വടകര ബാങ്ക് തട്ടിപ്പ്: സ്വർണവുമായി കടന്ന മുൻ മാനേജർ മധ ജയകുമാർ റിമാൻഡിൽ
text_fieldsകോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിൽനിന്ന് സ്വർണം തട്ടിയ കേസിൽ മുൻ മാനേജർ മധ ജയകുമാറിനെ റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ഇയാളെ കൊയിലാണ്ടി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്. 26 കിലോ പണയസ്വർണവുമായി കടന്ന മധ ജയകുമാർ കഴിഞ്ഞ ദിവസം തെലങ്കാനയിലാണ് പിടിയിലായത്. പിന്നീട് കേരള പൊലീസ് തെലങ്കാനയിലെത്തി ഇയാളെ തിരികെ കൊണ്ടുവരികയായിരുന്നു.
കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. ചോദ്യം ചെയ്യലിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. വൈകാതെ കസ്റ്റഡി അപേക്ഷ കോടതിയിൽ നൽകുമെന്നാണ് വിവരം. മധ ജയകുമാറിന്‍റെ ഭാര്യക്കും കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവരെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും.
46 അക്കൗണ്ടുകളിൽനിന്നാണ് മധ ജയകുമാർ 26 കിലോ സ്വർണം കവർന്നത്. മൊത്തം സ്വർണവും ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റേതാണ്. ബാങ്കുമായി ബന്ധപ്പെട്ട് സോണൽ മാനേജരുടെ നേതൃത്വത്തിൽ വ്യാപക തട്ടിപ്പ് നടക്കുന്നതായി മധ ജയകുമാർ വിഡിയോ സന്ദേശത്തിൽ ആരോപിച്ചിരുന്നു. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കും. ബാങ്കിൽനിന്ന് തട്ടിയെടുത്ത സ്വർണം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.