മധു കൊലക്കേസ്: 16 പ്രതികളിൽ 14 പേരും കുറ്റക്കാർ, ശിക്ഷാവിധി നാളെ
text_fieldsമണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 14 പ്രതികളെ പാലക്കാട് ജില്ല പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി കുറ്റക്കാരായി കണ്ടെത്തി. രണ്ട് പ്രതികളെ വെറുതെ വിട്ടു. ദേശീയതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കേസിൽ ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് വിധി പറഞ്ഞത്.
മനഃപൂർവമല്ലാത്ത നരഹത്യ, തട്ടിക്കൊണ്ടുപോകൽ, ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിക്കൽ, അന്യായമായി കുറ്റകൃത്യം ചെയ്യാൻ സംഘം ചേരുക, പട്ടികജാതി -പട്ടികവർഗത്തിൽ പെട്ടയാളെ നഗ്നനായോ അർധനഗ്നനായോ പരേഡ് നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികളിൽ കോടതി കണ്ടെത്തിയത്. വിവിധ വകുപ്പുകൾ പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.
ഒന്നാം പ്രതി ഹുസൈൻ ഐ.പി.സി 143, 147, 323, 342, 304(II), 149 വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി. രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർ ഐ.പി.സി 143, 147, 323, 324, 326, 367, 304 (II), 149 എസ്.സി, എസ്.ടി നിയമം 3 (1)(ഡി) പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.
പതിനാറാം പ്രതി മുനീർ ഐ.പി.സി 352 പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി. കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേരെ റിമാൻഡ് ചെയ്തു. പതിനാറാം പ്രതി 352 വകുപ്പ് പ്രകാരം മാത്രം കുറ്റക്കാരനായതിനാൽ റിമാൻഡ് ചെയ്യാതെ ബുധനാഴ്ച കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു. ചൊവ്വാഴ്ച രാവിലെ 11നാണ് കേസിൽ വിധി പറഞ്ഞത്.
ഒന്നാം പ്രതി ഹുസൈനെതിരെ പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമുള്ള കുറ്റവും തട്ടിക്കൊണ്ടുപോകൽ, മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. പ്രതികളിൽ ആർക്കെതിരെയും പൊലീസും പ്രോസിക്യൂഷനും ആരോപിച്ച 302 വകുപ്പ് പ്രകാരമുള്ള കൊലകുറ്റവും തെളിയിക്കാനായില്ല. കൂടാതെ പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ ആരോപിച്ച എസ്.സി - എസ്.ടി നിയമത്തിലെ 3(2)(V) വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യവും ഐ.പി.സി 362, 368, 365, 148, 294 (ബി), 352 വകുപ്പുകളും തെളിയിക്കാനായില്ല. വിധി പറഞ്ഞ ശേഷം കോടതി വിധിയിന്മേൽ വാദം കേട്ടു.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും നിസ്സഹായനായ ആദിവാസി യുവാവിനെ മനുഷ്യത്വരഹിതമായി ആൾക്കൂട്ട ആക്രമണത്തിന് വിധേയമാക്കി കൊലപ്പെടുത്തിയ കേസാണിതെന്നും പ്രതികൾ ആനുകൂല്യം അർഹിക്കുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ ആവശ്യപ്പെട്ടു. എന്നാൽ, മധുവിനെ മനഃപൂർവം കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശ്യമുള്ളതായി തെളിയിക്കാനുള്ള തെളിവുകളൊന്നും ഇല്ലെന്നും മധുവിന് പഴവും വെള്ളവുമുൾപ്പെടെ കൊടുക്കുന്ന ദൃശ്യങ്ങൾ കണ്ടെന്നും കോടതി പറഞ്ഞു. ഒന്നാം പ്രതിക്കെതിരെ ഹാജരാക്കിയ മൂന്ന് സാക്ഷികളിൽ രണ്ട് പേർ വിശ്വാസയോഗ്യരല്ലെന്നും കോടതി പറഞ്ഞു.
ചില പരാതികളിൽ പൊലീസ് അന്വേഷിക്കുന്ന മധുവിനെ പിടികൂടി പൊലീസിന് കൈമാറി എന്ന കാരണത്താൽ കേസിൽ പ്രതികളായവരാണിവരെന്നും ഇവർ ശിക്ഷിക്കപ്പെട്ടാൽ നാളെ കുറ്റവാളികളെ കണ്ടാലും നിയമസംവിധാനത്തെ അറിയിക്കുന്നതിൽനിന്ന് പൊതുസമൂഹം മാറിനിൽക്കുന്ന തെറ്റായ പ്രവണത ഉണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാമെങ്കിലും ദേഹോപദ്രവം ഏൽപ്പിക്കാനും സദാചാര പൊലീസ് ചമയാനും നിയമം അനുവദിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
അപൂർവതകൾ നിറഞ്ഞ കേസ്
മണ്ണാർക്കാട്: പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വാദം കേൾക്കലിനിടെ വിചാരണ കോടതിയിൽ നടന്നത് വിചിത്രമായ സംഭവവികാസങ്ങൾ. അപൂർവതകൾ നിറഞ്ഞതാണ് മധു കേസിന്റെ വിചാരണഘട്ടം. സാക്ഷികളുടെ കൂറുമാറ്റം തുടർക്കഥയായപ്പോഴാണ് പ്രോസിക്യൂഷൻ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇതിനായി പ്രതികൾ സാക്ഷികളെ ബന്ധപ്പെട്ടതിന്റെ ഫോൺ രേഖകൾ ഉൾപ്പെടെ തെളിവുകൾ ഹാജരാക്കിയിരുന്നു.
2022 ആഗസ്റ്റ് 20ന് 12 പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട്, വിചിത്രമായ വാദപ്രതിവാദങ്ങൾക്കാണ് കോടതിമുറി സാക്ഷ്യംവഹിച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ഭീഷണി മുഴക്കി. ഹൈകോടതിയിൽ ഉത്തരം പറയേണ്ടി വരുമെന്ന് പ്രതിഭാഗം ജഡ്ജിയെ താക്കീത് ചെയ്തെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിയുള്ള വിധിയിൽ വിചാരണ കോടതി എടുത്തുപറഞ്ഞു.
മധുവിനെ മർദിക്കുന്ന ദൃശ്യങ്ങൾ കാണാനാവുന്നില്ലെന്ന് കൂറുമാറിയ സാക്ഷി മൊഴി നൽകിയപ്പോൾ ഇയാളുടെ കാഴ്ചശക്തി പരിശോധനക്ക് ജഡ്ജി ഉത്തരവിട്ടതും മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയ മജിസ്ട്രേറ്റിനേയും സബ് കലക്ടറേയും വിസ്തരിച്ചതുമെല്ലാം കേസിന്റെ അപൂർവതകളായി. നാല് പ്രോസിക്യൂട്ടർമാരെ നിയമിച്ചതുൾപ്പെടെ അസാധാരണ സംഭവങ്ങളുണ്ടായി.
നേർചിത്രമായി ഡിജിറ്റൽ തെളിവുകൾ
മണ്ണാർക്കാട്: മധു കേസിന്റെ വിധിത്തീർപ്പിൽ നിർണായകമായത് സി.സി.ടി.വി, വിഡിയോ ദൃശ്യങ്ങൾ. എട്ട് പ്രതികളുടെ മൊബൈൽ ഫോണുകളിലെ ഫോട്ടോകളും വിഡിയോകളുമാണ് ഡിജിറ്റൽ തെളിവായി സമർപ്പിച്ചത്.
ഈ ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പരിശോധന റിപ്പോർട്ടിൽ പരാമർശിക്കുന്ന ദൃശ്യങ്ങളുടെ സ്ക്രീൻ ഷോട്ടുകളിലും വിഡിയോയിലും ഫോട്ടോയിലുമുള്ള ദൃശ്യങ്ങൾ ഒന്നാണെന്ന് സ്ഥിരീകരിച്ചത് തിരുവനന്തപുരം ഡോക്യുമെന്റ്സ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ധർ.
മുക്കാലി ടൗണിലെ കട, ആനവായ് ഫോറസ്റ്റ് സ്റ്റേഷൻ, പൊന്നിയമ്മാൾ ഗുരുകുലം എന്നിവിടങ്ങളിലെ സി.സി.ടി.വികളുടെ സി.ഡി.ആറുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകിയതും ഡോക്യുമെന്റ്സ് ഫോറൻസിക് സയൻസ് ലബോറട്ടറിതന്നെ. മുഴുവൻ പ്രതികളുടേയും ദൃശ്യങ്ങൾ ഡിജിറ്റൽ തെളിവായി കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.