അട്ടപ്പാടി മധു വധം: വിചാരണക്ക് ഹൈകോടതിയുടെ സ്റ്റേ
text_fieldsകൊച്ചി: അട്ടപ്പാടിയിൽ മോഷണക്കുറ്റമാരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മണ്ണാർക്കാട് സ്പെഷൽ കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്‍റെ മാതാവ് മല്ലി നൽകിയ ഹരജിയിലാണ് പത്ത് ദിവസത്തേക്ക് ജസ്റ്റിസ് മേരി ജോസഫ് വിചാരണ സ്റ്റേ ചെയ്തത്.
നിലവിലെ സ്പെഷൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രന് കേസ് നടത്താൻ പരിചയക്കുറവുണ്ടെന്നും ഇദ്ദേഹത്തെ മാറ്റണമെന്നും അതുവരെ വിചാരണ സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. സാക്ഷി വിസ്താരത്തിന്‍റെ പ്രാഥമിക തത്ത്വങ്ങൾ പോലും പാലിക്കാതെയുള്ള സാക്ഷി വിസ്താരമാണ് നടക്കുന്നതെന്ന് ഹരജിയിൽ പറയുന്നു.
ശരിയായ വിചാരണ രീതിയല്ല ഇപ്പോഴത്തേത്. പ്രോസിക്യൂട്ടറെ മാറ്റാൻ സർക്കാറിന് അപേക്ഷ നൽകിയിട്ടുണ്ട്. വിചാരണയുമായ ബന്ധപ്പെട്ട വീഴ്ചകൾ ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവിക്ക് അന്വേഷണ ഉദ്യോഗസ്ഥനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ, ആഗസ്‌റ്റ് 31നകം വിചാരണ പൂർത്തിയാക്കാൻ ഹൈകോടതി നിർദേശിച്ചിട്ടുള്ളതിനാൽ സർക്കാർ ഉത്തരവില്ലാതെ വിചാരണ മാറ്റാനാവില്ലെന്നാണ് വിചാരണ കോടതിയുടെ നിലപാട്. സർക്കാർ തീരുമാനമെടുക്കും വരെ വിചാരണ നടപടികൾ നിർത്താൻ നിർദേശം നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം.
പാലക്കാട് മണ്ണാർക്കാട് സ്പെഷൽ കോടതിയിൽ ജൂൺ എട്ടിനും ഒമ്പതിനും വിസ്താരത്തിനിടെ സാക്ഷികളായ ഉണ്ണികൃഷ്ണൻ, ചന്ദ്രൻ എന്നിവർ കൂറുമാറിയിരുന്നു. ഈ സമയം താനും കോടതിയിലുണ്ടായിരുന്നെന്നും സ്പെഷൽ പ്രോസിക്യൂട്ടറുടെ നടപടികൾ തൃപ്തികരമല്ലെന്നും പൊലീസിന്റെ റിപ്പോർട്ടിലുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് മല്ലി നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹരജിക്കാരി സർക്കാറിന് അപേക്ഷ നൽകിയിട്ടുണ്ടോ, ഇതിൽ തീരുമാനമെടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം നൽകാൻ കോടതി സർക്കാറിനോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.