ഗാന്ധിഭവന് കൈത്താങ്ങായി വീണ്ടും എം.എ യൂസഫലിയുടെ കൈത്താങ്ങ്
text_fieldsകൊച്ചി/കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തിലേറെ അന്തേവാസികളെ തേടി കരുതലിന്റെ കരങ്ങള്‍ ഒരിക്കല്‍കൂടി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗാന്ധിഭവന് 50 ലക്ഷം രൂപ സ്‌നേഹസമ്മാനമായി നല്‍കിയാണ് ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി കൈത്താങ്ങായത്.
കോവിഡ്കാലം തുടങ്ങിയതുമുതല്‍ കടുത്ത പ്രതിസന്ധിയിലാണ് ഗാന്ധിഭവന്‍. അന്തേവാസികളുടെ ഭക്ഷണം, മരുന്ന്, ചികിത്സ ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വേണം. ലഭിച്ചിരുന്ന പല സഹായങ്ങളും കോവിഡ്കാലത്ത് നിലച്ചു. ഇത് ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കെയാണ് യൂസുഫലിയുടെ സ്‌നേഹസാന്ത്വനം വീണ്ടും ആശ്വാസമായി എത്തിയതെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം താങ്ങായ ലുലു ഗ്രൂപ്പിന്റെ സഹായങ്ങള്‍ക്ക് യൂസുഫലിയോട് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നോമ്പുകാലങ്ങളിലും യൂസുഫലിയുടെ കാരുണ്യസ്പര്‍ശം ഗാന്ധിഭവന് ലഭിച്ചിരുന്നു. കോവിഡ് ആരംഭഘട്ടത്തിലും ലുലു ഗ്രൂപ്പിന്‍റെ സഹായം ഗാന്ധിഭവനെ തേടിയെത്തിയിരുന്നു. 40 ലക്ഷം രൂപയാണ് ആദ്യം സമ്മാനിച്ചത്. പിന്നീട് കോവിഡ് പ്രതിരോധത്തിന് 25 ലക്ഷം രൂപ കൈമാറി. പ്രതിവര്‍ഷ ഗ്രാന്റടക്കം ആറ് വര്‍ഷത്തിനിടെ ഏഴേകാല്‍ കോടിയോളം രൂപയുടെ സഹായം യൂസുഫലി ലഭ്യമാക്കി. ഇതിനുപുറമെ, 15 കോടിയിലധികം മുടക്കി അന്തേവാസികള്‍ക്ക് നിര്‍മിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ നിര്‍മാണം ഈ മാസം പൂര്‍ത്തിയാകും. മുന്നൂറോളം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം നല്‍കുന്നതാകും പുതിയ മന്ദിരം.
എം.എ. യൂസുഫലിക്കുവേണ്ടി സെക്രട്ടറി ഇ.എ. ഹാരിസ്, മാനേജര്‍ എന്‍. പീതാംബരന്‍, മീഡിയ കോഓഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, ബാബു വര്‍ഗീസ് എന്നിവര്‍ ഗാന്ധിഭവനിലെത്തിയാണ് 50 ലക്ഷം രൂപയുടെ ഡി.ഡി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.