കാലുമാറിയ സ്ഥാനാർഥിക്ക് തിരിച്ചടി; മധ്യപ്രദേശിൽ ബി.ജെ.പിയെ മലർത്തിയടിച്ച് കോൺഗ്രസ്
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ ദമോ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. കോൺഗ്രസിലെ അജയ് ടാണ്ഡൻ ബി.ജെ.പിയിലെ രാഹുൽ ലോധിയെ 17,097 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസിലായിരുന്ന രാഹുൽ ലോധി രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ബി.ജെ.പിക്ക് മുന്നിലെത്താനായില്ല.
അതിനിടെ, ലോധിയുടെ തോൽവിക്ക് കാരണം സ്വന്തം പാർട്ടി തന്നെയാണെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ പ്രഹ്ലാദ് പട്ടേൽ രംഗത്തുവന്നു. 2018ൽ വെറും 800 വോട്ടിന് മാത്രമാണ്രാഹുൽ ലോധി വിജയിച്ചിരുന്നത്. 1990 മുതൽ ബി.ജെ.പി സ്ഥിരമായി വിജയിച്ചുവരുന്ന മണ്ഡലമാണിത്.
മുൻ മന്ത്രിയും മണ്ഡലത്തിൽനിന്ന് പലവട്ടം ബി.ജെ.പി എം.എൽ.എയുമായ ജയന്ത് മലയ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിട്ടുനിന്നതും പാർട്ടിക്ക് തിരിച്ചടിയായിരുന്നു. ലോധിയുടെ വരവ് മറ്റ് പ്രാദേശിക ബി.ജെ.പി നേതാക്കളെയും പ്രകോപിപ്പിച്ച ഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.