എ.ഐ.ടി.യു.സി ബന്ധം ഉപേക്ഷിച്ച് മാക്ട ഫെഡറേഷൻ ഐ.എൻ.ടി.യു.സിയിലേക്ക്
text_fieldsകൊച്ചി: സിനിമയിലെ സാങ്കേതികപ്രവർത്തകരുടെ സംഘടനയായ മാക്ട ഫെഡറേഷൻ എ.ഐ.ടി.യു.സി വിട്ട് ഐ.എൻ.ടി.യു.സിയിലേക്ക്.
ഇതുസംബന്ധിച്ച് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരെൻറ നേതൃത്വത്തിൽ എറണാകുളത്ത് ബുധനാഴ്ച ചർച്ച നടക്കും. എൽ.ഡി.എഫ് അഞ്ചുവർഷം ഭരണത്തിലിരുന്ന കാലഘട്ടത്തിൽ ഒരുപരിഗണനയും ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് എ.ഐ.ടി.യു.സി ബന്ധം ഉപേക്ഷിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഡയറക്ടേഴ്സ് യൂനിയൻ, ജൂനിയർ ആർട്ടിസ്റ്റ് യൂനിയൻ, ഡ്രൈവേഴ്സ് യൂനിയൻ, എക്സിക്യൂട്ടിവ് യൂനിയൻ, ആർട്ട് യൂനിയൻ തുടങ്ങി 19 യൂനിയനും ഇതിെൻറ ഭാഗമാകുമെന്ന് അവർ കൂട്ടിച്ചേർത്തു. സംയുക്ത എക്സിക്യൂട്ടിവ് യോഗത്തിലാണ് ഐ.എൻ.ടി.യു.സിയുമായി ചർച്ച നടത്താൻ തീരുമാനമായത്.
ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട ബോർഡുകളിൽ അംഗമാകാൻപോലും സംഘടനയിലെ പ്രതിനിധികൾക്ക് അവസരം ലഭിച്ചില്ലെന്ന് മാക്ട ഫെഡറേഷൻ വർക്കിങ് പ്രസിഡൻറും എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവുമായ അജ്മൽ ശ്രീകണ്ഠാപുരം 'മാധ്യമ'ത്തോട് പറഞ്ഞു.
ഭരിക്കുന്ന പാർട്ടിയുടെ യൂനിയനാണെന്ന പരിഗണന ഇതുവരെ നൽകിയിട്ടില്ല. ചലച്ചിത്ര അക്കാദമിയിലടക്കം ഒരുവിലയും ലഭിച്ചിട്ടില്ല. എക്സിക്യൂട്ടിവ് യോഗത്തിൽ ഒരാൾപോലും എ.ഐ.ടി.യു.സി ബന്ധം തുടരണമെന്ന നിലപാടെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര എക്സിക്യൂട്ടിവ് യോഗത്തിൽ ഓൺലൈനായാണ് പങ്കെടുത്തത്. ബുധനാഴ്ച നടക്കുന്ന ചർച്ചയിലും അദ്ദേഹം ഫോണിലൂടെ പങ്കെടുക്കും. ചർച്ചയിൽ ധാരണയായാൽ വരുംദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.