'കെ. റെയിൽ വന്നാൽ തനിക്കെന്തുചേതം, ഒഴുക്കിന്‍റെയൊപ്പം ഒലിക്കാൻ പഠിക്കൂ...' -പുതിയ കവിതയുമായി മാധവൻ പുറച്ചേരി
text_fieldsകോഴിക്കോട്: കെ റെയിലിനെതിരെ ശക്തമായ നിലപാടെടുത്തതിന് സൈബർ ആക്രമണത്തിനിരയായ സി.പി.എം സഹയാത്രികനായ കവി മാധവൻ പുറച്ചേരി, പുതിയ കവിതയുമായി വീണ്ടും രംഗത്ത്. കെ റെയിലിനെ അനുകൂലിക്കുന്നവരുടെ നിലപാടില്ലായ്മയെ രൂക്ഷമായി പരിഹസിക്കുന്നതാണ് 'എനിക്കില്ല ചേതം' എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച കവിത.
കെ. റെയിൽ വന്നാൽ, മതിൽക്കെട്ടു വന്നാൽ, സഹ്യൻ തകർന്നാൽ, നെടുകെ പിളർന്നാൽ തനിക്കെന്തുചേതമെന്നാണ് കവി ചോദിക്കുന്നത്. ധാർമികരോഷം അടക്കി എല്ലാം വിഴുങ്ങാൻ പഠിച്ചാൽ നേട്ടമുണ്ടെന്നും വിവേകം നടിച്ച് സർവ്വം മറക്കുന്നതാണ് നല്ലതെന്നും കെ റെയിൽ അനുകൂലികളായ സാഹിത്യകാരൻമാരെ ഉന്നംവെച്ച് കവി എഴുതുന്നു.
കവിതയുടെ പൂർണരൂപം:
എനിക്കില്ല ചേതം
(ജി. കുമാരപിള്ളയുടെ തനിക്കെന്തു ചേതം? എന്ന കവിതയോട് കടപ്പാട് )
കെ. റെയിൽ വന്നാൽ തനിക്കെന്തുചേതം
മതിൽക്കെട്ടു വന്നാൽ വരട്ടെ സുഹൃത്തേ
നെടുകെ പിളർന്നാൽ തനിക്കെന്തു ചേതം
സുഖിക്കൂ രമിക്കൂ മറക്കൂ സുഹൃത്തേ
വിഴുങ്ങാൻ പഠിച്ചാൽ തനിക്കുണ്ടു നേട്ടം
പിടയ്ക്കാതിരിക്കൂ തിളയ്ക്കല്ല രക്തം
ഒഴുക്കിന്റെയൊപ്പം ഒലിക്കാൻ പഠിക്കൂ...
മഹാധർമ്മരോഷം അടക്കൂ സുഹൃത്തേ
തെക്കും വടക്കും വികാസം വികാസം
നെട്ടോട്ടമോടിക്കളിയ്ക്കട്ടെ ചുറ്റും
സഹ്യൻ തകർന്നാൽ തനിക്കെന്തു ചേതം
മരിക്കും മനുഷ്യർ മഹാസത്യമോർക്കൂ...
കെ.റെയിൽ വന്നാൽ വരട്ടെസുഹൃത്തേ...
നിനക്കില്ല ചേതം ചിരിക്കാൻ പഠിക്കൂ ...
മദിക്കട്ടെ തോഴാ.. തനിക്കെന്തു ചേതം
വിവേകം നടിക്കൂ .. മറന്നേക്കൂ സർവ്വം.
കെ. റെയിലിനെ എതിർത്താൽ ഇടതുവിരുദ്ധനല്ല
നേരത്തെ കെ. റെയിലിന്‍റെ ദൂഷ്യവശങ്ങൾ എണ്ണിപ്പറഞ്ഞ് മാധവൻ പുറച്ചേരി വിശദമായ കുറിപ്പ് എഴുതിയിരുന്നു. കെ. റെയിൽ പദ്ധതി നിലവിലുള്ള റെയിൽവെയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേരളത്തിന്‍റെ ഭൂപ്രകൃതിയുടെ സവിശേഷതകൾ പരിഗണിക്കാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കെ. റെയിലിനെ എതിർത്താൽ ഇടതുപക്ഷ വിരുദ്ധനും വികസന വിരോധിയുമാക്കുന്ന കാഴ്ചപ്പാടിൽ സാരമായ കുഴപ്പമുണ്ട്. ഈ സർക്കാരിന്റെ ഒട്ടനവധി ഭരണനേട്ടങ്ങളെയും മത നിരപേക്ഷ നിലപാടുകളെയും കലവറയില്ലാതെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യുകയും ചെയ്യും. ഇതുവഴി എന്തെങ്കിലും വ്യക്തിപരമായ ഗുണം നേടാം എന്നല്ല മറിച്ച് ഈ നാടിന്റെ ആവശ്യം കണ്ടറിഞ്ഞ് പുരോഗതിയിലേക്ക് നയിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിയുമെന്ന രാഷ്ട്രീയ ബോധ്യത്തിലാണ് -അദ്ദേഹം പറയുന്നു.
മാധവൻ പുറച്ചേരി മുന്നോട്ടുവെക്കുന്ന പ്രധാന നിരീക്ഷണങ്ങൾ:
നിലവിലുള്ള റെയിൽവെയോട് ചേർന്ന് ബ്രോഡ്ഗേജിൽ പദ്ധതി നടത്തിയാൽ ചിലവു കുറഞ്ഞ അതിവേഗ യാത്ര സാധാരണക്കാരനും കിട്ടും. അതിനു വേണ്ടിയുള്ള ചർച്ചകളും സമരങ്ങളുമാണ് വേണ്ടത്. ഇത് കാസർകോട് തൊട്ട് ഷൊർണ്ണൂർ വരെ കാര്യമായി ഭൂമി ഏറ്റെടുക്കാതെ നിർവഹിക്കാനാകും. പിന്നീടുള്ള ഭാഗങ്ങളിൽ മാത്രമേ ഭൂമിയേറ്റെടുക്കൽ ആവശ്യമായിരികയുള്ളൂ. ഈ ഭൂമി തന്നെയാണ് സിൽവർ ലൈൻ പദ്ധതിക്ക് ഏറ്റെടുക്കുന്നത് എന്നത് വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. സാധാരണക്കാരനുള്ള റെയിൽവെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് അത് തടസ്സമാകും. സിൽവർ ലൈൻ സ്റ്റാൻഡേർഡ് ഗേജിലായതിനാൽ ഇന്ത്യൻ റെയിൽവെയുടെ ഒരു സേവനവും ഉപയോഗപ്പെടുത്താനാവില്ല.
അതിവേഗ തീവണ്ടികൾ വേണം
അതിവേഗ തീവണ്ടികൾ വേണമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. എന്നാൽ ജപ്പാനെ നോക്കൂ... എന്ന വാദഗതിയിലൂടെയാകരുത് നമ്മുടെ സാധ്യതകളും പരിമിതികളും ഉൾക്കൊണ്ടു വേണം. രണ്ടു മഴക്കാലവും രണ്ടു വസന്തവുമുള്ള കേരളത്തിന്റെ സവിശേഷതകൾ പരിഗണിച്ചു കൊണ്ടുള്ളതാകണം. കെ.റെയിൽ പദ്ധതി അങ്ങനെയല്ലെന്നു മനസ്സിലാക്കാൻ ഈ DPR തന്നെ നല്ല തെളിവ് നൽകുന്നുമുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്തിനു പുറമെയുള്ള ബഫർ സോണും കൂടി പരിഗണിച്ചാൽ ഇടനാടിന്റെ ചിത്രം പൂർത്തിയാകും. പദ്ധതിച്ചിലവ് കൂടിയാലും എലിവേറ്റഡ് റെയിൽ ബ്രോഡ്ഗേജ് ആകാശപാതയെന്ന 2009 ലെ ഇടതു സർക്കാരിന്റെ പ്രഖ്യാപനം ഇന്നും സ്വാഗതാർമായ കാര്യമാണ്. അതിഭീകരമായ കുടിയൊഴിക്കൽ ഒഴിവാക്കാൻ കഴിയും.
മോഹവില നൽകുന്നത് വൃക്ക വിൽക്കാമല്ലോയെന്ന ആഹ്ലാദത്തിന് സമാനം
മോഹനഷ്ടപരിഹാരം നൽകുന്നത് അതിന്നിരയാകുന്നവർക്ക് നല്ലതു തന്നെ..എന്റെ ഭൂമി കൂടി എടുക്കണമായിരുന്നു എന്ന വ്യാമോഹം ആരിലും ഉൽപാദിപ്പിക്കാൻ സമർത്ഥവുമാണ്. തെക്കുവടക്കുമാത്രം റെയിൽവെ സാധ്യതയുള്ള, ഭൂവിസ്തൃതി കുറഞ്ഞ ഒരു പ്രദേശത്തെ ഭൂമിയുടെ വിനിയോഗം കുറെക്കൂടി കരുതലോടെ മാത്രമേ പാടുള്ളൂ.
മനുഷ്യനെ ജൈവിക ആവാസ വ്യവസ്ഥയിൽ നിന്ന് അന്യവൽക്കരിക്കാൻ മുതലാളിത്തം സമർത്ഥമായും ഭീകരമായുമാണ് കരുക്കൾ നീക്കുന്നതെന യാഥാർത്ഥ്യം ആന്ദ്രെ ഗോർസിനെ പോലുള്ളവർ കൃത്യമായി പറഞ്ഞു വെച്ചതു കൂടി മനസ്സിലാക്കുമ്പോഴാണ് വലിയ മോഹവിലയുടെ അപകടം ബോധ്യമാവുക. ഒരു വൃക്കയുടെ വില കേൾക്കുമ്പോൾ എനിക്കുമൊരു വൃക്ക വിൽക്കാമല്ലോയെന്ന ആഹ്ലാദത്തിന് സമാനമാണത്.
സാധാരണക്കാരനെക്കൂടി ഉൾപ്പെടുത്തണം
വേഗത തീർച്ചയായും വേണം. അതിന് സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ മഹാ ഭൂരിപക്ഷത്തിനും ഉപയോഗിക്കാൻ കഴിയുന്നതുമാകണം. കെ.എയർവെയ്സു പോലുള്ള ആഭ്യന്തര വിമാന സർവ്വീസുകൾ തുടങ്ങിയാൽ ഫലപ്രദമായി കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളാണ് പലതും. അതൊടൊപ്പം റെയിൽവെയോട് ചേർന്നുള്ള അതിവേഗ ബ്രോഡ്ഗേജ് പാതയും നടപ്പിലാക്കാനായാൽ സാധാരണക്കാരനെക്കൂടി ഉൾപ്പെടുത്തുന്ന പുരോഗമന നടപടികളിലൂടെ ഇടതുപക്ഷത്തിന് വേറിട്ടൊരു സമീപനം മുന്നോട്ടു വെക്കാനാവും.
പരിസ്ഥിതിവാദികളെ കല്ലെറിയുന്നവരുടെ കൈയിലുള്ളത് മനുഷ്യ കുലത്തിനെതിരെയുള്ള കല്ല്
പരിസ്ഥിതി പ്രശ്നം ഉന്നയിച്ചാൽ ഉടനെ വിരുദ്ധനാക്കുന്നവർ വായു, വെള്ളം , തുടങ്ങിയവയെ പോലും ചരക്കാക്കി പരിഗണിക്കുന്ന വ്യവസ്ഥയെയാണ് പിന്തുണക്കുന്നത്. പരിസ്ഥിതി വിജ്ഞാനം ഒരു കാൽപ്പനിക വിഷയമല്ല. പ്രകൃതിയും മനുഷ്യനും തമ്മിൽ ആരോഗ്യകരമായ ബന്ധത്തിന് വഴിയൊരുക്കുന്ന ഒരു ശാസ്ത്ര ശാഖയാണ്.
പരിസ്ഥിതിവാദികളെ കല്ലെറിയാനുള്ള തിടുക്കം കാണിക്കുന്നവർ മനുഷ്യ കുലത്തിനെതിരെയുള്ള കല്ലാണ് കൈയിലുള്ളത് എന്ന് ഓർമ്മിക്കുന്നത് നല്ലതാണ്.
കെ.റെയിൽ പദ്ധതി ഇന്നത്തെ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ കേരളത്തിന് താങ്ങാനാവില്ല. രണ്ടായി മുറിക്കുമോയെന്നു സംശയമുള്ളവർ DPR വായിച്ചു നോക്കിയാലും . മഴക്കാലത്തെ നീരൊഴുക്ക് സർക്കാർ പറയുന്നതു കേൾക്കുമെങ്കിൽ പ്രശ്നമില്ല. വെള്ളം അനുസരണയോടെ അരക്കിലോമീറ്റർ സഞ്ചരിച്ച് അടിപ്പാതയിലൂടെ സഞ്ചരിക്കുന്ന മനോഹരമായ കാഴ്ച സ്വപ്നത്തിൽ സാധ്യമാവുന്ന കാര്യമാണ്. നിലവിലുള്ള റെയിൽ സംവിധാനത്തെ പോലെയാണ് ഈ അതിവേഗ പാതയെന്ന് വിശ്വസിക്കുന്ന ധാരാളം പേർ ഇപ്പോഴുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.