മഅ്ദനി തിരുവനന്തപുരത്ത് വിമാനമിറങ്ങി; ഇനി റോഡുമാർഗം അൻവാർശേരിയിലേക്ക്
text_fieldsതിരുവനന്തപുരം: പി.ഡി.പി. ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി തിരുവനന്തപുരത്ത് വിമാനമിറങ്ങി. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി തിരിച്ചെത്തിയത്. വ്യാഴാഴ്ച 11.30 ഓടെ ബംഗളുരുവിൽ നിന്ന് വിമാനമാർഗമാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഭാര്യ സൂഫിയ മഅദനിയും മകൻ സലാഹുദ്ദീൻ അയ്യൂബിയുമടക്കം 13 പേർ കൂടെയുണ്ട്.
ഇനി റോഡുമാർഗം മഅ്ദനി അൻവാർശേരിയിലേക്ക് പോകും. മഅ്ദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രമാണ് സ്വീകരിച്ചത്. അൻവാർശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം അൻവാർശ്ശേരിയിൽ തുടരാനും ശേഷം ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
കൊല്ലം ജില്ല വിട്ടുപോകരുതെന്ന ഉപാധിയിൽ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞദിവസം ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ചികിത്സക്കായി വേണമെങ്കിൽ പൊലീസ് അനുമതിയോടെ കൊല്ലത്തിന് പുറത്തേക്ക് പോകാനും സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. വിചാരണ പൂർത്തിയായത് കണക്കിലെടുത്താണ് 2014 ജൂലൈ 11ന് പുറപ്പെടുവിച്ച ജാമ്യവ്യവസ്ഥ പരിഷ്‌കരിച്ച് ഉത്തരവിട്ടത്.
കിടപ്പിലായ പിതാവിനെ സന്ദര്‍ശിക്കാൻ ഏപ്രില്‍ 17ന് മഅ്ദനിക്ക് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നല്‍കിയിരുന്നു. എന്നാല്‍, സുരക്ഷാ ചെലവിനത്തില്‍ അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ 60 ലക്ഷം രൂപ ഒടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ യാത്ര ഒഴിവാക്കി. കോൺഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഇക്കാര്യത്തില്‍ ഇളവ് നൽകിയതോടെ ജൂൺ 26ന് അദ്ദേഹം ബംഗളൂരുവിൽനിന്ന് വിമാനമാർഗം കൊച്ചിയിൽ എത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ യാത്ര ചെയ്യാനായില്ല. ഒടുവിൽ പിതാവിനെ കാണാനാകാതെ ബംഗളൂരുവിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.