. മജീദ്, പി. ഗഗാറിൻ, സി.കെ. ശശീന്ദ്രൻ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, മലപ്പുറം മേഖല നാസിം വി.പി. ബഷീർ, ജില്ല പ്രസിഡന്റ് ടി.പി. യൂനുസ്, റഫീഖ് വെള്ളമുണ്ട, ഡബ്ല്യൂ.എം.ഒയുടെ വിവിധ വിദേശ കമ്മിറ്റി ഭാരവാഹികളായ മജീദ് മണിയോടൻ, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ കൂടിയായ സമദ് നരിപ്പറ്റ, ഖത്തർ കമ്മിറ്റി ഭാരവാഹികളായ തായമ്പത്ത് കുഞ്ഞാലി, മൂസ കുറുങ്ങോട്ട്, മജീദ് ഹാജി തുടങ്ങി നിരവധി പേർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
അനാഥബാല്യങ്ങളുടെ അത്താണി
കൽപറ്റ: ആയിരക്കണക്കിന് അനാഥരും അഗതികളുമായി കുഞ്ഞുങ്ങൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകി ജീവിത വെളിച്ചം പകർന്ന വയനാട് മുസ്ലിം യതീംഖാന നെടുംതൂണായിരുന്നു എം.എ. മുഹമ്മദ് ജമാൽ.
റെസ്പെക്ട് ദ ചൈൽഡ് ആസ് എ പേഴ്സൻ (ഓരോ കുട്ടിയേയും വ്യക്തിയായി ആദരിക്കുക) എന്ന അദ്ദേഹത്തിന്റെ മഹത്തായ ആശയമാണ് യതീംഖാനയിലൂടെ അദ്ദേഹം നടപ്പാക്കിയത്.
ഈ മുദ്രാവാക്യം അക്ഷരംപ്രതി അന്വർഥമാക്കിക്കൊണ്ട് അനാഥർക്കും അഗതികൾക്കും അശരണർക്കുമായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. 1967ൽ വയനാട് മുസ്ലിം ഓർഫനേജ് സ്ഥാപിതമായത് മുതൽ തന്നെ കർമപഥത്തിൽ ഉണ്ടായിരുന്നു.
1987ൽ ജനറൽ സെക്രട്ടറിയായ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ അനാഥഅഗതി സംരക്ഷണ രംഗത്തും വിദ്യാഭ്യാസ മേഖലയിലും ആതുരശുശ്രൂഷാമേഖലയിലും സാമൂഹിക നവോത്ഥാന രംഗത്തും അഭൂതപൂർവമായ മാറ്റങ്ങളാണ് വന്നുചേർന്നത്.
ഡബ്ല്യൂ.എം.ഒയിൽ അഭയം തേടിയെത്തിയവരെ ഒരിക്കലും കൈവിടാതെ സ്വന്തം കുഞ്ഞുങ്ങളെ പോലെ അദ്ദേഹം പരിപാലിച്ചു.
കിന്റർ ഗാർട്ടൻ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വയനാട് ജില്ലയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ ശൃംഖലയുടെ അമരക്കാരനായിരുന്നു.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ജില്ലയിലെ പ്രഥമ സി.ബി.എസ്.ഇ സ്കൂളായ മുട്ടിൽ ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് അക്കാദമി സ്ഥാപിക്കാൻ മുൻനിരയിലുണ്ടായിരുന്നത് അദ്ദേഹമായിരുന്നു.
ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് 2006ൽ കേരള മാപ്പിള കലാ അക്കാദമിയുടെ പ്രഥമ ശരീഫ ഫാതിമ പുരസ്കാരം, 2008ൽ മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള ഇന്ദിര ഗാന്ധി സദ്ഭാവന അവാർഡ്, 2011ൽ മികച്ച സാമൂഹിക പ്രവർത്തകനുള്ള കെ.എസ്.ടിയുവിന്റെ പ്രഥമ ശിഹാബ് തങ്ങൾ പുരസ്കാരം, ഖാഇദെമില്ലത്ത് ഫൗണ്ടേഷെന്റെ ഖാഇദെ മില്ലത്ത് പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.