ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി മഅ്ദനി സുപ്രീം കോടതിയിലേക്ക്
text_fieldsബംഗളൂരു: ബാംഗ്ലൂര്‍ സ്ഫോടക്കേസില്‍ പ്രതിചേർത്ത് ജാമ്യത്തില്‍ ബംഗളൂരുവിൽ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീം കോടതിയെ സമീപിക്കും.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അനുമതി ഇല്ലാതെ ബംഗളൂരു നഗരപരിധി വിടരുത് തുടങ്ങിയ നിബന്ധനകളോടെ 2014ല്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.
അർബുദ രോഗബാധിതയായ മാതാവിനെ കാണാനും 2018 ല്‍ അവരുടെ മരണസമയത്തും 2020-ല്‍ മൂത്തമകന് ഉമര്‍ മുഖ്ത്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും സുപ്രീം കോടതിയുടെ അനുമതിയോടെ അദ്ദേഹം കേരളത്തിലെത്തിയിരുന്നു. 2011 മുതല്‍ ബാംഗ്ലൂരിലെ സിറ്റി സിവില്‍ കോടതിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ. വിവിധ കാരണങ്ങളാല്‍ പലപ്പോഴും വിചാരണ മുടങ്ങി.
വിചാരണ നടപടിക്രമങ്ങളുടെ പ്രധാനഘട്ടം പൂര്‍ത്തിയായെങ്കിലും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ പുതിയ ഹരജിയെ തുടര്‍ന്ന് വിചാരണ തടസ്സപ്പെട്ടിരിക്കുകയാണ്. കേസിലെ ചില പ്രതികള്‍ക്കെതിരെ വിചാരണ കോടതിയില്‍ പ്രോസിക്യൂഷന് സമര്‍പ്പിച്ച ചില രേഖകള്‍ ഇന്ത്യന്‍ തെളിവ് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളവയല്ല എന്ന കാരണം പറഞ്ഞ് തള്ളിയിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ണാടക ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. തുടര്‍ന്ന് പ്രത്യേക അനുമതി ഹരജിയുമായി കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് വിചാരണ സ്റ്റേ ചെയ്തത്. പക്ഷാഘാതത്തിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള ചികിത്സ തുടരുന്നതായി മഅ്ദനിക്ക് ഒപ്പമുള്ള പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു. 12 വര്‍ഷമായി ശയ്യാവലംബിയായ പിതാവിനെ കാണാനുള്ള അനുവാദവും മഅ്ദനി തന്റെ ജാമ്യഇളവ് തേടിയുള്ള ഹരജിയില്‍ ആവശ്യപ്പെടും. സുപ്രീംകോടതി അഭിഭാഷകന് അഡ്വ. ഹാരിസ് ബീരാന് മുഖേനയാണ് ഹരജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.