മധുവിെൻറ നീറുന്ന ഓർമയിൽ ചന്ദ്രിക കാക്കിയണിയുന്നു
text_fieldsപാലക്കാട്: ഉള്ളുപൊള്ളിക്കുന്ന മധുവിെൻറ ഓർമയിൽ ചന്ദ്രിക നീതിയുടെ കാക്കിയണിയുന്നു. തിരുവനന്തപുരത്ത് 70 ആദിവാസി യുവതീയുവാക്കൾക്ക് മുഖ്യമന്ത്രി സിവിൽ പൊലീസ് ഓഫിസറായി നിയമന ഉത്തരവ് നൽകുമ്പോൾ അതിലൊരാൾ അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിെൻറ സഹോദരി ചന്ദ്രികയാണ്.
മധു കൊല്ലപ്പെട്ട ദിവസമായിരുന്നു ചന്ദ്രികയുടെ പരീക്ഷ. സഹോദരെൻറ ഓർമകളിൽ മനസ്സുനീറിയാണ് അവർ പരീക്ഷയെഴുതിയത്. പാലക്കാട് ജില്ലയിലാണ് ചന്ദ്രികക്ക് നിയമനം ലഭിച്ചത്. ജില്ല റാങ്ക് പട്ടികയിൽ അഞ്ചാമതായിരുന്നു. മധു കൊല്ലപ്പെട്ട് ഒരുമാസത്തിന് ശേഷം ചന്ദ്രികയെ സിവിൽ പൊലീസ് ഓഫിസറായി തെരഞ്ഞെടുത്ത് ഔദ്യേഗികമായി അറിയിപ്പ് ലഭിച്ചിരുന്നു.
ഫെബ്രുവരി 22നാണ് കേരളത്തെ നടക്കിയ സംഭവമുണ്ടായത്. മോഷണക്കുറ്റം ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് മധുവിനെ ഒരുകൂട്ടമാളുകൾ മർദിച്ച് അവശനാക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി പൊലീസ് വാഹനത്തിൽവെച്ചായിരുന്നു മധുവിെൻറ മരണം.
സംഭവത്തിൽ 16 പ്രതികളാണ് അറസ്റ്റിലായത്. സഹായമായി സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ മധുവിെൻറ മാതാവ് മല്ലിക്ക് നൽകി. ചന്ദ്രികയെ കൂടാതെ മറ്റൊരു സഹോദരിയും മധുവിനുണ്ട്.
74 ആദിവാസികൾ പൊലീസിലേക്ക്
തിരുവനന്തപുരം: ആദിവാസി വിഭാഗത്തിൽനിന്നുള്ള 74 പേർ ഇന്ന് പൊലീസ് സേനയുടെ ഭാഗമാവും. മാവോവാദി ഭീഷണിയും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും ഫലപ്രദമായി പ്രതിരോധിക്കുന്നതിനും ആദിവാസി വിഭാഗക്കാരെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ആദിവാസികളായ യുവതീയുവാക്കളെ പൊലീസിൽ നിയമിക്കുന്നത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനമേഖലകളിൽനിന്നുള്ള ഇവർക്ക് സ്പെഷൽ റിക്രൂട്ട്മെൻറിലൂടെയാണ് നിയമനം.
തിങ്കളാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറും. പി.എസ്.സി വഴി വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനത്തിനകത്തും വനാതിർത്തിയിലുമുള്ള പട്ടികവർഗ വിഭാഗത്തിലെ യുവതീയുവാക്കളിൽനിന്ന് 74 പേരെയാണ് ആദ്യഘട്ടത്തിൽ സിവിൽ െപാലീസ് ഓഫിസർ തസ്തികയിലേക്ക് തെരഞ്ഞെടുത്തത്. ഇവരിൽ 52 പുരുഷന്മാരും 22 വനിതകളുമാണുള്ളത്. രണ്ടുപേർ ബിരുദാനന്തര ബിരുദക്കാരും മൂന്നുപേർ ബി.എഡുകാരും ഏഴുപേർ ബിരുദധാരികളുമാണ്.
ആഗസ്റ്റ് ഒന്നുമുതൽ ഇവരുടെ പരിശീലനം തൃശൂർ പൊലീസ് അക്കാദമിയിൽ ആരംഭിക്കും. പുതുതായി സൃഷ്ടിച്ച തസ്തികകളിൽ 70 ശതമാനം വയനാടിനും 20 ശതമാനം പാലക്കാടിനും 10 ശതമാനം മലപ്പുറം ജില്ലക്കുമാണ് നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.