ജമാലുപ്പയെന്ന മഹാപ്രസ്ഥാനം
text_fieldsമുട്ടിൽ: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിൽ അംഗമായി പൊതുജീവിതം ആരംഭിച്ച എം.എ. മുഹമ്മദ് ജമാൽ 1987ൽ അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ വിയോഗത്തെ തുടർന്നാണ് വയനാട് മുട്ടിൽ അനാഥാലയത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. പരിചരണവും പിന്തുണയും ആവശ്യമുള്ള ധാരാളമാളുകൾക്ക് പരമാവധി മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു തുടർന്നുള്ള അദ്ദേഹത്തിന്റെ ജീവിത പ്രയാണം.
അനാഥാലയത്തിലെ കുട്ടികളുടെ സേവനത്തിന് അവിടെ എപ്പോഴും വേണമെന്ന ആഗ്രഹമാണ് അദ്ദേഹത്തെ മറ്റു എല്ലാ തിരക്കുകളിൽനിന്നും മാറ്റിനിർത്തിയത്. ഇവിടുത്തെ കുട്ടികളില്ലാതെ ജീവിതത്തിന് അർഥമില്ലെന്നും കുട്ടികളുടെ ജമാലുപ്പ വിശ്വസിച്ചിരുന്നു. അതിനാൽ വാഗ്ദാനമായ രാഷ്ട്രീയജീവിതം ഉപേക്ഷിച്ചു മറ്റുള്ളവരെപ്പോലെ ഭാഗ്യം ലഭിക്കാത്ത കുട്ടികളെ പരിപാലിക്കുന്നതിനായി ജീവിതം ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ ജീവിതത്തിനായി പൂർണസമർപ്പണവും സത്യസന്ധതയും അദ്ദേഹം അകമഴിഞ്ഞു സംഭാവനയേകി. 36 വർഷമായി ആ കടമ നിറവേറ്റാനുള്ള ഭഗീരഥ പരിശ്രമത്തിലായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഡബ്ല്യു.എം.ഒ അഭയകേന്ദ്രവും അനാഥാലയവുമെന്നതിൽനിന്ന് സമ്പൂർണ വിദ്യാഭ്യാസ സംരംഭമായി വളർന്നു.
കോളജുകൾ, ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ, തൊഴിലധിഷ്ഠിത സംരംഭങ്ങൾ, ഡയറി ഫാം എന്നിവ ഉൾപ്പെടുന്ന പത്തിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അനാഥാലയത്തിലെ കുട്ടികളെ സ്വന്തം മക്കളായി വളർത്തി. ഡബ്ല്യു.എം.ഒ വിട്ടതിനുശേഷവും കുട്ടികൾ അദ്ദേഹത്തെ എപ്പോഴും വിളിക്കുന്നു, ഉപദേശം തേടുന്നു. ഇവിടെ ജീവിക്കുകയും ജീവിതവിജയം നേടുകയും ചെയ്ത വിദ്യാർഥികൾ ഒന്നടങ്കം പറയുന്നത് പിതാവിനെക്കാൾ സ്നേഹവും പരിചരണവും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ്. അനാഥാലയത്തിൽ വളർന്നതിൽ ജീവിതത്തിൽ ഒരുഘട്ടത്തിലും കുട്ടികൾക്ക് അപകർഷബോധം ഉണ്ടായിട്ടില്ല. അതിനുകാരണം ജമാലുപ്പയെന്ന മഹാപ്രസ്ഥാനമാണെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.
വർഷങ്ങൾക്കുമുമ്പ് മാനന്തവാടി ജില്ല ആശുപത്രി സന്ദർശിച്ചപ്പോൾ നിരാലംബരായ രോഗികളുടെ പ്രയാസം നേരിട്ടുകണ്ട അദ്ദേഹം ചാരിറ്റി സെന്ററുകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും ഈ കേന്ദ്രങ്ങൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവും വെള്ളവും ആംബുലൻസ് സേവനവും നൽകുന്നുമുണ്ട്.
ആയിരങ്ങളുടെ ഗോഡ്ഫാദർ
മുട്ടിൽ: ജില്ലയുടെയും പരിസര പ്രദേശങ്ങളിലെയും മത-ഭൗതിക വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക വികസനങ്ങൾക്ക് നേതൃത്വം നൽകുന്ന മഹത്തായ കേന്ദ്രമാണ് വയനാട് മുസ് ലിം യതീംഖാന. ഇതിന് നേതൃത്വം നൽകിയ ആളായിരുന്നു ആയിരങ്ങളുടെ ജമാലുപ്പ കൂടിയായ എം.എ. മുഹമ്മദ് ജമാൽ.
കേരളത്തിലെ തന്നെ ഏറ്റവും മികച്ച യതീംഖാന, വയനാട്ടിലെ പ്രഥമ മതപഠന കേന്ദ്രമായ ബത്തേരി ദാറുൽ ഉലൂം അറബിക് കോളജ്, വയനാട്ടിലെ സനദ് നൽകുന്ന ഏക മത-ഭൗതിക സ്ഥാപനമായ ഇമാം ഗസ്സാലി അക്കാദമി, വയനാട്ടിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ (നിലവിൽ നാല് സ്കൂളുകൾ), മുസ്ലിം മാനേജ്മെന്റിനു കീഴിലെ ആദ്യത്തെ കോളജ് (നിലവിൽ യതീംഖനക്ക് കീഴിൽ രണ്ടു കോളജുകൾ), ജില്ലയിലെ ഏറ്റവും മികച്ച പ്ലസ് ടു സ്കൂളുകൾ, സ്പെഷൽ സ്കൂൾ, ജില്ലയിലെ ആദ്യത്തെ ഹിഫ്ളുൽ ഖുർആൻ കോളജ്, പെൺകുട്ടികൾക്കായി മത-ഭൗതിക പഠന കോളജ്, മാനവ വിഭവശേഷി പരിശീലന കേന്ദ്രം, ഇതര സംസ്ഥാന വിദ്യാർഥികൾക്ക് മാത്രമായുള്ള വിദ്യാഭ്യാസ കേന്ദ്രമായ ഹാബിറ്റാറ്റ് സെന്റർ, ജില്ലയിലെ മൂന്ന് താലൂക്കുകളിലും പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ച് ആതുരസേവന കേന്ദ്രങ്ങൾ, വനിത ശാക്തീകരണ മേഖലയിൽ ആരംഭിച്ച സ്വയം സഹായ ഗ്രൂപ്പുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ഇങ്ങനെ എണ്ണിയാലൊതുങ്ങാത്ത പ്രവർത്തനങ്ങൾക്കൊണ്ട് ലോകത്ത് തന്നെ മാതൃകയായ ജനകീയ പ്രസ്ഥാനത്തിന് നാലു പതിറ്റാണ്ടിലധികം നേതൃത്വം നൽകിയ മഹാനായിരുന്നു എം.എ. ജമാൽ.
2002ലെ ഗുജറാത്ത് കലാപാനന്തരം അവിടുത്തെ മക്കളെയും 2013ലെ മുസഫർ നഗർ കലാപങ്ങൾക്ക് ശേഷം അവരുടെ ക്ഷേമത്തിനായി വിദ്യാഭ്യാസ - സംരക്ഷണ സ്ഥാപനങ്ങൾ ഉണ്ടാക്കി. സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങിക്കിടന്നവരും മൈസൂർ കല്യാണങ്ങൾ എന്ന പേരിൽ കെട്ടിച്ചയക്കപ്പെട്ടു ജീവിതത്തിന്റെ കൈപ്പുനീർ കുടിച്ചവരുമായ കുടുംബങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കി സ്ത്രീധന രഹിത വിവാഹ സംഗമങ്ങൾ നടത്തി അദ്ദേഹം മാറ്റങ്ങൾ കൊണ്ടുവന്നു. വാക്കുകൾക്കതീതമായ പ്രവർത്തങ്ങൾക്കൊണ്ട് ജീവിതം ധന്യമാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.