അമ്മയുടെ ഓര്‍മക്കായി ക്ഷേത്രത്തിന് കല്യാണമണ്ഡപം നിര്‍മിച്ചുനല്‍കി മദ്ദളകലാകാരന്‍
text_fieldsപാലക്കാട്: അമ്മയുടെ ഓർമക്കായി ക്ഷേത്രത്തിന് കല്യാണമണ്ഡപം നിര്‍മിച്ചുനല്‍കി മദ്ദളകലാകാരന്‍. തൃപ്പലമുണ്ട നടരാജവാര്യരാണ് തന്റെ ജീവിതസമ്പാദ്യമുപയോഗിച്ച് തൃപ്പലമുണ്ട മഹാദേവക്ഷേത്രത്തിന് 'മൃത്യുഞ്ജയം'എന്ന പേരിൽ കല്യാണമണ്ഡപം നിർമിച്ചുനൽകിയത്.
45 ലക്ഷം രൂപ ചെലവഴിച്ചാണ് 3,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള മണ്ഡപം നിര്‍മിച്ചത്. അമ്മ കമ്മണി വാരസ്യാരെന്ന വടക്കേപ്പാട്ട് കുഞ്ഞിലക്ഷ്മി വാരസ്യാരുടെ പിന്തുണയാണ് നടരാജവാര്യരെന്ന കലാകാരനെ വളര്‍ത്തിയത്. 1977ല്‍ അമ്പത്താറാമത്തെ വയസ്സിൽ കുഞ്ഞിലക്ഷ്മി വാരസ്യാര്‍ മരിക്കുമ്പോൾ നടരാജവാര്യര്‍ക്ക് 21 വയസ്സായിരുന്നു പ്രായം. മദ്ദള കലാകാരനായി മകന്‍ അരങ്ങുവാഴുന്നത് കാണാൻ ആ അമ്മക്ക് യോഗമുണ്ടായിരുന്നില്ല.
കേരള കലാമണ്ഡലത്തില്‍ കലാമണ്ഡലം അപ്പുകുട്ടി പൊതുവാള്‍, കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ എന്നിവര്‍ക്കു കീഴിലാണ് നടരാജവാര്യര്‍ മദ്ദളം അഭ്യസിച്ചത്. 1981ല്‍ പഠനം പൂര്‍ത്തിയായ ഉടന്‍ കലാമണ്ഡലത്തില്‍ത്തന്നെ താത്കാലിക മദ്ദളം അധ്യാപകനായി. തുടര്‍ന്ന് പേരൂര്‍ സദനം കഥകളി അക്കാദമി, ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം എന്നിവിടങ്ങളിലും അധ്യാപകനായി. 1990 ഒക്ടോബറില്‍ വെള്ളിനേഴി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മദ്ദളം അധ്യാപകനായി. 2012ല്‍ വിരമിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി മണ്ഡപം ഉദ്ഘാടനം ചെയ്യും. ഇന്നും ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായ നടരാജവാര്യര്‍ക്ക് കേരള കലാമണ്ഡലം അവാര്‍ഡ്, തിരുവമ്പാടി സുവര്‍ണമുദ്ര തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജയഭാരതിയാണ് ഭാര്യ. ജയരാജ്, വിജയരാജ് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.