എല്ലാ വീട്ടിലും അടുക്കളത്തോട്ടം; ‘സമൃദ്ധി’യുമായി വീണ്ടും മാധ്യമം
text_fieldsതിരുവനന്തപുരം: കാർഷിക സ്വയം പര്യാപ്തതക്കൊരുങ്ങുന്ന കേരളത്തിന് കൈത്താങ്ങായി ‘മാധ്യമ’വും കേരള സർക്കാറും വീണ്ടും ഒന്നിക്കുന്ന മാധ്യമം ‘സമൃദ്ധി’ പദ്ധതി കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്റെയും വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെയും (വി.എഫ്.പി.സി.കെ) സംയുക്ത സഹകരണത്തോടെയാണ് മാധ്യമം ‘സമൃദ്ധി’ പദ്ധതി നടപ്പാക്കുന്നത്.
എല്ലാ വീട്ടിലും ഒരു അടുക്കളത്തോട്ടം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് ‘സമൃദ്ധി’ പദ്ധതിയുമായി മാധ്യമം. മുൻവർഷങ്ങളിലും നടത്തിയിരുന്ന പദ്ധതി ഇത്തവണയും വിപുലമാക്കുകയാണ് ലക്ഷ്യം.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് മാധ്യമം നടത്തുന്ന പ്രവർത്തനങ്ങളിൽ വളരെയധികം സന്തോഷമുണ്ടെന്ന് പദ്ധതി ഉദ്ഘാടനം നിർവഹിച്ച് കൃഷിമന്ത്രി പറഞ്ഞു. ഓരോ കുടുംബത്തെയും കണക്കിലെടുത്തുകൊണ്ട് സമൃദ്ധി പദ്ധതിക്കായി കുറേ വർഷങ്ങളായി മാധ്യമം ഇടപെടൽ നടത്തുന്നു. വലിയ വിജയത്തിലേക്ക് ആ പദ്ധതിയെ എത്തിക്കാൻ മാധ്യമത്തിനും വായനക്കാർക്കും വരിക്കാർക്കും കഴിഞ്ഞു.
സമൃദ്ധി പദ്ധതിയിലൂടെ എല്ലാ വീടുകളിലേക്കും പച്ചക്കറി വിത്തുകൾ എത്തിച്ച്, കൃഷിചെയ്ത്, വിളവെടുത്ത് അത് ഭക്ഷണശീലത്തിന്റെ ഭാഗമാക്കാനാണ് മാധ്യമം മുൻകൈയെടുക്കുന്നത്. തുടർന്നും ഈ പദ്ധതിക്ക് കൃഷി വകുപ്പിന്റെ പിന്തുണയുണ്ടാകുമെന്നും കൃഷി മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ കൃഷിവകുപ്പ് ഡയറക്ടർ അദീല അബ്ദുല്ല, കർഷക അവാർഡ് ജേതാവ് രവീന്ദ്രൻ നായർ, മാധ്യമം എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ വയലാർ ഗോപകുമാർ, മാധ്യമം തിരുവനന്തപുരം റീജനൽ മാനേജർ ബി. ജയപ്രകാശ്, ബിസിനസ് സൊല്യൂഷൻസ് മാനേജർ ജെ.എസ്. സാജുദ്ദീൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.