മകെൻറ വിവാഹം: മഅ്ദനിയുടെ അപേക്ഷയിൽ തിങ്കളാഴ്ച വിധി
text_fieldsബംഗളൂരു: മകെൻറ കല്യാണത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിലേക്ക് പോകാൻ അനുമതി തേടി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി നൽകിയ അപേക്ഷയിൽ ബംഗളൂരു എൻ.ഐ.എ കോടതി തിങ്കളാഴ്ച വിധി പറയും.
വ്യാഴാഴ്ച അപേക്ഷയിൽ വാദം നടക്കുന്നതിനിടെ കർണാടക സർക്കാർ മഅ്ദനിയുടെ ആവശ്യത്തെ ശക്തമായി എതിർത്തു. മകൻ ഹാഫിസ് ഉമർ മുക്താറിെൻറ കല്യാണത്തിൽ പങ്കെടുക്കുന്നതിനും രോഗിയായ ഉമ്മയെ സന്ദർശിക്കുന്നതിനും ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് മഅ്ദനി അപേക്ഷ നൽകിയത്.
നിലവിലുള്ള ജാമ്യം റദ്ദാക്കി മഅ്ദനിക്ക് തിരികെ ജയിലിൽ പ്രവേശിച്ചതിനുശേഷം പൊലീസ് കസ്റ്റഡിയിൽ നാട്ടിൽ പോകാമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. എതിർ സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങളും പബ്ലിക് പ്രോസിക്യൂട്ടർ സദാശിവ കോടതിയിൽ ആവർത്തിച്ചു. കഴിഞ്ഞ മൂന്നു തവണ നാട്ടിൽ പോയപ്പോഴും ജാമ്യവ്യവസ്ഥ കർശനമായി പാലിച്ചിട്ടുണ്ടെന്ന് മഅ്ദനിയുടെ അഭിഭാഷകർ കോടതിയെ ബോധ്യപ്പെടുത്തി. കോടതിയെ കൂടുതൽ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് മകെൻറ കല്യാണത്തിൽ പങ്കെടുക്കുന്നതും ഉമ്മയെ സന്ദർശിക്കുന്നതും ഒരുമിച്ചാക്കിയതെന്നും അഭിഭാഷകർ വ്യക്തമാക്കി. തുടർന്നാണ് വാദം പൂർത്തിയാക്കി കോടതി ജഡ്ജി ശിവണ്ണ അപേക്ഷയിൽ വിധി പറയാനായി മാറ്റിവെച്ചത്.
മഅ്ദനിക്കുവേണ്ടി അഡ്വ. ടോമി സെബാസ്റ്റ്യൻ, അഡ്വ. പി. ഉസ്മാൻ എന്നിവർ കോടതിയിൽ ഹാജരായി. ആഗസ്റ്റ് ഒമ്പതിന് തലശ്ശേരി ടൗൺഹാളിലാണ് മകെൻറ കല്യാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.