യന്ത്രത്തകരാർ; ബോട്ട് ഒഴുകിയത് ഒമാൻ തീരത്തേക്ക്
text_fieldsവൈപ്പിൻ : യന്ത്രം തകരാറായതിനെ തുടർന്ന് ഒമാൻ തീരത്ത് എത്തിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കൊച്ചിയിൽ എത്തിച്ച് തമിഴ്നാട് ഫിഷറീസ് വകുപ്പിന് കൈമാറി.
തമിഴ്നാട് കന്യാകുമാരി ജില്ലയിൽ നിന്നുള്ള അരുളപ്പൻ എന്ന വ്യക്തിയുടെ ‘അലങ്കാര മാതാ’ എന്ന ബോട്ടാണ് എൻജിൻ തകരാറിനെ തുടർന്ന് ഒഴുകി ഒമാൻ തീരത്ത് എത്തിയത്. 12 മത്സ്യത്തൊഴിലാളികളുമായി സെപ്റ്റംബർ 10ന് കൊച്ചി തോപ്പുംപടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയതാണ് ഈ ബോട്ട്.
അഞ്ച് ദിവസത്തെ യാത്രക്കുശേഷം രണ്ടുദിവസം മത്സ്യബന്ധനത്തിൽ ഏർപ്പെട്ടു. മൂന്നാം ദിവസം രാത്രി എൻജിൻ പ്രവർത്തനരഹിതമാവുകയും എൻജിൻ റൂമിൽ വെള്ളം കയറുകയുമായിരുന്നു. തുടർന്ന് എട്ടുദിവസത്തോളം കടലിൽ ഒഴുകി നീങ്ങിയ ബോട്ടിനെ സെപ്റ്റംബർ 26ന് ‘യു.എഫ്എ.ൽ ദുബൈ’ എന്ന കപ്പൽ കാണുകയും അധികൃതരെ ബന്ധപ്പെടുകയുമായിരുന്നു.
ഇന്ത്യൻ കോസ്റ്റ്ഗാർഡ്/എം.ആർ.സി.സി( മറൈൻ റസ്ക്യൂ കോഓഡിനേഷൻ സെന്റർ) മുംബൈയിൽ നിന്നുള്ള നിർദ്ദേശപ്രകാരം ആവശ്യമായ വെള്ളവും ഭക്ഷണവും നൽകി. എൻജിൻ തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് ബോട്ടും അതിലുണ്ടായിരുന്ന എട്ട് ലക്ഷം രൂപയുടെ മത്സ്യവും കടലിൽ ഉപേക്ഷിച്ചു. തുടർന്ന് എം.ആർ.സി.സി നിർദേശപ്രകാരം മത്സ്യത്തൊഴിലാളികളെ ‘കൈല ഫോർച്യൂൺ’ എന്ന കപ്പലിൽ കയറ്റി കൊച്ചിയിലേക്ക് അയച്ചു. കൊച്ചിയുടെ ഔട്ടർ ആങ്കറേജിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കേരള ഫിഷറീസ് വകുപ്പിന്റെ മധ്യമേഖല ജോയന്റ് ഡയറക്ടർ മത്സ്യത്തൊഴിലാളികളെ സ്വീകരിച്ചു.
തുടർന്ന് ഫിഷറീസ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, കസ്റ്റംസ് എന്നിവരടങ്ങിയ സംഘം പ്രത്യാശ മറൈൻ ആംബുലൻസിൽ കപ്പലിലെത്തി മത്സ്യത്തൊഴിലാളികളെ ഏറ്റുവാങ്ങി. പ്രാഥമിക വൈദ്യപരിശോധനയിൽ 12 മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ കൊച്ചിയിലെ ആസ്ഥാനത്തും സീ പോർട്ട് എമിഗ്രേഷൻ ഓഫിസിലും നടത്തിയ വിശദ പരിശോധനകൾക്കുശേഷം തമിഴ്നാട് ഫിഷറീസ് വകുപ്പിന് മത്സ്യത്തൊഴിലാളികളെ വിട്ടുനൽകുകയായിരുന്നു.
മധ്യമേഖല ഫിഷറീസ് ജോയന്റ് ഡയറക്ടർ, എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുടെ നിർദേശ പ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് വിങ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് മഞ്ജിത്ത് ലാൽ, ഫിഷറീസ് വകുപ്പിലെ അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ഡോ. വിനു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളെ സ്വീകരിച്ച് നടപടികൾ പൂർത്തിയാക്കി തമിഴ്നാട് ഫിഷറീസ് വകുപ്പിന് കൈമാറിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.