അക്ഷരവീട് സമർപ്പണം: ഓർമകളിൽ നിറഞ്ഞ് അശാന്തൻ
text_fieldsകൊച്ചി: ജീവിതം കലയിലൂടെ പോരാട്ടമാക്കി മാറ്റിയ ചിത്രകാരൻ അശാന്തെൻറ ഓർമകളിൽ നിറഞ്ഞ് അക്ഷരവീട് സമർപ്പണവേദി. 'മാധ്യമ'വും അഭിനേതാക്കളുെട സംഘടനയായ 'അമ്മ'യും യൂനിമണി- എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന അക്ഷരവീട് പദ്ധതിയിലുൾപ്പെടുത്തിയാണ് ഇടപ്പള്ളി പീലിയാട് വീട് യാഥാർഥ്യമാക്കിയത്.
അശാന്തെൻറ സർഗാത്മകതക്കുള്ള അംഗീകാരം നിറവേറ്റാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് സമർപ്പണ ചടങ്ങിൽ അധ്യക്ഷത വഹിച്ച 'മാധ്യമം' ജോയൻറ് എഡിറ്റർ പി.ഐ. നൗഷാദ് പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ പലരുടെയും മഹത്ത്വം വേണ്ടവിധം സമൂഹം തിരിച്ചറിയാറില്ല. വിയോഗാനന്തരം അവർ നിർവഹിച്ച ദൗത്യങ്ങൾ മനസ്സിലാക്കുമ്പോഴാണ് വേണ്ടവിധം അവരെ ഉൾക്കൊണ്ടിട്ടില്ലെന്ന് അറിയുക.
അങ്ങനെയുള്ളവരിലേക്ക് ഇറങ്ങിച്ചെന്ന് ഉത്തരവാദിത്തം നിറവേറ്റുകയെന്ന ദൗത്യമാണ് അക്ഷരവീടിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അക്ഷരവീട് സ്നേഹത്തിെൻറ താജ്മഹലാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സഹായമോ ഔദാര്യമോ ആയിട്ടല്ല, അംഗീകാരവും അവകാശവുമായിട്ടാണ് പദ്ധതി സമർപ്പിക്കുന്നത്.
51 വീട് പൂർത്തീകരിക്കുമ്പോൾ അടുത്ത ഘട്ടം വീണ്ടും തുടങ്ങണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ ലാഭമുണ്ടാക്കാമെന്ന് മാത്രം ചിന്തിക്കുന്ന ആളുകളുള്ള ഇക്കാലത്ത് അക്ഷരവീട് പോലൊരു പദ്ധതി നടപ്പാക്കുന്നത് മഹത്തരമാണെന്ന് ആദരപ്രഭാഷണം നടത്തിയ കേരള ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു.
എല്ലാവരും ഒരുമിച്ച് സഹകരിച്ചതുകൊണ്ടാണ് വീട് മനോഹരമാക്കാൻ സാധിച്ചതെന്ന് ആർക്കിടെക്റ്റ് ജാക്സൺ കളപ്പുര പറഞ്ഞു. അശാന്തെൻറ ആശയങ്ങളോടുള്ള യോജിപ്പും അദ്ദേഹത്തിെൻറ ഭാര്യ മോളിയുടെ വീടിനെക്കുറിച്ചുള്ള സങ്കൽപവുമെല്ലാം രൂപകൽപനക്ക് സഹായകമായി.
മണ്ണും മനുഷ്യനും തമ്മിെല ബന്ധത്തെക്കുറിച്ച് മലയാളിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ച കലാകാരനായിരുന്നു അശാന്തനെന്ന് 'മാധ്യമം' കൊച്ചി രക്ഷാധികാരി എം.പി. ഫൈസൽ പറഞ്ഞു. സംഗീത സംവിധായകൻ ബിജിബാൽ അക്ഷരവീട് സന്ദർശിച്ചു.
ലളിതകല അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രെൻറ ആശംസ സന്ദേശം ചടങ്ങിൽ വായിച്ചു. അശാന്തെൻറ ബന്ധുക്കളും സുഹൃത്തുക്കളും കലാസാംസ്കാരികരംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.അക്ഷരവീട് അങ്കണത്തിൽ അശാന്തെൻറ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.