എല്ലാരും കൂടി കൊന്നില്ലേ എന്റെ മോനെ.... കണ്ണീരോടെ ആ അമ്മ...
text_fieldsഅഗളി: എന്നെങ്കിലുമൊരിക്കൽ അമ്മേ എന്ന് വിളിച്ച് മധു വീടിെൻറ വാതിൽപ്പടി കയറിവരുമെന്ന് ആ മാതാവ് വിശ്വസിച്ചിരുന്നു. അതിനായി അവർ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ, മകനെ വീട്ടിലെത്തിക്കാമെന്ന മോഹവുമായി പതിറ്റാണ്ടുകാലം ജീവിതം തള്ളിനീക്കിയ മല്ലിക്ക് മുന്നിൽ എത്തിയത് മധുവിെൻറ ചേതനയറ്റ ശരീരം. ദേഹമാസകലം മർദനമേറ്റ് ചതഞ്ഞ് മരവിച്ച മകെൻറ മൃതദേഹം കണ്ടുള്ള അമ്മയുടെ ഉള്ളുപിളർക്കുന്ന നിലവിളി കണ്ടുനിന്നവരുടെ തേങ്ങലായി.
സങ്കടപ്പെട്ട് തോറ്റുമടങ്ങാനായിരുന്നില്ല മല്ലിയുടെ തീരുമാനം. ദുഃഖം പ്രതിഷേധാഗ്നിയായി പടർന്നു. മകെൻറ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിൽ ഉറച്ച മനസ്സുമായി മല്ലി മുൻപന്തിയിൽനിന്നു. മകനെ നിഷ്കരുണം കൊലപ്പെടുത്തിയ മനുഷ്യമൃഗങ്ങളെ ഒരു നോക്ക് കാണണമെന്ന വാശിയിലായിരുന്നു അവർ.
പ്രതികളെ പിടികൂടാതെ മധുവിനെ കയറ്റിയ ആംബുലൻസ് ഒരടി മുന്നോട്ടെടുക്കാനാകില്ലെന്ന് അവർ കട്ടായം പറഞ്ഞു. ‘‘ക്രൂരമായിട്ടാണ് മകനെ തല്ലിയത്. ഉപദ്രവിച്ചവർക്കെല്ലാം മധുവിന് സുഖമില്ലെന്ന് അറിയാം. കള്ളനെന്ന് വിളിച്ച് തല്ലിച്ചതച്ച ശേഷം തലയിൽ ഭാരവും കയറ്റി കിലോമീറ്ററോളം നടത്തിച്ചു. കുറ്റക്കാരെ മുഴുവൻ പിടികൂടുംവരെ സമരമുഖത്തുതന്നെ ഉണ്ടാകും.’’ മല്ലി പറഞ്ഞു.
മനസ്സിെൻറ താളം തെറ്റി തുടങ്ങിയത് മുതൽ കൺമുന്നിൽ വരാൻ മടിച്ച മകനെ ഒരു നോക്കു കാണാനും സംസാരിക്കാനും മല്ലി നടത്തിയ ശ്രമങ്ങൾ നിരവധിയായിരുന്നു. ചെറുപ്രായത്തിൽ ഭർത്താവ് നഷ്ടമായതോടെ രണ്ട് പെൺമക്കളുള്ള കുടുംബത്തിന് മകൻ കൈത്താങ്ങാകുമെന്ന് മല്ലി വിശ്വസിച്ചു.
എന്നാൽ, കാടായിരുന്നു മധു തെരഞ്ഞെടുത്തത്. കുടുംബത്തിനും കൂട്ടുകാർക്കും മുഖം കൊടുക്കാതെ കാണാമറയത്ത് കഴിഞ്ഞുകൂടാനാണ് മധു ആഗ്രഹിച്ചത്. തനിക്ക് കാട് നൽകുന്ന സുരക്ഷ പോലും നാട്ടിൽനിന്ന് ലഭിക്കില്ലെന്ന് മധു തിരിച്ചറിഞ്ഞിരിക്കണം.
കൊലപാതകത്തിൽ പ്രതിഷേധിച്ച് നിരവധി ആദിവാസി സംഘടനകൾ രംഗത്തെത്തി. അഗളി ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധക്കാർ വഴി തടയൽ സമരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.