റോള്‍ നമ്പര്‍ 14, എം.എ. യൂസുഫലി... ഹാജർ
text_fieldsവാടാനപ്പള്ളി: റോള്‍ നമ്പര്‍ 14. എം.എ. യൂസുഫലി. കരാഞ്ചിറ സെൻറ് സേവ്യേഴ്സ് സ്കൂളിലെ ക്ലാസ് മുറിയിലെ പഴയ ഹാജര്‍ ബുക്കില്‍ അദ്ദേഹം ഒരിക്കല്‍കൂടി കണ്ണോടിച്ചു.
വർഷങ്ങൾക്കിപ്പുറവും മായാതെ കിടക്കുന്ന ഓർമകൾ മനസ്സിലേക്ക് ഓടിയെത്തി. 51 വർഷങ്ങൾക്കുശേഷം കരാഞ്ചിറ സ്കൂളിൽ 'വിദ്യാർഥിയായി'ഹാജർവെച്ച് വ്യവസായി എം.എ. യൂസുഫലി പഴയ കൂട്ടുകാർക്കൊപ്പം ഒത്തുകൂടി. സഹപാഠികൾക്കൊപ്പം ഓർമകൾ പങ്കിട്ട യൂസുഫലി, അവരുടെ കണ്ണീരൊപ്പാനും കൈത്താങ്ങായി. പുഞ്ചിരിക്കാൻ പഠിപ്പിച്ച അധ്യാപകരെയും കൂടെ കളിച്ച കൂട്ടുകാരെയും കണ്ട് വീണ്ടും സ്നേഹം പങ്കിട്ടു.
ചുറ്റും കൂടിയവര്‍ക്കിടയില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച ഉറ്റകൂട്ടുകാരനായ പി.എം. സുകുമാരനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞു. ''പഴയ യൂസുഫലി തന്നെയാണ്. പേര് വിളിച്ചാല്‍ മതി''. ടീഷര്‍ട്ടും മുണ്ടും ഉടുത്ത് ക്ലാസില്‍ വന്നിരുന്ന സഹപാഠിയെ ഓര്‍ത്തെടുത്തെങ്കിലും പേര് വിളിക്കാന്‍ മടിച്ച് മാറിനിന്ന ഫിലോമിനയോടായിരുന്നു ഈ വാക്കുകള്‍. ദേവസ് ചേട്ടെൻറ ചായപ്പീടികയെക്കുറിച്ചും അന്വേഷിക്കാന്‍ മറന്നില്ല. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. സ്കൂള്‍ മുറ്റത്ത് എല്ലാവരോടുമൊപ്പം മാവിന് തൈ നട്ടു.സന്തോഷ നിമിഷങ്ങൾക്കിടയിലാണ് കൂട്ടുകാെൻറ വീട് ജപ്തിയിൽ എന്ന കാര്യം അറിഞ്ഞത്. ജപ്തി ഒഴിവാക്കാൻ സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് അറിയിച്ചു. കളിച്ചുവളർന്ന സ്കൂളിലും എന്ത് കുറവുകൾക്കും വിളിക്കണമെന്ന് അധ്യാപകർക്ക് ശിഷ്യെൻറ ഉറപ്പ്. കോവിഡ് പ്രശ്നങ്ങളൊക്കെ മാറിയ ശേഷം സ്കൂള്‍ ആനിവേഴ്സറിക്ക് കാണാം എന്ന് ഉറപ്പ് നല്‍കിയായിരുന്നു യൂസുഫലിയുടെ മടക്കം.
1970കളില്‍ എട്ടാം ക്ലാസ് മുതല്‍ എസ്.എസ്.എല്‍.സി വരെ പഠിച്ച കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിലേക്കാണ് എം.എ. യൂസുഫലി കടന്നുവന്നത്. കരാഞ്ചിറയിൽ സ്വകാര്യ ചടങ്ങിനെത്തിയപ്പോൾ സെൻറ് സേവ്യേഴ്സ് സ്കൂൾ ഗ്രൗണ്ടിൽ യൂസഫലിയുടെ ഹെലികോപ്ടർ ഇറക്കുകയായിരുന്നു.
സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നടണമെന്ന് പ്രധാനാധ്യാപകൻ യൂസുഫലിയോട് ആവശ്യപ്പെട്ടതാണ് വർഷങ്ങൾക്കുശേഷമുള്ള ഈ ഒത്തുചേരലിന് വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.