മധുവിെൻറ കൊലപാതകം: 16 പേർ അറസ്റ്റിൽ; നാല് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsഅഗളി/പാലക്കാട്: മധുവിനെ (32) മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 16 പേർ അറസ്റ്റിൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് കസ്റ്റഡിയിലുണ്ടായിരുന്നവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
അട്ടപ്പാടി സ്വദേശികളായ മേച്ചേരി ഹുസൈൻ (50), കിളയിൽവീട് മരക്കാർ (33), പൊതുവച്ചോല ഷംസുദ്ദീൻ (34), കുന്നത്ത് അനീഷ് (30), താഴുശ്ശേരി രാധാകൃഷ്ണൻ (34), പൊതുവച്ചോല അബൂബക്കർ (31), കുരിക്കൾ സിദ്ദീഖ് (38), തൊട്ടിയിൽ ഉബൈദ് (25), വിരുത്തിയിൽ നജീബ് (33), മണ്ണമ്പറ്റ ജെയ്ജുമോൻ (44), ചോലയിൽ അബ്ദുൽ കരീം, പുത്തൻപുരക്കൽ സജീവ് (39), മുരിക്കട സതീഷ് (39), ചെരിവിൽ ഹരീഷ് (34), ചെരിവിൽ ബിജു (41), വിരുത്തിയിൽ മുനീർ (28) എന്നിവരാണ് പിടിയിലായത്.
വനനിയമം, പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട്, കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, വനത്തിൽ അതിക്രമിച്ച് കയറൽ, ആദിവാസികൾക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഞായറാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പിടിയിലായ തൊട്ടിയിൽ ഉബൈദാണ് മധുവിനെ മർദിക്കുന്നത് വിഡിയോ പകർത്തിയതും സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും.
ഐ.ടി ആക്ട് പ്രകാരവും പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഒരേ കുടുംബത്തിൽനിന്നുള്ള ഒന്നിലധികം പേർ പ്രതിപ്പട്ടികയിലുണ്ട്. വനമേഖലയിൽ അനധികൃതമായി പ്രവേശിക്കുന്നതിന് ഒത്താശ ചെയ്ത നാല് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ഡി.എഫ്.ഒക്ക് പാലക്കാട് എസ്.പി പ്രതീഷ്കുമാർ റിപ്പോർട്ട് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.