വാക്കുപാലിച്ച് എം.എ. യൂസുഫലി; പുതുപ്പള്ളി എറികാട് ഗവ. യു.പി സ്കൂളിന് സ്കൂൾ ബസുകളായി
text_fieldsപുതുപ്പള്ളി: എറികാട് ഗവ. യു.പി സ്കൂളിന് ഇത് സ്വപ്ന സാഫല്യം. സ്വന്തമായി രണ്ട് സ്കൂൾ ബസ് ഇന്നുമുതൽ ഈ വിദ്യാലയത്തിന്റെ മുറ്റത്തുണ്ടാകും. വർഷങ്ങൾ നീണ്ട ആഗ്രഹം എം.എ. യൂസുഫലിയുടെ സഹായത്താൽ യാഥാർഥ്യമായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം നിറവേറ്റുമെന്ന് നൽകിയ വാക്ക് ആഴ്ചകൾക്കുള്ളിൽ എം.എ. യൂസുഫലി പാലിച്ചു.
ഒരു സ്കൂൾ ബസ് ആവശ്യപ്പെട്ടിരുന്നിടത്ത് രണ്ടെണ്ണമാണ് നൽകിയത്. എം.എ. യൂസുഫലിക്കുവേണ്ടി ലുലു ഇന്ത്യ ചീഫ് ഓപറേറ്റിങ് ഓഫിസർ രജിത് രാധാകൃഷ്ണൻ, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, പി.ആർ.ഒ ജോയി എബ്രഹാം എന്നിവർ ചേർന്ന് ചാണ്ടി ഉമ്മൻ എം.എൽ.എക്ക് ബസുകളുടെ താക്കോൽ കൈമാറി. വിദ്യാർഥികളുടെയും പി.ടി.എ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രിൻസിപ്പലിന് താക്കോൽ നൽകി. പി.ടി.എ പ്രസിഡന്റ് വി.ആർ. സിറിൽ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് സെന്റർ കൂടി സ്കൂളിനോട് ചേർന്ന് യാഥാർഥ്യമാക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇതിന് എം.എ. യൂസുഫലിയുടെ സഹായം അഭ്യർഥിക്കുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ വിയോഗശേഷം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ എം.എ. യൂസുഫലി പുതുപ്പള്ളിയിലെത്തിയപ്പോഴാണ് എറികാട് ഗവ. സ്കൂൾ വിദ്യാർഥികൾ നിവേദനവുമായി സമീപിച്ചത്. സ്വന്തമായി സ്കൂൾബസ് വേണമെന്നായിരുന്നു നിവേദനം. നേരത്തേ ഉമ്മൻ ചാണ്ടിയെ സ്കൂൾ അധികൃതർ ഇതേ ആവശ്യവുമായി സമീപിച്ചിരുന്നു, യൂസുഫലിയെ അറിയിച്ച് സ്കൂളിന്റെ ആഗ്രഹം സഫലീകരിക്കുമെന്ന് അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. അദ്ദേഹം മരണപ്പെട്ടതോടെ ഈ ആഗ്രഹം ബാക്കിയായി. ഇതാണ് ഇപ്പോൾ സഫലമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.