മഠത്തിൽപറമ്പ് കോളനി സംഘർഷം: പൊലീസിന് വീഴ്ചയെന്ന് റവന്യൂവകുപ്പ്
text_fieldsആലപ്പുഴ: വഴിത്തർക്കത്തിെൻറ പേരിൽ രാമങ്കരി മണലാടി മഠത്തിൽപറമ്പ് ലക്ഷംവീട് കോളനിയിലുണ്ടായ സംഘർഷം രൂക്ഷമാക്കിയത് പൊലീസിെൻറ വീഴ്ച മൂലമെന്ന് റവന്യൂവകുപ്പ്. സംഘർഷവുമായി ബന്ധപ്പെട്ട് രാമങ്കരി വില്ലേജ് ഓഫിസർ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഡിവൈ.എസ്.പി നേരിട്ടെത്തി നിലവിലെ വഴിയുടെ വീതി കുറച്ച് രണ്ടടി താഴ്ചയിൽ മണ്ണ് യന്ത്രസഹായത്താൽ അനുവാദം വാങ്ങാതെ നീക്കി താലൂക്ക് ഓഫിസ് കോമ്പൗണ്ടിൽ നിക്ഷേപിച്ചതായി അറിയുന്നു. ഇത്തരത്തിൽ വഴിയുടെ വീതികുറച്ച് മണ്ണ് നീക്കിയ നടപടിയും റവന്യൂ അധികൃതരുടെ അനുമതിയില്ലാതെ നിക്ഷേപിച്ചതും പൊലീസിെൻറ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്.
ഇത് സംഘർഷാവസ്ഥ വർധിപ്പിച്ചു. നിയമം ലംഘിച്ച് സ്വകാര്യവ്യക്തിയുടെ വൃക്ഷങ്ങൾ വെട്ടിയതും വഴിയുടെ വീതികുറച്ച് മണ്ണ് നീക്കിയതും ഒരുപോലെ നിയമവിരുദ്ധമാണ്.സംഭവദിവസം രാത്രി 12നുശേഷം കോളനിവാസികൾ രണ്ട് തെങ്ങ് വെട്ടിയതോടെയാണ് ഉടമ െപാലീസിനെ വിവരമറിയിച്ചത്.
ഇത് തടയാനെത്തിയ െപാലീസുകാരെ കോളനിക്കാർ പ്രവേശനകവാടത്തിൽ തടഞ്ഞ സമയത്താണ് റോഡരികിൽനിന്ന 18 തെങ്ങുകൾ വെട്ടിമാറ്റിയത്.പൊലീസിനെതിരെ നിയമം കൈയിലെടുക്കുന്ന തരത്തിലാണ് ആക്രമണമുണ്ടായത്. പൊലീസിനെതിരെ മുകളുപൊടി വിതറുകയും ഒരു പൊലീസുകാരനെ വെട്ടിപ്പരിക്കേൽപിക്കുകയും ജീപ്പിൽ കല്ലെറിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
കോളനിയിലേക്ക് റോഡ് നിർമിച്ചതായി പഞ്ചായത്ത് രേഖ
ആലപ്പുഴ: മഠത്തിൽപറമ്പ് ലക്ഷംവീട് കോളനിയിലേക്ക് നേരത്തേ റോഡ് നിർമിച്ചതായി പഞ്ചായത്ത് രേഖ. രാമങ്കരി പഞ്ചായത്തിെൻറ ആസ്തി രജിസ്റ്റർ പ്രകാരമുള്ള രേഖയിലാണ് ഇക്കാര്യം പറയുന്നത്.ശങ്കരമംഗലം-മഠത്തിൽ പറമ്പ് ലക്ഷംവീട് കോളനിയിലേക്കുള്ള വഴിക്കായി ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള സമ്മതപത്രം ഭൂവുടമകൾ നൽകിയിട്ടുണ്ട്.
1995ൽ റോഡ് നിർമിക്കുന്നതിന് മണലാടി സെൻറ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ. ഫിലിപ് കുന്നപുറവും തെക്കളത്തിൽ കുഞ്ഞുലക്ഷ്മിയും സതീഷ്കുമാറും കളത്തിൽ മുരളീധരക്കുറുപ്പും ഭൂമി വിട്ടുനൽകിയതായാണ് രേഖയിൽ പറയുന്നത്. ഇതുപ്രകാരം 1998ൽ വെളിയനാട് ബ്ലോക്ക് പഞ്ചായത്താണ് 200 മീറ്റർ റോഡ് പൂർത്തിയാക്കിയത്. ബാക്കിയുള്ള 175 മീറ്റർ ഭാഗം നടവഴിയായാണ് ഉപയോഗിക്കുന്നത്.
ഈ ഭാഗം വീതികൂട്ടി റോഡ് നിർമിക്കാൻ 2017ൽ തോമസ് ചാണ്ടി എം.എ.എയുടെ ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ അനുവദിച്ചു. ഇതിന് പ്രാരംഭനടപടി ആരംഭിച്ചെങ്കിലും നിലം മണ്ണിട്ട് നികത്തുന്നതിനെതിരെ സ്ഥലമുടമ സ്റ്റേ വാങ്ങിയതോടെ എം.എൽ.എ ഫണ്ടും ലാപ്സായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.