ഗാന്ധിഭവനിലെ അഗതികള്‍ക്ക് റമദാൻ സമ്മാനമായി എം.എ. യൂസഫലിയുടെ ഒരു കോടി
text_fieldsകൊല്ലം: പരിശുദ്ധ റമദാൻ വ്രതാനുഷ്ഠാനത്തിന്റെ ആരംഭത്തില്‍ പതിവ് തെറ്റിയ്ക്കാതെ പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ കൈത്താങ്ങ്. ഗാന്ധിഭവനിലെ ആയിരത്തിമുന്നൂറിലേറെ വരുന്ന അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായം കൈമാറി. റമദാൻ മാസത്തില്‍ മുഴുവന്‍ അന്തേവാസികള്‍ക്കും വിഭവസമൃദ്ധമായ ഭക്ഷണം, നോമ്പുതുറ, ഇഫ്താര്‍ വിരുന്ന് എന്നിവയ്ക്കായാണ് സഹായം.
കഴിഞ്ഞ നോമ്പുകാലങ്ങളിലും യൂസഫലിയുടെ സഹായം ഗാന്ധിഭവന് ലഭിച്ചിരുന്നു. കോവിഡ് കാലം തുടങ്ങിയതുമുതല്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയായിരുന്നു ഗാന്ധിഭവന്‍ നേരിട്ടത്. ഭക്ഷണം, മരുന്നുകള്‍, ആശുപത്രിചികിത്സകള്‍, വസ്ത്രം, സേവനപ്രവര്‍ത്തകരുടെ ഹോണറേറിയം, മറ്റു ചെലവുകള്‍ അടക്കം പ്രതിദിനം മൂന്ന് ലക്ഷത്തോളം രൂപയുടെ ചെലവുണ്ട്. എന്നാല്‍ കോവിഡ് സമയത്ത് സഹായങ്ങള്‍ കുറഞ്ഞതോടെ പ്രതിസന്ധി കടുത്തു.
ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. കോവിഡ് കാലത്ത് മാത്രം പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും, അന്നദാനത്തിനും മറ്റുമായി ആകെ 65 ലക്ഷം രൂപ യൂസഫലി നല്‍കി. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടുന്നതിനൊപ്പം റമദാൻ കാലയളവിൽ ആശ്വാസമാകുന്നതു കൂടിയാണ് ഇപ്പോഴത്തെ സഹായമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു. ഏഴ് വര്‍ഷം മുമ്പ് യൂസഫലി ഗാന്ധിഭവന്‍ സന്ദര്‍ശിക്കുകയും അവിടുത്തെ അമ്മമാരുടെയടക്കം ബുദ്ധിമുട്ടികൾ മനസിലാക്കുകയും ചെയ്തതു മുതൽ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിൻ്റെ കരുതൽ ഗാന്ധിഭവനെ തേടിയെത്തിയിരുന്നു.
ഇക്കഴിഞ്ഞ നവംബറിൽ ഗാന്ധിഭവനിലെ അമ്മമാർക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം യൂസഫലി നിർമ്മിച്ചുനൽകിയിരുന്നു. പ്രതിവര്‍ഷ ഗ്രാന്റ് ഉള്‍പ്പെടെ ഏഴ് വര്‍ഷത്തിനിടെ ഒൻപത് കോടിയോളം രൂപയുടെ സഹായവും നല്‍കി.
എം.എ. യൂസഫലിക്കു വേണ്ടി ലുലു ഗ്രൂപ്പ് എക്സ്പോർട്ട് ഡിവിഷൻ സിഇഒ ഇ. നജിമുദീൻ, യൂസഫലിയുടെ സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, പ്രോജക്ട് ഡയറക്ടർ ബാബു ജോസഫ് എന്നിവര്‍ ഗാന്ധിഭവനിലെത്തിയാണ് ഒരു കോടി രൂപയുടെ ഡി.ഡി അന്തേവാസികളായ അമ്മമാര്‍ക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.