മഅ്ദനി: തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ
text_fieldsതിരുവനന്തപുരം: പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തിൽ മതപണ്ഡിതരും സംഘടനാ നേതാക്കളും തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം വലിയ ഖാദി ചന്തിരൂർ വി.എം. അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്യും.
നിരവധി രോഗങ്ങൾ വേട്ടയാടുന്ന മഅ്ദനിയുടെ ആരോഗ്യാവസ്ഥ ആശങ്കജനകമാണ്. ബംഗളൂരുവിന് പുറത്തേക്ക് പോകാൻ കഴിയാത്തതിനാൽ ഫലപ്രദമായ ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ട്. സംസ്ഥാന സർക്കാർ ഉന്നത മെഡിക്കൽ സംഘത്തെ നിയോഗിച്ച് മഅ്ദനിയുടെ ജീവൻ നിലനിർത്താൻ അടിയന്തര ഇടപെടൽ നടത്തണം.
മഅ്ദനി വിഷയത്തിൽ കേരളത്തിലെ മതേതര പ്രസ്ഥാനങ്ങൾ പോലും പ്രതികരിക്കാതെ നിസ്സംഗതയോടെ നോക്കിനിൽക്കുന്നത് ജനാധിപത്യത്തിന് അപമാനകരമാണ്. മഅ്ദനിയുടെ രോഗശമനത്തിനും പൂർണ മോചനത്തിനുമായി വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രാർഥന നടത്തണമെന്നും നേതാക്കളായ പാച്ചല്ലൂർ അബ്ദുസലിം മൗലവി, മൗലവി നവാസ് മന്നാനി പനവൂർ, കുറ്റിച്ചൽ ഹസൻ ബസരി മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, മൗലവി മുഹമ്മദ് നിസാർ അൽഖാസിമി എന്നിവർ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.