മധുവിനെ കൊന്നത് തലക്കടിച്ചും നെഞ്ചുതകർത്തും; മരണകാരണം ആന്തരിക രക്തസ്രാവം
text_fieldsതൃശൂർ/പാലക്കാട്: അട്ടപ്പാടി കടുകുമണ്ണ ഊരിലെ ആദിവാസി യുവാവ് മധുവിെൻറ കൊലപാതകം പൈശാചിക മർദനം മൂലമെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ദൃക്സാക്ഷികൾ ഒറ്റപ്പാലം മജിസ്േട്രറ്റിനുനൽകിയ മൊഴിയിലുമാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തൽ. തലക്കടിച്ചും നെഞ്ചിൻകൂടുതകർത്തും ശരീരമാസകലം ചവുട്ടിയും തൊഴിച്ചുമാണ് ഇൗ യുവാവിെൻറ പ്രാണനെടുത്തത്. മധുവിെൻറ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു.
തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുന്നിൽ നിന്ന് പിടിച്ച് തള്ളുേമ്പാൾ തലയുടെ പിൻഭാഗം മതിലോ പാറേയാ ചുമേരാ പോലുള്ള ഉറപ്പുള്ള പ്രതലത്തിൽ ഇടിച്ചാൽ ഉണ്ടാകുന്ന തരത്തിലാണ് പരിക്ക്. ഇൗ ആഘാതം തലച്ചോറിനെ ബാധിച്ചിട്ടുണ്ട്. നെഞ്ചിൽ മർദനമേറ്റ് വാരിയെല്ല് ഒടിഞ്ഞു. ആന്തരിക പരിക്കാണ് ഏറെയും. ശരീരമാസകലം മർദനമേറ്റ പാടുണ്ട്. പൊലീസ് ലാത്തി പോലുള്ള വടികൊണ്ട് അടിേയറ്റിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിൽ സൂചനയുണ്ട്. വാരിയെല്ല് തകർന്ന ഭാഗത്തെ ശരീര പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇക്കാര്യം പ്രാഥമിക റിപ്പോർട്ടിൽ അടയാളപ്പെടുത്തി മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം പൊലീസിന് കൈമാറി.
മധുവിനെ കാട്ടിൽനിന്ന് കൊണ്ടുപോകുേമ്പാൾ വനപാലകർ ജീപ്പിൽ പിന്തുടർന്നിരുന്നുവെന്ന് സഹോദരി പറഞ്ഞിരുന്നു. പൊലീസ് ജീപ്പിൽ കൊണ്ടുപോകുേമ്പാൾ മർദനമുണ്ടാെയന്ന് നാട്ടുകാരിൽ ഒരു വിഭാഗവും ആരോപിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ പോസ്റ്റ്മോർട്ടം സൂചന നിർണായകമാണ്. വിശദാംശങ്ങളടങ്ങിയ അന്തിമ റിപ്പോർട്ടിലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ലാത്തികൊണ്ടുള്ള അടിയാെണന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നാണ് ഫോറൻസിക് വിദഗ്ധരുടെ അഭിപ്രായം.
ഫോറൻസിക് സർജൻ ഡോ. ബൽറാമിെൻറ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ഒമ്പതോെട തുടങ്ങിയ പോസ്റ്റ് മോർട്ടം മൂന്നര മണിക്കൂർ നീണ്ടു. ആരോഗ്യമന്ത്രിയുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ ശേഷമാണ് ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടം തുടങ്ങിയത്. മന്ത്രിമാരായ എ.കെ. ബാലൻ, കെ.കെ.ശൈലജ, വി.എസ്. സുനിൽകുമാർ, എം.പിമാരായ എം.ബി. രാജേഷ്, ഡോ. പി.കെ. ബിജു, കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, ഷാനിമോൾ ഉസ്മാൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് കെ. ബേബി, പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ശാന്തകുമാരി, സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, ബി.ജെ.പി. തൃശൂർ ജില്ല പ്രസിഡൻറ് എ. നാഗേഷ് എന്നിവർ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
ശനിയാഴ്ച വൈകീട്ട്് മൂന്നോടെ മൃതദേഹം അഗളി പൊലീസ് സ്റ്റേഷന് മുന്നിലെ സമരപ്പന്തലിൽ എത്തിച്ചു. മൃതദേഹവുമായി പോയ ആംബുലൻസ് മുക്കാലി ജങ്ഷനിൽ ഊരുവാസികൾ തടഞ്ഞു. െകാലപാതകികളെ നേരിൽ കാണാതെ കടത്തിവിടില്ലെന്ന് ഇവർ നിലപാടെടുത്തു. പ്രതികളുടെ ചിത്രം പൊലീസ് മൊബൈൽ ഫോൺ വഴി കാണിച്ചതോടെയാണ് പ്രതിഷേധക്കാർ ശാന്തരായത്. സംഘർഷാവസ്ഥ തീർന്നതോടെ, ചിണ്ടക്കി ആദിവാസി ഉൗരിന് സമീപത്തെ ഉൗര് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.