ജാമ്യ ഇളവ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ആരോഗ്യാവസ്ഥയിൽ മാറ്റമില്ലാതെ മഅ്ദനി
text_fieldsകൊച്ചി: ജാമ്യ ഇളവ് അവസാനിക്കാൻ രണ്ടുദിനം മാത്രം ശേഷിക്കേ ആരോഗ്യാവസ്ഥയിൽ മാറ്റമില്ലാതെ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. ഒമ്പത് ദിവസമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ് മഅ്ദനി.
ഡോക്ടർമാർ യാത്ര വിലക്കിയതോടെ ഗുരുതരാവസ്ഥയിൽ കഴിയുന്ന പിതാവിനെ കാണാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും യാഥാർഥ്യമായിട്ടില്ല. സുപ്രീംകോടതി അനുവദിച്ച ജാമ്യഇളവ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ബംഗളൂരിലേക്കുള്ള മടക്കയാത്രയും അനിശ്ചിതത്വത്തിലായി. ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി ഡോക്ടർമാർ ഈ യാത്രയും ഒഴിവാക്കണമെന്നാണ് നിർദേശിക്കുന്നത്.
രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലുകളും ക്രിയാറ്റിൻ അളവ് 10.4 എന്ന അപകടകരമായ അവസ്ഥയിൽ നിൽക്കുന്നതുമാണ് ആരോഗ്യാവസ്ഥ ആശങ്കയിലാക്കുന്നത്. ദിവസങ്ങളായി ഇത് നിയന്ത്രണവിധേയമാക്കാൻ ഡോക്ടർമാർ ശ്രമിക്കുന്നുണ്ടെങ്കിലും പ്രയോജനം ചെയ്തിട്ടില്ല. കൊല്ലം അൻവാർശ്ശേരിയിലെത്തി പിതാവിനെ കാണണമെന്ന ആഗ്രഹം മഅ്ദനി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഡോക്ടർമാർ അനുവദിച്ചിട്ടുമില്ല. ജാമ്യ ഇളവിന്റെ പിൻബലത്തിൽ കഴിഞ്ഞ 26ന് വൈകീട്ടാണ് മഅ്ദനി കേരളത്തിലെത്തിയത്. അവശനിലയിൽ കഴിയുന്ന പിതാവിനെ കാണലും മാതാവിന്റെ കബറിട സന്ദർശനവുമായിരുന്നു പ്രധാന ലക്ഷ്യം.
എന്നാൽ, നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി, സ്വദേശത്തേക്കുള്ള യാത്രക്കിടെ ആലുവയിൽ െവച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ മഅ്ദനിയെ രാത്രിതന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആരോഗ്യനില വീണ്ടെടുത്ത് പിറ്റേദിവസം യാത്ര തുടരാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൂടുതൽ അപകടാവസ്ഥയിലാകുകയായിരുന്നു. ഏപ്രിൽ 17നാണ് രോഗിയായ പിതാവിനെ കാണാൻ സുപ്രീംകോടതി ജാമ്യ വ്യവസ്ഥകളിൽ മൂന്ന് മാസത്തെ ഇളവ് നൽകിയത്.എന്നാൽ, അന്നത്തെ കർണാടക സർക്കാർ യാത്ര ചെലവിനത്തിൽ ഭീമമായ തുക ചുമത്തിയതോടെ യാത്ര മുടങ്ങുകയായിരുന്നു.
ഡയാലിസിസ് വേണമെന്ന് സർക്കാർ മെഡിക്കൽ സംഘം
കൊച്ചി: ആരോഗ്യാവസ്ഥ മോശമായ അബ്ദുന്നാസിർ മഅ്ദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ മെഡിക്കൽ സംഘം. കളമശ്ശേരി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേശ് മോഹന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് സ്വകാര്യ ആശുപത്രിയിലെത്തി മഅ്ദനിയുടെ ആരോഗ്യാവസ്ഥ വിലയിരുത്തിയത്.
മഅ്ദനിക്ക് ഉയർന്ന രക്തസമ്മർദവും ക്രിയാറ്റിന്റെ അളവ് കൂടുതലുമാണ്. ഇക്കാര്യങ്ങൾ സർക്കാറിന് റിപ്പോർട്ടായി നൽകുമെന്ന് സംഘം വ്യക്തമാക്കി.മഅ്ദനിയുടെ ആരോഗ്യാവസ്ഥ വിലയിരുത്താൻ മെഡിക്കൽ സംഘത്തെ അയക്കണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.