മാധവ് കൃഷ്ണയുടെ പൂക്കളിൽ അധ്വാനത്തിന്റെ വർണം
text_fieldsഗുരുവായൂർ: പ്ലസ് ടു വിദ്യാർഥി മാധവ് കൃഷ്ണക്ക് അച്ഛൻ ഹരിപ്രസാദോ അമ്മ സിജിയോ പോക്കറ്റ് മണി കൊടുക്കാറില്ല. അവനാവശ്യമായ പോക്കറ്റ് മണി പൂക്കളിൽ വിരിയും. അത് പ്രതിമാസം 10,000 മുതൽ 15,000 വരെയാകാം. ഏഴ് സെന്റോളം വരുന്ന വീടും പറമ്പും പൂന്തോട്ടമാക്കി മാറ്റിയിരിക്കുകയാണ് ഈ കുട്ടിക്കർഷകൻ. ചെറിയ വീടിന് ചുറ്റിലുമായി കാലുകുത്താൻ പോലുമിടമില്ലാത്ത അത്രയും പൂച്ചെടികൾകൊണ്ട് നിറച്ചിരിക്കയാണ് മാധവ് കൃഷ്ണ. ആയിരത്തിലധികം ആന്തൂറിയം ചെടികൾ, 25 ഇനം ചെമ്പരത്തികൾ, നിലത്ത് വളർത്താവുന്ന ഓർക്കിഡുകൾ, യു ഫോർബിയ, സക്കുലന്റസ്, പത്തുമണിപ്പൂക്കൾ എന്നിവയെല്ലാം ‘ഹരിതം’ എന്ന് പേരിട്ടിരിക്കുന്ന ഗുരുവായൂർ ഇരിങ്ങപ്പുറം ഷാർജ റോഡിൽ ത്രിവേണി നഗറിനടുത്തുള്ള ഈ വീട്ടിലുണ്ട്.
നിലത്തും തൂക്കിയിടാവുന്ന ഇടങ്ങളിലും ടെറസിലുമൊക്കെയാണ് ചെടികൾ. നെസ് ലെ കമ്പനിയുടെ മാർക്കറ്റിങ് എക്സിക്യൂട്ടിവായ പിതാവിൽനിന്നാണ് മാധവ് കൃഷ്ണക്ക് ചെടികളോടുള്ള താൽപര്യം ലഭിച്ചത്. സഹോദരി മാളവികയും കൂട്ടായുണ്ട്. പാവറട്ടി സെന്റ് ജോസഫ്സ് സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കി ഇപ്പോൾ തൃശൂരിൽ എൻട്രൻസ് കോച്ചിങ്ങിലാണ് മാധവ് കൃഷ്ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.