‘കരിങ്കൊടി കാണിച്ചതിന് കൈവിലങ്ങണിയേണ്ടി വന്ന കുട്ടികൾ നമ്മുടെ നിയമവ്യവസ്ഥയെക്കുറിച്ച് എന്ത് കരുതുമെന്ന ഭയമെനിക്കുണ്ട്’
text_fieldsകോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ കൊയിലാണ്ടിയിൽ കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവർത്തകരെ വിലങ്ങുവെച്ച പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മാധവൻ പുറച്ചേരി എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
മന്ത്രിയെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച വരെ കൈ വിലങ്ങണിയിച്ച് കൊണ്ടുപോകുന്നത് ഉത്തരേന്ത്യയിലൊന്നുമല്ല കൊയിലാണ്ടിയിലാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ എഴുതുന്നു. കൈവിലങ്ങണിയിച്ച് ആശുപത്രിയിലേക്ക് പോവേണ്ടി വന്ന ഈ കുട്ടികൾ നമ്മുടെ നിയമവ്യവസ്ഥയെക്കുറിച്ച് എന്ത് കരുതുമെന്ന ഭയമെനിക്കുണ്ട്. അടിയന്തരാവസ്ഥയിൽ അങ്ങനെയുണ്ടായിട്ടില്ലേ എന്ന് ചോദിക്കുന്നവരോട് പിന്നീടൊന്നും പറയാനില്ല.
ജനാധിപത്യമെന്നതിന് ഇത്രയും കുറഞ്ഞ അർത്ഥമേയുള്ളൂവെന്ന് ആ കുട്ടികൾക്ക് തോന്നിയിട്ടുണ്ടാവണം. അലനും താഹയും ഇതിനെക്കാൾ ഭീകരത അനുഭവിച്ചിട്ടുള്ളത് മറക്കാൻ സമയമായിട്ടില്ല. മഹാരാജാക്കമാരുടെ കാലമാണിപ്പോഴുമെന്ന് കരുതുന്നവർ നിയമപാലകരാകുന്നത് ദയനീയമാണ്.
സമരം കാണുമ്പോൾ തന്നെ അസ്വസ്ഥത തോന്നുന്നവർ ജനാധിപത്യ വിരുദ്ധരാണ്. സമരക്കാർ ഉന്നയിച്ച കാര്യങ്ങളിൽ വസ്തുതയില്ലായിരിക്കാം. പക്ഷേ അവരോട് നിയമവ്യവസ്ഥ പെരുമാറേണ്ടത് തീർച്ചയായും ഇങ്ങനെയല്ലെന്നും മാധവൻ പുറച്ചേരി പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
മന്ത്രിയെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച വരെ കൈ വിലങ്ങണിയിച്ച് കൊണ്ടുപോകുന്നത് ഉത്തരേന്ത്യയിലൊന്നുമല്ല കൊയിലാണ്ടിയിലാണ്. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനാലാണ് ഇങ്ങനെ ചെയ്തെന്ന പോലീസ് ഭാഷ്യമാകട്ടെ മനുഷ്യാവകാശങ്ങളെ അപഹസിക്കുന്നതുമാണ്. പ്രതിഷേധ സമരങ്ങളും കരിങ്കൊടി കാണിക്കലും ജനാധിപത്യത്തിൽ സ്വാഭാവികമാണ്. ഇവർ ഏതെങ്കിലും ക്രിമനൽ കേസിൽ പ്രതികളാണെന്നു പറഞ്ഞിട്ടില്ല.. സമരത്തിൽ പങ്കെടുക്കുന്നത് ഒരു കുറ്റവുമല്ല. കൈവിലങ്ങണിയിച്ച് ആശുപത്രിയിലേക്ക് പോവേണ്ടി വന്ന ഈ കുട്ടികൾ നമ്മുടെ നിയമവ്യവസ്ഥയെക്കുറിച്ച് എന്ത് കരുതുമെന്ന ഭയമെനിക്കുണ്ട്. അടിയന്തരാവസ്ഥയിൽ അങ്ങനെയുണ്ടായിട്ടില്ലേ എന്ന് ചോദിക്കുന്നവരോട് പിന്നീടൊന്നും പറയാനില്ല. അത്തരം മനുഷ്യാവകാശധ്വംസനങ്ങൾ ആവർത്തിക്കപ്പെടുന്ന ഒരിന്ത്യനവസ്ഥ ഇന്നുണ്ട്. കരിങ്കൊടി കാണിച്ചവരെ സ്റ്റേഷനിൽ കൊണ്ടുപോയി സ്വന്തം ജാമ്യത്തിൽ വിട്ടയക്കാവുന്നതേയുള്ളൂ..
ജനാധിപത്യമെന്നതിന് ഇത്രയും കുറഞ്ഞ അർത്ഥമേയുള്ളൂവെന്ന് ആ കുട്ടികൾക്ക് തോന്നിയിട്ടുണ്ടാവണം. അലനും താഹയും ഇതിനെക്കാൾ ഭീകരത അനുഭവിച്ചിട്ടുള്ളത് മറക്കാൻ സമയമായിട്ടില്ല. മഹാരാജാക്കമാരുടെ കാലമാണിപ്പോഴുമെന്ന് കരുതുന്നവർ നിയമപാലകരാകുന്നത് ദയനീയമാണ്. ജനങ്ങളുടെ നികുതിപ്പണമാണ് കൈപ്പറ്റുന്നതെന്ന് എല്ലാവരുമോർമ്മിക്കുന്നത് നല്ലതാണ്. ഒരു മനോരോഗി ഡോക്ടറെ കൊന്നതിനാൽ എല്ലാവരും മനോരോഗികളാണെന്നു കരുതുന്നത് എത്രമാത്രം അസംബന്ധമാണ്. ചെക്കോവിന്റെ ദ ഡെത്ത് ഓഫ് എ ഗവൺമെന്റ് ക്ലർക്ക് 1883 ൽ എഴുതപ്പെട്ട കഥയാണ്. സ്റ്റേറ്റിനെ ഭയന്നു ജീവിക്കുന്ന മനുഷ്യരെ ഇവാൻ കൃത്യമായി പ്രതിനിധാനം ചെയ്യുന്നുണ്ട്.
ദുരധികാരത്തെ തിരുത്താൻ ഭരണപക്ഷത്തു നിന്നു തന്നെ ശബ്ദമുയരേണ്ടതുണ്ട്. സമരം കാണുമ്പോൾ തന്നെ അസ്വസ്ഥത തോന്നുന്നവർ ജനാധിപത്യ വിരുദ്ധരാണ്. കുട്ടികൾക്കു തോന്നുക സമരം ചെയ്യുമ്പോഴുള്ള നടപടിയാണെന്നായിരിക്കും. ബന്ധുക്കൾ ഇടപെട്ട് അവരെ സമരങ്ങളിൽ നിന്നും പിന്തിരിപ്പിക്കാതിരിക്കില്ല. സമര രഹിതമായ ഒരു കിനാശ്ശേരി കിനാവുകാണുന്നവരുണ്ടാകാം. സമരങ്ങളും പ്രതിഷേധങ്ങളുമാണ് ജനാധിപത്യത്തെ അർത്ഥവത്താക്കുന്നത്. അധികാരത്തിന്റെ തിന്മയെ തിരിച്ചറിയാൻ നല്ല ഭരണകർത്താക്കളെ പ്രേരിപ്പിക്കാനും സമരഭരിതമായ പൊതുജീവിതത്തിന് മാത്രമേ സാധിക്കൂ. ഇതനീതിയാണെന്നു വിളിച്ചു പറയുന്നില്ലെങ്കിൽ നമ്മളും അനീതിക്കു കൂട്ടുനിൽക്കുന്നവരാകും. സമരക്കാർ ഉന്നയിച്ച കാര്യങ്ങളിൽ വസ്തുതയില്ലായിരിക്കാം. പക്ഷേ അവരോട് നിയമവ്യവസ്ഥ പെരുമാറേണ്ടത് തീർച്ചയായും ഇങ്ങനെയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.