മടപ്പള്ളി കോളജിൽ അധ്യാപകനുനേരെ എസ്.എഫ്.ഐയുടെ അതിക്രമം
text_fieldsവടകര: മടപ്പള്ളി ഗവ. കോളജിലെ മലയാളം വിഭാഗം മേധാവിയും പ്രശസ്ത കവിയുമായ വീരാൻകുട്ടിക്കുനേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ അതിക്രമം. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ സംഘടിച്ചത്തെിയ വിദ്യാർഥികൾ വീരാൻകുട്ടിയെ ചോദ്യംചെയ്യുകയായിരുന്നു. രാവിലെ 9.30 ഓടെ ക്ലാസ് മുറിക്ക് പുറത്ത് കൂട്ടം കൂടി നിന്ന വിദ്യാർഥികളോട് വീരാൻ കുട്ടി അകത്ത് കയറാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായാണ് ചോദ്യം ചെയ്യാനെത്തിയത്.
വിദ്യാർഥികളുടെ പ്രകോപനവും സമീപനവും ശരിയല്ലെന്ന് കണ്ടതോടെ മറ്റ് അധ്യാപകരും രംഗത്തെത്തി. രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്, ഏറെ നേരം അധ്യാപകരും വിദ്യാർഥികളും തമ്മിൽ വാക്കേറ്റം നടന്നു. തുടർന്ന് എസ്.എഫ്.ഐക്കാർ അധ്യാപകർക്കെതിരെ പ്രകടനം നടത്തി. ഇതോടെ, അധ്യാപക സംഘടനായ എ.കെ.ജി.സി.ടി.എയുടെ പേരിൽ അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ ഇരുപക്ഷവും പ്രശ്നങ്ങൾ അവസാനിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.
വിഷയത്തിൽ ഇരുവിഭാഗവും പരാതി ഒരിടത്തും നൽകിയിട്ടില്ല. എന്നാൽ, അധ്യാപകനെ അപമാനിക്കുന്ന തരത്തിലേക്ക് വിദ്യാർഥി സംഘടനാപ്രവർത്തനം മാറുന്നതിൽ അധ്യാപകർക്കിടയിൽ കടുത്ത അമർഷമുണ്ട്. അടുത്തിടെയായി ഇത്തരം പ്രശ്നങ്ങൾ കോളജിൽ നടന്നുവരുന്നതായും ആക്ഷേപമുണ്ട്. മടപ്പള്ളി കോളജിന്‍റെ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് ചരിത്രത്തിൽ ആദ്യമായി വെള്ളിയാഴ്ച കെ.എസ്.യുവിന്‍റെ പഠിപ്പുമുടക്ക് നടന്നിരുന്നു. കെ.എസ്.യു. പ്രവർത്തകരായ വിദ്യാർഥിനികളാണ് സമരത്തിന് നേതൃത്വം കൊടുത്തത്. മറ്റു വിദ്യാർഥി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചിരുന്ന മടപ്പള്ളിയിൽ കെ.എസ്.യു. സമരം നടന്നതിലുള്ള പ്രതിഷേധമാണ് അധ്യാപകനെതിരെ തിരിയാൻ കാരണമായതെന്ന് കെ.എസ്.യു. ആരോപിച്ചു. എന്നാൽ, ഇത്തരം സംഭവങ്ങളുമായി എസ്.എഫ്.ഐക്ക് ബന്ധമില്ലെന്ന് കോളജ് യൂനിയൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.