മധുവിന്‍റെ കൊലപാതകം: പുതിയ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: പാലക്കാട് മുക്കാലിയിൽ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ അടിയന്തരമായി നിയമിക്കാൻ നിയമ വകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമീഷൻ നിർദേശം നൽകി.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാത്തതിനാൽ കേസ് തീർപ്പാക്കുന്നതിന് താമസമുണ്ടാകുന്നെന്ന മാധ്യമ വാർത്തകളുടെയും കമീഷന് ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണ് നിർദേശം. കഴിവും ആത്മാർഥതയുമുള്ള ഒരാളെ ഉടൻ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നിയമ വകുപ്പ് സെക്രട്ടറിക്ക് നൽകിയ കത്തിൽ കമീഷൻ വ്യക്തമാക്കി. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് നിയമമന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മധുവിന്‍റെ കേസ് വാദിക്കുന്ന ദിവസം സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസ് പരിഗണിക്കവെ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിച്ചത്. കേസിൽനിന്ന് ഒഴിയാൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വി.ടി. രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ, കേസിൽനിന്ന് പിന്മാറിയിട്ടില്ലെന്നും ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്നാണ് ഹാജറാകാതിരുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടർ വി.ടി. രഘുനാഥ് വ്യക്തമാക്കി.
2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. നേരത്തേയുള്ള പബ്ലിക് പ്രോസിക്യൂട്ടർ കേസിൽനിന്ന് ഒഴിഞ്ഞിരുന്നു. പിന്നീട് ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് എറണാകുളത്തുള്ള രഘുനാഥിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. വി.ടി. രഘുനാഥ് ഹാജറാവാത്തതിനാൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാൻ ഡി.ജി.പി, സർക്കാറിനോട് ശിപാർശ ചെയ്തിട്ടുണ്ട്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമെന്ന് സഹോദരി
പാലക്കാട്: സാക്ഷികളെ സ്വാധീനിക്കാൻ പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ശ്രമിക്കുന്നതായും ചില ആളുകൾ തങ്ങളെ അപായപ്പെടുത്താൻ നീക്കം നടത്തുന്നതായി സംശയമുണ്ടെന്നും മധുവിന്‍റെ സഹോദരി സരസു. കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞാൽ, സാക്ഷികളായ രണ്ടുപേർക്ക് രണ്ടു ലക്ഷം വീതം നൽകാമെന്ന് വാഗ്ദാനവുമുണ്ടായി.
മാസങ്ങൾക്ക് മുമ്പ് അജ്ഞാത സംഘം മുഖം മറച്ച് ചിണ്ടക്കി ഊരിലെ വീടിന് സമീപമെത്തിയിരുന്നു. പേടിച്ച് മാറുകയായിരുന്നു. വിവരം പൊലീസിനെ അറിയിച്ചിരുന്നതായും സരസു വെളിപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.