ഉമ്മയെ കണ്ടു; മഅ്ദനി വിതുമ്പി...
text_fieldsശാസ്താംകോട്ട: ‘ഉമ്മാ’ എന്ന സ്നേഹം നിറഞ്ഞ വിളിക്ക് പ്രതികരണമില്ലാതായപ്പോൾ അബ്ദ ുന്നാസിർ മഅ്ദനി അവരുടെ കൈകൾ ചേർത്തുപിടിച്ചു... നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി നിൽക്കുന്ന മകനുമുന്നിൽ അസ്മാബീവിയുടെ ചുണ്ടുകൾ ചെറുതായി അനങ്ങി. കഴിഞ്ഞതവണ ഏറെനേരം സംസാരിച്ചതാണ്, ഇപ്പോഴിതാ തന്നെ തിരിച്ചറിയാൻ പോലുമാകാത്ത അബോധാവസ്ഥയിൽ; ആകെ ഉലഞ്ഞുപോയ മഅ്ദനിയെ കണ്ട് ബന്ധുക്കൾക്ക് സങ്കടമടക്കാനായില്ല. ശ്വാസകോശാർബുദം ബാധിച്ച് ശാസ്താംകോട്ട പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ ആശുപത്രിയിൽ കഴിയുന്ന അസ്മാബീവിയെ കാണാൻ ചൊവ്വാഴ്ച ഉച്ചക്കാണ് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി എത്തിയത്. ഉമ്മയെ കണ്ടശേഷം മഅ്ദനി കുടുംബവീടായ മൈനാഗപ്പള്ളി തോട്ടുവാൽ മൻസിലിൽ പക്ഷാഘാതം വന്ന് തളർന്ന് കിടക്കുന്ന പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്ററെ കണ്ടു.
ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞു. അൻവാർശ്ശേരിയിലെത്തിയ മഅ്ദനി അനാഥകുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ഭാര്യ സൂഫിയയും ഇളയ മകൻ സ്വലാഹുദ്ദീൻ അയ്യൂബിയും ഒപ്പമുണ്ട്. മാതാവിനെ കാണാൻ കോടതി അനുമതിയോടെ ബംഗളൂരുവിൽനിന്നെത്തിയ മഅ്ദനിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ പി.ഡി.പി നേതാക്കളും പ്രവർത്തകരും വായ്മൂടിക്കെട്ടിയാണ് സ്വീകരിച്ചതും അനുഗമിച്ചതും.
മാധ്യമങ്ങളുമായി സംസാരിക്കുന്നത് കോടതി വിലക്കിയതിൽ പ്രതിഷേധിച്ചായിരുന്നു വായ് മൂടിക്കെട്ടിയത്. ചൊവ്വാഴ്ച രാവിലെ 10.15ന് ഇന്‍ഡിഗോ എയര്‍വേസ് വിമാനത്തിൽ ശംഖുംമുഖത്തെ ആഭ്യന്തര ടെര്‍മിനലില്‍ വന്നിറങ്ങിയ മഅദ്നിയെ പി.ഡി.പി സംസ്ഥാന വൈസ് ചെയര്മാന് പൂന്തുറ സിറാജിെൻറ നേതൃത്വത്തിലാണ് സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലീം ബാബു, നിയാസ് നവാസ്, മുഹമ്മദ്, 11 അംഗ കര്‍ണാടക പൊലീസ് സംഘം എന്നിവര്‍ ബംഗളൂരുവില്‍ നിന്നുള്ള യാത്രയില്‍ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.