സഹപാഠികൾക്കൊപ്പം ക്ലാസ് മുറിയിലെത്തി എം.എ. യൂസുഫലി; ചങ്ങമ്പുഴയുടെ കവിത ചൊല്ലി ഓർമകൾ പങ്കിട്ടു
text_fieldsതൃശൂർ: ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം... ഒ.എൻ.വിയുടെ വരികൾ ഹൃദയത്തിൽ ചേർത്തുവച്ച് അഞ്ച് പതിറ്റാണ്ടിനുശേഷം ആ കൂട്ടുകാർ ഒത്തുകൂടി. ചോക്ക് പൊടി വീണ ബ്ലാക്ബോർഡ് നോക്കി കൊച്ചുകൂട്ടുകാരായി പഴയ ഇരിപ്പിടങ്ങളിൽ ഒരുമിച്ചിരുന്നു. ഓർമകൾ 52 വർഷം പുറകിലേക്ക് ചലിച്ചു. യൂസുഫും ഗിരിജയും ഫിലോമിനയും മാത്യുവുമെല്ലാം നല്ല ഓർമകളുടെ സൗഹൃകാലം ഓർത്ത് പുഞ്ചിരിച്ചു, തമാശകൾ പങ്കുവെച്ച് പൊട്ടിചിരിച്ചു...ഇവരുടെ സഹപാഠിയായിരുന്ന യൂസുഫ് ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന മുൻനിര ബിസിനസ്സുകാരനായ എം.എ. യൂസുഫലിയാണ്.
ലോകരാഷ്ട്രങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിച്ച ലുലു ഗ്രൂപ്പിന്റെ ഉടമ, രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിത്വം. എന്നാൽ പഴയ കൂട്ടുകാരുടെ അടുത്തെത്തിയതും, യൂസുഫ് ഭായ് സഹപാഠികളുടെ യൂസുഫ് അലിയായി. പരസ്പരം ഓർമകൾ പങ്കുവെച്ച് അവരിലൊരാളായി ക്ലാസ് മുറിയിൽ ചിലവഴിച്ചു. എം.എ. യൂസുഫ് അലിയെ കാണാനായി സഹപാഠികളെല്ലാം ക്ലാസ് മുറിയിൽ പഴയ ഇരിപ്പിടങ്ങളിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഓരോരുത്തരുടെയും അടുത്ത് ചെന്ന് പേര് വിളിച്ച് യൂസുഫ് അലി ഓർമ പുതുക്കി. വർഷങ്ങൾ കഴിഞ്ഞിട്ടും പേര് പോലും മറക്കാത്ത പ്രിയ കൂട്ടുകാരന്റെ സ്നേഹത്തിന് മുന്നിൽ ചിലരുടെ കണ്ണുനിറഞ്ഞു, മറ്റുചിലർ ചേർത്തുപിടിച്ചു, അടുത്ത് വന്ന് പഴയ കൂട്ടുകാരനായിരിക്കാൻ ചേർത്തുവിളിച്ചു.
കൂട്ടിന് മാഷുമാരും ടീച്ചർമാരും. പഴയപോലെ ക്ലാസ് ടീച്ചറുടെ കസേരയിലുണ്ടായിരുന്നു കണക്ക് അധ്യാപികയായിരുന്ന ലില്ലി ടീച്ചർ. പ്രിയപ്പെട്ട അധ്യാപികയെ കണ്ടതും ഉടൻ തന്നെ ലില്ലി ടീച്ചറുടെ അടുത്തേക്ക് ചെന്ന് യൂസുഫലി ആദരിച്ചു. പിന്നീട് ഏവരും ഒരുമിച്ച് പഴയ ഇരിപ്പിടങ്ങളിൽ ഇരുന്ന് ഓർമകളും വിശേഷങ്ങളും പങ്കുവെച്ചു. ക്ലാസ് മുറിയിൽ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ, മുൻനിരയിൽ ക്ലാസിന്റെ പ്രിയപ്പെട്ട ലില്ലി ടീച്ചറുമുണ്ടായിരുന്നു. തൊട്ടടുത്തിരുന്ന ലില്ലി ടീച്ചറുടെ വിശേഷങ്ങൾ യൂസുഫ് അലി ചോദിച്ചറിഞ്ഞു. പിന്നാലെ ലില്ലി ടീച്ചർക്കൊപ്പം സഹപാഠികളോടൊത്ത് കേക്ക് മുറിച്ചു. ഒരു കഷ്ണം കേക്ക് യൂസുഫ് അലി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നൽകി, പിന്നാലെ നെറ്റിയിൽ സ്നേഹാദരമായി ഒരു ഉമ്മയും നൽകി.
മുൻബെഞ്ചിലിരുന്ന യൂസുഫലിക്ക് സഹപാഠി ഗിരിജ സ്നേഹസമ്മാനമായി വീട്ടിൽ നിന്നുണ്ടാക്കിയ അട കൊണ്ടുവന്നിരുന്നു, ഏറെ സന്തോഷത്തോടെ മറ്റുള്ളവർക്കൊപ്പം അട കഴിച്ചു. ഒരട വീട്ടിലേക്കായി യൂസുഫ് അലി കൈയിൽ കരുതി. യൂസുഫലി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് കാരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളിൽനിന്നാണ്. സൗഹൃദ കൂട്ടായ്മ സദസ്സിലേക്ക് 1970-71 ബാച്ചിലെ വിദ്യാർഥികളും അധ്യാപകരും എത്തിയിരുന്നു. പൂർവ വിദ്യാർഥഇ സംഗമത്തിന്റെ വിവരം അറിഞ്ഞയുടൻ എല്ലാ തിരക്കുകളും മാറ്റിവെച്ചാണ് അദ്ദേഹം സൗഹൃദസംഗമത്തിന് എത്തിയത്.
വാർധക്യസംബന്ധമായ പ്രശ്നങ്ങൾ അലട്ടിയിരുന്ന അധ്യാപകർ പോലും ഈ ചടങ്ങിലേക്ക് എത്തിചേർന്നു. വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന കൊച്ചുമേരി ടി.കെ, കാലിന് പ്രശ്നമുള്ളതിനാല് വേദിയിലേക്ക് കയറാൻ കഴിയാതെ സദസിൽ തന്നെയാണ് ഇരുന്നത്. ഇതറിഞ്ഞതും മുഖ്യാതിഥിയായിരുന്ന യൂസുഫലി വേദിയിൽനിന്ന് സദസിലേക്ക് ഇറങ്ങിച്ചെന്ന് കൊച്ചുമേരി ടീച്ചറുടെ അടുത്തെത്തി, ടീച്ചറേ നിങ്ങളുടെ പഴയ യൂസുഫ് അലിയാണെന്ന് പറഞ്ഞ് പ്രിയപ്പെട്ട അധ്യാപികയുടെ കൈകൾ ചേർത്ത് പിടിച്ച് അനുഗ്രഹം വാങ്ങി. കണ്ട് നിന്ന ഏവരുടെയും മനസ്സ് നിറയുന്നതായി ഈ കാഴ്ച.
അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും അധ്യാപകരെയും സഹപാഠികളെയും മുഴുവൻ പേരെടുത്ത് വിളിച്ചാണ് യൂസുഫലി സംസാരിച്ചത്. തൃപയാറിൽ നിന്ന് ബസ് കയറിയും നടന്നും കരാഞ്ചിറ സ്കൂളിലേക്ക് എത്തിയിരുന്ന കാലം അദ്ദേഹം ഓർത്തെടുത്തു. സ്കൂൾ വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങളാണ് ബിസിനസ് ജീവിതത്തിൽ തനിക്ക് സഹനശക്തിയും കരുത്തും നൽകുന്നത്. ലോകത്ത് എവിടെ പോയാലും കേരളത്തിന്‍റെയും ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെയും പ്രസ്കതിയാണ് താൻ മറ്റുള്ളവരുമായി പങ്കുവെക്കുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ചങ്ങമ്പുഴയുടെ കവിത ചൊല്ലിയാണ് ഊഷ്മളമായ സൗഹൃദ ഓർമകൾ സദസ്സിൽ യൂസുഫലി പങ്കുവച്ചത്.
കരാഞ്ചിറ സ്കൂളിലെ അധ്യാപകരും സഹപാഠികളും ചേർന്ന് യൂസുഫലിയെ പൊന്നാട അണിയിച്ചു. സ്കൂൾ അധികൃതർ ഉപഹാരം സമ്മാനിച്ചു. കൂടുതൽ ക്ലാസ് മുറികൾ നിർമിക്കുന്നതിനും അടിസ്ഥാനസൗകര്യ വിസനത്തിനുമായി 50 ലക്ഷം രൂപ നൽകുമെന്ന് യൂസുഫലി പ്രഖ്യാപിച്ചു. കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂൾ മാനേജർ ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ, പൂർവ അധ്യാപകൻ തോമസ് ജോൺ ആലപ്പാട്ട്, സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജെ. മഞ്ജു, പൂർവ വിദ്യാർഥിയും മുൻ ഡെപ്യൂട്ടി കലക്ടറുമായ ഗിരിജ രാജൻ, പൂർവ വിദ്യാർഥികളായ എ.ടി. മാത്യു, ടി.എം. ബലരാമൻ, സി. ബാലകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.