മധു കേസ്: പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം വിചാരണ കോടതി തള്ളി
text_fieldsമണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യം വിചാരണ കോടതി തള്ളി. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന വിചാരണ നടപടികൾ നിർത്തിവെച്ച മണ്ണാർക്കാട് പട്ടിക ജാതി-പട്ടിക വർഗ ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ കേസ് വീണ്ടും പരിഗണിക്കുന്നത് ഈ മാസം 20ലേക്ക് മാറ്റി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ച സാഹചര്യത്തിൽ ഈ ആവശ്യവുമായി ഹൈകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവർ പറഞ്ഞു.
കേസിലെ 12ഉം 13ഉം സാക്ഷികളായ അനിൽകുമാർ, സുരേഷ് എന്നിവരെയാണ് ചൊവ്വാഴ്ച വിചാരണ ചെയ്യാൻ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വിചാരണക്കിടെ കുടുംബം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് പ്രോസിക്യൂട്ടർമാർക്കിടയിൽ പരസ്യമായ വിഴുപ്പലക്കലിനും ഇടയാക്കി. കുടുംബം ഈ ആവശ്യവുമായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ (ഡി.ജി.പി) സമീപിച്ചെങ്കിലും വിചാരണ കോടതിയിൽ അപേക്ഷ നൽകാൻ നിർദേശിച്ചു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച വീണ്ടും കോടതിയിൽ അപേക്ഷ നൽകിയത്. ഈ ആവശ്യം നിരാകരിച്ച വിചാരണ കോടതി, മേൽ കോടതിയെ സമീപിക്കാൻ ആവശ്യമായ സമയം കുടുംബത്തിന് ലഭിക്കാൻ വേണ്ടിയാണ് കേസ് 20ലേക്ക് മാറ്റിയത്. കേസിൽ പ്രതീക്ഷയുണ്ടെന്നും കോടതിയിൽ ഡിജിറ്റൽ തെളിവുകൾ പ്രദർശിപ്പിക്കാൻ അനുമതി നേടിയത് വഴി പ്രതികളുടെ സാന്നിധ്യം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സ്പെഷൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ പറഞ്ഞു.
മധുവിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അഡീഷണൽ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും തനിക്ക് പിന്തുണ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രോസിക്യൂഷൻ ഭാഗത്തെ തർക്കം കേസ് നീട്ടിക്കൊണ്ടുപോകാൻ വഴിവെക്കുമെന്ന് പ്രതിഭാഗം അഭിഭാഷകർ ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.