തലയിൽ മണൽചാക്ക്; യാചിച്ചപ്പോൾ ഒരുതുള്ളി വെള്ളം
text_fieldsപാലക്കാട്: വ്യാഴാഴ്ച രാവിലെ 10.30ഒാടെ ആൾക്കൂട്ടം ഉൾവനത്തിലെ ഗുഹാപരിസരത്തെത്തുേമ്പാൾ മധു ഭക്ഷണം പാകം ചെയ്യുകയായിരുന്നു. വിചാരണ ഇവിടെ തുടങ്ങി. അടുപ്പുകല്ലിനടുത്ത് വെണ്ണീറിൽ മുട്ടുകാലിൽ നിർത്തി മർദിച്ചു. ഗുഹക്ക് പുറത്തെ കൽക്കെട്ടിൽ ഇടിച്ച് തലക്ക് മാരക പരിക്കേറ്റു. മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് ഇൗ പരിക്കാണ്. തൊഴിയും ചവിട്ടുമേറ്റ മധുവിനെ തലയിൽ മണൽചാക്ക് കയറ്റി മുക്കാലി കവലയിലേക്ക് രണ്ട് കിലോമീറ്റർ നടത്തിച്ചു. അടികൊണ്ടും ഭാരമേറ്റിയും വലഞ്ഞ മധു വെള്ളത്തിന് യാചിച്ചപ്പോൾ കുപ്പിയിൽനിന്ന് നാക്കിലേക്ക് ഒരുതുള്ളി മാത്രം നൽകി.
സൈലൻറ് വാലി ഫോറസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിലൂടെയാണ് അക്രമികൾ മധുവിനെ കൊണ്ടുവന്നത്. കവലയിൽ എത്തുംമുമ്പേ തലയിൽനിന്ന് മണൽചാക്ക് എടുത്തുമാറ്റി. കവലയിൽ വെച്ചും മധു പ്രാണവേദനയോടെ െവള്ളം ചോദിച്ചു. കൊടുക്കരുതെന്ന് ചിലരാവശ്യപ്പെടുന്നത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ച വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ കവലയിൽനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മധു തനിക്കുണ്ടായ കൊടുംയാതനകൾ പറഞ്ഞിട്ടും പൊലീസിൽനിന്ന് നടപടിയുണ്ടായില്ല. മർദനം നടത്തിയവർക്കെതിരെ, ആദിവാസികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് എടുക്കേണ്ട വകുപ്പ് പ്രകാരം നടപടിയെടുക്കാത്തതും വിവാദമായിട്ടുണ്ട്.
അഗളി ഗ്രാമപഞ്ചായത്തിലെ ചിണ്ടക്കി ആദിവാസി ഊരിലെ ഗോത്രവർഗ പ്രമോട്ടർ സി.പി. രംഗൻ നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. ഊരുവാസികളും മജിസ്ട്രേറ്റിന് സമാനമൊഴി നൽകിയതായാണ് വിവരം. ഭക്ഷ്യസാധനങ്ങൾ നഷ്ടപ്പെടുന്നത് പതിവായപ്പോൾ പരിസരത്തെ ചില വ്യാപാരസ്ഥാപനങ്ങളിൽ സി.സി.ടി.വി സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങളിലുള്ളത് മധുവാണെന്ന ആക്ഷേപമുണ്ടായിരുന്നു. ഇതിൽ ലഭിച്ച പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല. ദൃശ്യങ്ങളിലുള്ളത് മധുവല്ലെന്ന് ആദിവാസി സംഘടനകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.